2019, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കാലൻ

പുള്ളിക്കാരൻ രാവിലെതന്നെ പോത്തിന് കാടിവെള്ളവും കൊടുത്ത്, കുടുക്കിട്ട കയറും കഴുത്തിൽ ചുറ്റി, കോലാപ്പുരി ചെരുപ്പിട്ട കാലുകൾ നല്ല സ്റ്റൈലിൽ പോത്തിന്റെ സൈഡിലോട്ട് തൂക്കിയിട്ട് ഡ്യൂക്ക് ബൈക്കിൽ ചെത്തുപിള്ളേർ പായുന്നതുപോലെ പോത്തുമ്പുറത്ത് പാഞ്ഞുവിടാൻ നോക്കി, പോത്തിന്റെ കൊമ്പിൽ ആഞ്ഞുകറക്കിയിട്ടും ആക്സിലറേറ്റർ കൂടുന്നില്ല, പഴയ പിക്കപ്പ് പോര. സൈക്കിളുചവിട്ടുന്ന കിളവൻമ്മാരൊക്കെ ഓവർടേക്ക് ചെയ്തു പോകുന്നു, പോത്തിനേയുംകൊണ്ട് ഈ സ്പീഡിൽ പോയാൽ വല്ല KSRTCയും കയറി കാലൻ ചത്തെന്ന് പത്രത്തിൽവരും അതുകൊണ്ട് റോഡിന്റെ സൈഡുപിടിച്ച് പതുക്കെ സവാരിതുടങ്ങി.


ജനങ്ങളൊക്കെ അഡ്വാൻസ് ടെക്നൊളജിയിലായി കാലൻമാത്രം കാലങ്ങളായി പോത്തുംതള്ളി നടപ്പാണ്, പണ്ടൊക്കെയാണെങ്കിൽ മാടൻ അടിച്ചെന്നുംപറഞ്ഞ് നാട്ടുകാരെ പറ്റിച്ച് വഴിയേനടക്കുന്നവനെയൊക്കെ പൊക്കി ടാർഗറ്റ് തികയ്ക്കാമായിരുന്നു ഇപ്പൊ കാലം മാറി മാടനടിയൊക്കെ ഹാർട്ടറ്റാക്കാണെന്ന് മനുഷ്യന് മനസ്സിലായി, വെടിച്ചില്ലുപോലെ ബൈക്കിൽ കീച്ചുന്ന പിള്ളാരെ പുറകെ ഓടി കുടുക്കെറിഞ്ഞുപിടിക്കാൻ പോത്തിന് പഴയ പിക്കപ്പ്‌ പോര, ബൈക്കിൽ വച്ചുകീച്ചുന്നവന്റെ മുൻപിൽ കയറു വലിച്ചുകെട്ടി തള്ളിയിട്ട് കുറേയെണ്ണത്തിനെയൊക്കെ പൊക്കാം, എന്നാലും ഓടി നടന്ന് വേട്ടയാടിപ്പിടിക്കുന്ന സുഖം പോരാ, കയറു വലിച്ചുകെട്ടി തള്ളിയിട്ടുകൊന്നതാണെന്നൊക്കെ പരലോകത്തറിഞ്ഞാൽ ആകെ നാണക്കേടാണ്. ഛെ..


