2013, ഡിസംബർ 28, ശനിയാഴ്‌ച

കടലമ്മയുടെ കൊട്ടാരം



കടലോരത്തെ ആ ചെറിയ കുടിലിന്റെ മുറ്റത്ത് കൂനിക്കൂടിയ കൊന്നയുടെ ചെറിയ കൊമ്പില്‍പിടിച്ച് ദൂരെ കടലിന്റെ ഇരമ്പലിനു ചെവികൊടുക്കുകയായിരുന്നു ആ കുരുന്നു മനസ്സ്, ഉയര്‍ന്നു പൊങ്ങുന്ന തിരകള്‍ക് അന്ന് വല്ലാത്ത ഭംഗി, പതഞ്ഞു കരയിലേക് അണയുന്ന തിരകള്‍ക്ക്ഇടയിലൂടെ ഞണ്ടുകള്‍ നൃത്തം വച്ചു.

വലിയ കടല്‍ത്തിരകള്‍ അവന്റെ അച്ഛനെയും അമ്മയെയും ദൂരെ കടലമ്മയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയെന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്, നല്ല മനസ്സുള്ളവരെ കടലമ്മ കൊട്ടാരത്തില്‍ കൊണ്ടുപോകാറുണ്ടത്രെ, അവിടെ മത്സ്യകന്യകയുണ്ട്, ഇരിക്കാന്‍ രത്നങ്ങള്‍ക്കൊണ്ടുള്ള ഇരിപ്പിടം, കഴിക്കാന്‍ സ്വര്‍ണ്ണതളിക, ഹാ എത്ര രസമായിരിക്കും?

അവന്‍ ആ കുടിലിന്റെ ഉള്ളിലേക്ക് ഓടിക്കയറി, കനല്‍ കൂടിയ അടുപ്പില്‍ ഈറ്റക്കുഴല്‍കൊണ്ട് ഊതുകയായിരുന്നു അവന്റെ മുത്തശ്ശി, കുറുംമ്പുകാട്ടിയപ്പോള്‍ മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു "ഉണ്ണി അടങ്ങി ഇരുന്നാല്‍ മുത്തശ്ശി ഇപ്പോള്‍ ചോറ് ഉണ്ടാക്കിതരാല്ലോ? എന്തെ??" തലകുലുക്കി സമ്മതിച്ചിട്ട് വീണ്ടും പുറത്തേക് ഒറ്റ ഓട്ടം.

കടല്‍ ആ ഇളംമനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു, തീരത്തേക്ക് അവന്‍ ഓടി, മണല്‍പ്പരപ്പില്‍ വെറുതെ കടലിനെയും നോക്കി ഇരുന്നു, മണലില്‍ കടലമ്മയുടെ കൊട്ടാരം ഉണ്ടാക്കി, തിരകള്‍ അതിനെ തകര്‍ത്തപ്പോള്‍ കടലിനു നേരെ മുഖം കറുപ്പിച്ചു. പക്ഷെ കടലമ്മയുടെ കൊട്ടാരം അത്ഇങ്ങനെഒന്നും അല്ലായിരിക്കും അല്ലെ?? അവന്‍ പതിയെ എഴുന്നേറ്റു പിന്നെ തിരകളിലെക് ഇറങ്ങി പതിയെ പതിയെ കടലമ്മയുടെ ആ കൊട്ടാരതിലെക് നടന്നുനീങ്ങി പിന്നെ തിരകളുടെ ചുമലില്‍ ഏറി ദൂരെ കൊട്ടരതിലെക്.

"ഉണ്ണി.... ചോറ് തരാട്ടോ വാ..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