കാര്യങ്ങളാലോചിച്ച് കാലൻ സവാരി നടത്തുമ്പോളാണ് കർത്താവും കൃഷ്ണനും നബിയുമൊക്കെ രൂപക്കൂടും കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയുമൊക്കെയായിട്ട് നാടുനീളെ ബ്രാഞ്ചുകളുള്ള കോർപ്പറേറ്റുകളായി വളർന്ന കാഴ്ച്ച കാലന്റെ കണ്ണുകളിലൂടെ തുളച്ചുകയറി ചങ്കിൽ കൊണ്ടത്, കാലനാണെന്നു പറഞ്ഞാൽ നാട്ടുകാര് ചാണയ്‌ക്ക് കയറ്റും, പണ്ടേ ഒരു ഇമേജ് ഉണ്ടാക്കിയിരുന്നെങ്കിൽ സൂത്രത്തിൽ കാശുമുണ്ടാക്കി കാശിടുന്നവരെ കശാപ്പിട്ട് ജീവിക്കാരുന്നു, ഇതിപ്പോ പോത്തിന് കാടികൊടുക്കാൻപോലും പരലോകത്തൂന്ന് സഹായധനം കമ്മിയാണ്, ശാസ്ത്രം മനുഷ്യനെ കൊല്ലുന്നുണ്ട് പിന്നെ കാലന്റെ ആവശ്യമില്ലത്രേ, ഡിമാൻഡ് കുറഞ്ഞു, പരലോകത്തൂന്ന് ടെർമിനേഷൻ ലെറ്റർ കിട്ടും മുൻപേ വല്ല രൂപക്കൂടോ, കാണിക്കവഞ്ചിയോ, നേർച്ചപ്പെട്ടിയോ ഒക്കെയായി ഒതുങ്ങാൻ പറ്റിയാലേ ഇനിയുള്ള ജീവിക്കാൻ പറ്റൂ, പശുവിന്റെ അമ്മാവനാണ് പോത്തെന്നും പറഞ്ഞ് വല്ലവനും ചാണയ്‌ക്കിടുന്ന കാലം വരുന്നതിനുമുമ്പേ പോത്തിനെ വല്ല അനാഥാലയത്തിലുമാക്കണം.


കാശില്ലാതെ ജീവിക്കാൻ പാടാണ് ഹേ..

പ്രണയം


ഒരിക്കലാ കുന്നിൻ ചരിവിലൂടെ

ഇലകളിളകുന്ന വഴികളിലേറെ ദൂരം 

കരങ്ങൾ കവർന്നു നടന്ന കാലം 

മനസ്സു പകർന്ന വസന്തകാലം


അവിടെയാ വഴികളിൽ 

പ്രണയം തളിർത്തിരുന്നു 

ഇലകൾ വിരിച്ച പ്രണയ വൃക്ഷം

തണലാക്കി നമ്മൾ കഥകൾ കൂട്ടി 


കണ്ണുകൾ തമ്മിൽ സല്ലപിച്ചു 

മനസ്സുകൾ തമ്മിൽ കഥകൾ പറഞ്ഞു 

ഇരുകൈകളും കൊരുത്തു ചേർത്ത് 

ദൂരേക്കു നോക്കി നടന്ന കാലം 


ഒരിക്കലും തീരാത്ത കഥ പറയവേ 

പൊടുന്നനെ വന്നൊരു കൊടുങ്കാറ്റിലാ 

മരത്തിലെ ചില്ലകൾ അടർന്നു വീണു 

ഇലകൾ അടർന്നു മണ്ണിലണഞ്ഞു 


ഇലകൾ കൊഴിഞ്ഞു വീണ കൊമ്പിലെ 

കിളികൾ കൂട്ടമായ് പറന്നു പോയ്‌ 

പ്രണയ വൃക്ഷത്തിന്റെ വേരുകളിൽ 

ചിതലുകൾ മൺകൂടു കൂട്ടി വാണു


ഇനിയുമൊരിക്കലും തിരികെ 

വരില്ലാ വസന്ത കാലം 

ഇനിയുമീ വൃക്ഷം പൂക്കുകില്ല 

തണലിനു പോലും തളിർക്കുകില്ല 


ഉണങ്ങാതെ ഉള്ളിൽ ജീവനൊളിച്ച  

പ്രണയ വ്യക്ഷം കാലങ്ങളായ് 

ഒരിറ്റു ജീവന്റെ തുടിപ്പേറ്റുവാങ്ങ്ങുവാൻ 

തെളിനീരു തേടി വേരോടിച്ചു 


ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും 

വരുമോ വസന്തം തളിരായെങ്കിലും 

പച്ചപ്പു പുൽകുവാനാകുമോ ഈ 

വൃക്ഷത്തിൻ വേരുകൾ ബലമേകുമോ


2018, ഏപ്രിൽ 14, ശനിയാഴ്‌ച

വേദനയോടെ പ്രീയ കക്കാട്ടാറെ

(കാക്കാട്ടാറേ നീ കവർന്ന പിഞ്ചു ജീവനെ ഓർത്ത്)

തെളിനീർ തുള്ളികളായൂറിയിറങ്ങി നീ
തടയിണകളിലെ വലിയജലാശയമായ്
പിന്നെ വറ്റിയും വരണ്ടുമിഴഞ്ഞൊഴുകി
ഇരുകരയെ കുളിർക്കുന്ന വലിയ പ്രവാഹമായ്

ഒരുനാടിന്റെ നാഡിയായ്, മിടിപ്പായ്
അരഞ്ഞാണക്കെട്ടുപോലീ ഗ്രാമത്തെ
ചുറ്റിപ്പിണഞ്ഞോരു വലിയപുഴയായി
തുള്ളിച്ചാടിയൊഴുകുന്ന കക്കാട്ടാറെ

എന്റെ നാടിന്റെ ഊർജ്ജമാണു നീ
എന്റെ ഉള്ളിന്റെ കുളിരാണു നീ
തെളിനീരിൻ കുളിർത്ത ജലാശയമാണ് നീ
ഇളം മനസ്സുകൾക്ക് ആവേശമാണ് നീ

ഇരുകരയെയും നനച്ചു കുളിർത്തൊഴുകി
മാമലയുടെ ജീവവാഹിനിയായി മെല്ലെ മെല്ലെ
ദൂരെയാ പമ്പതൻ മാറിലലിയുന്ന നീ
പുണ്യജല വാഹിനിയാം കക്കാട്ടാറെ

ഉണ്ണികൾ നീരാടിവളർന്ന കക്കാട്ടാറെ
ഉണ്ണികളേ മാറിൽ താലോലിച്ച കക്കാട്ടാറെ
"കരളിനു കുളിർമ്മനൽകിയ കക്കാട്ടാറെ
കരളു പറിച്ചെടുത്തു നീ ഒഴുകിയകന്നുവോ?"

പ്രവാസത്തിന്റെ പതിനൊന്നാം വർഷത്തിൽ ഒരു തിരിഞ്ഞുനോട്ടം

നാട്ടിൽ വണ്ടിപ്പണിയും ചെയ്തു ജീവിക്കുന്ന കാലത്താണ് ഗൾഫിലേക്കുപോകാൻ ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാർക്ക് ദൈവംതമ്പുരാനായിട്ട് ഒരവസരം വച്ചുനീട്ടിയത്, അതും കപ്പലിലെ ജോലി.

സന്തോഷംകൊണ്ട് ശ്വാസംമുട്ടി ഉച്ചിയുംകുത്തിമറിയുവാനുള്ള ആവേശം ഉള്ളിൽ നിറഞ്ഞു, ഒന്നിച്ചു പഠിച്ചവരും ജോലി ചെയ്തവരും ഒരു നാട്ടുകാരുമൊക്കെയായ ഞങ്ങൾ ഒന്നിച്ചുകൂടി കൂലംകശമായ ചർച്ചകളിൽ ഏർപ്പെട്ടു, ദാസനും വിജയനുമൊക്കെ ചർച്ചകളിൽ നിറഞ്ഞാടി.

കപ്പൽ, കടൽ, വെള്ളതൊപ്പി വെള്ളകുപ്പായം, വെള്ള പാന്റ്സ് ഹയ് ഹയ് പൊളിക്കും നമ്മൾ, വണ്ടിപ്പണി പഠിച്ച നമ്മൾ എങ്ങനെ കപ്പലിൽ പണിയും? ഹെയ് ജോലിതരുന്നവനറിയില്ലേ നമ്മുടെ പരിചയം എന്തിന് പേടിക്കാൻ, ആപ്പം തൊപ്പം ഓടിനടന്ന് കിട്ടിയ കാശെല്ലാം കടംവാങ്ങി ബോംബെക്കാരൻ ഏജന്റിന്റെ പള്ളയിൽ തള്ളിയിട്ട് കടൽ കടന്നു.

വിശാലമായ ദുബായ്, അ....ടിപൊളി, കമ്പനിയിൽ ചെന്നു കയറി ചുറ്റുപാടുമൊക്കെ ഒന്നു വീക്ഷിച്ചു, നീലക്കുപ്പായമിട്ടു പൊരിവെയിലത്തു പണിയെടുക്കുന്നവനെ കണ്ടപ്പോ പാവംതോന്നി, ഓരോ മനുഷ്യരുടെ ഗതിയെ, മ്മടെ വെള്ളക്കുപ്പായവും പ്രതീക്ഷിച്ചു കയ്യുംകെട്ടി നിന്നപ്പോൾ ഒരു കിളവൻ ഭയ്യാൻ ധാ കൊണ്ടുവരുന്നു രണ്ടു ജോഡി നീല കവറോളും സ്ഫേറ്റിഷൂവും പിന്നെ എടുത്താൽ പൊങ്ങാത്ത ഒരു ചുറ്റികയും കുറെ സ്പാനറുകളും, രണ്ടുകയ്യും നീട്ടി വാങ്ങിയ ശേഷം പരസ്പരമൊന്നു നോക്കി.

നേരെ കപ്പലിലേക്ക്, മനുഷ്യന്റെ മോന്തായത്തിന്റെ വലുപ്പമുള്ള തുരുമ്പിച്ച നട്ടും ബോൾട്ടും കൂടത്തിനടിച്ചു പൊട്ടിക്കുമ്പോൾ നടുവിന്റെ ഊപ്പാട് ഇളകി, വിയർത്തുകുളിച്ചു മേലാകെ വേദനയുമായി കപ്പലിന്റെ ഫോർപീക്കിൽ കടലിലേക്കു നോക്കി കാറ്റുകൊള്ളാനിരുന്നപ്പോൾ വെള്ളക്കുപ്പായവും സ്വപ്നംകണ്ട് കടൽ കടന്നവൻ എന്നെ നോക്കി പല്ലിളിച്ചു.

ഇന്നതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം മേലനങ്ങി പണിചെയ്തു വന്നതിന്റെ ഒരു മനസ്സുഖം. പിന്നിലുള്ളതൊക്കെയും പിന്നാലെ വന്നവരെയും കൂട്ടത്തിൽ ഓടിയവരെയും മറക്കുന്നവൻ മനുഷ്യനല്ലല്ലോ?

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കലി

എരിവേനൽപക്ഷികൾ തെളിനീരൂതേടുന്ന
കരിമണ്ണിൻ കനലാഴിക്കാട്ടിൽ
ഉരുകുന്ന മനസ്സിലെ ഉമിനീരുമാത്രമായ്
അലയുന്നോരുയിർ വാടിയ വേഴാമ്പലായ്
ഉലകത്തിൽ ഉയിരോടുയർന്നു പാറുവാൻ
ചിറകുകുകൾ കരുതരായവർ മാത്രമായ്
ഉണ്ണാനു മുറങ്ങാനുമക്ഷരം നേടാനും
മടിയിൽ കനമുള്ള മേലാളർ മാത്രമായ്
ഇവിടെ തെരുവിൽ അലയുന്നായിരങ്ങൾ
പുറമ്പോക്കുഭൂവിലെ ചെറ്റക്കുടിലുകൾ
കാമത്തിൻ കഴുകൻ കണ്ണുകളിൽനിന്നും
കൗമാരത്തെ കാക്കുവാൻ പാടുപെടുന്നില്ലേ
തെരുവിൽ ചിന്തിയ ബാല്യങ്ങളും
നിങ്ങൾ വലിച്ചുകീറിയ കൗമാരങ്ങളും
നിലാവിനെ സ്വപ്നംകണ്ട കതിർ നാമ്പുകളല്ലേ?
സ്വപ്‌നങ്ങളിൽ തളിർത്ത മനസ്സുകളല്ലേ?
ഓടിച്ചു കളഞ്ഞൂനിങ്ങൾ മൊട്ടിട്ട കൗമാരങ്ങളെ
ഇറുത്തു കളഞ്ഞൂനിങ്ങൾ വിടർന്ന പൂവുകളെ
ഇലപോലും ശേഷിക്കാതെ വെട്ടിക്കളഞ്ഞുനിങ്ങൾ
ഈ ഭൂവിലെ തെരുവിൻ ബാല്യങ്ങളെ
ഇവിടെ സ്വപ്നങ്ങൾക്ക് അതിരുകൾ വീണു
ഇതളിനു കരിവിഷം മരുന്നായി മാറ്റി
ഇതാണാ ഇരുണ്ട കാലം കിനാവിനെ
കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ആത്മാവിന്‍റെ പ്രയാണം

കിടന്നകിടപ്പിൽ വടിയായി, അതൊരു ഈസി പ്രതിഭാസമായിരുന്നു പിന്നീടല്ലേ പാട്, ആത്മാവ് ആ ശരീരത്തീന്നൊന്നു വലിച്ചൂരാൻപെട്ട പാട്, കടക്കാരുടെയും വീട്ടുകാരുടെയും ചിന്താകുടുക്കുകൾ ശരീരത്തിൽ ധാരാളമായിരുന്നു പോരാത്തതിന് ചത്ത ബോഡിയിലോട്ട് ആശുപത്രിക്കാരൻ കാശൊണ്ടാക്കാൻ വച്ച ട്യൂബുകളും അണ്ണാക്കിൽ തള്ളികയറ്റിവച്ച വലിയ പൈപ്പും ഒരു വിധത്തിലാ വലിച്ചൂരി വെളിയിൽചാടിയത്.
പിന്നൊരൊറ്റ വിടീലാരുന്നു ആരോ വലിച്ചോണ്ടു പോകുന്ന പോലുള്ള വേഗത, വെടിയുണ്ട പോലത്തെ പോക്ക്, ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെകടന്ന്‌ കൊറേ ദൂരം. ഈ വേഗത ഭൂമിയിൽ കിട്ടിയിരുന്നെങ്കിൽ നാട്ടീന്ന് അമേരിക്കയിൽ പോയി മീൻവാങ്ങി തിരിച്ചുവരാൻ 10 മിനിട്ട് വേണ്ട അതെങ്ങനാ ക്ളോറിനും തുരിശും കേറ്റിയ മീനല്ല നാട്ടികിട്ടൂ, സായിപ്പിനു നൂലുവലിഞ്ഞ ബോണ്ടായും വിരലിട്ട ചായയും സേവിക്കാൻ വേണേ ഇങ്ങോട്ടും വരാട്ടോ. കയ്യെലാരോ പിടിച്ചു വലിച്ചോണ്ടാ പോകുന്നത് ഒരു ഊഹംമാത്രം. അപ്പൊ ഞാൻ സ്വയം ആ ശരീരത്തീന്നു ചാടിയതല്ലന്നു ചുരുക്ക്കം ദെ മുന്നി വിടുന്ന പുള്ളിക്കാരൻ വലിച്ചൂരികൊണ്ടോടുവാ. "കയ്യെന്നു വിഡ്രോ" ചുമ്മാ ഒച്ചയെടുത്തുനോക്കി "വിടൂല്ലടാ നിനക്കൊള്ളത് മോളി വച്ചിട്ടുണ്ട്" ഞെട്ടിപ്പോയി കർത്താവേ ഇയാളിനി കൊണ്ട് നരകത്തി തള്ളുവോ? "പള്ളീപ്പോക്കും പ്രാർത്ഥനയും വെറുതെയായോ. ഞാൻ പഠിച്ച സ്‌കൂളിനടുത്തൊരു അമ്പലമുണ്ടാരുന്നു അവിടെ ഇടക്കൊക്കെ പോയിട്ടുണ്ട് അതൊന്നു പറഞ്ഞുനോക്കിയാലോ? ഡെയിലി വീട്ടിപ്പോന്ന വഴിയിൽ ഒരു മോസ്‌കും ഉണ്ട് ചുമ്മാ കീച്ചി നോക്കിയാലോ?" വെറുതെ പിറുപിറുത്തു ചിന്തകൾ കാടുകയറിയപ്പോ കയ്യേലൊരു ഞെക്കും തന്നിട്ട് വലിച്ചോണ്ടു പോന്നവൻ അലറി "മിണ്ടാതെ വാടാ". തമ്പുരാനെ ചീറ്റി ഇതൊന്നും ഇവിടെ നടക്കൂല.
വല്യൊരു കൊട്ടാരം, വാതിൽക്കൽ പടയാളികളൊക്കെയുണ്ട് അവൻമ്മാരോക്കെ എന്നെ നോക്കി ഊറി ചിരിക്കുന്നു ദേഷ്യം വരില്ലേ? തിരിഞ്ഞു നിന്നിട്ടു പറഞ്ഞു "ഡാ ഉവ്വേ പടയാളിയൊക്കെ ആയിരിക്കാം ഒരുമാതിരി ഊറിയ ചിരി ചിരിക്കരുത്" ഹല്ല പിന്നെ. വെള്ളച്ചാട്ടം, മഞ്ഞുമല ഹോ ഇതൊരു സംഭവംതന്നെ, വഴിനീളെ ഫലങ്ങൾ നിറഞ്ഞ വൃക്ഷലതാതികൾ, "ഇതിനകത്തെങ്ങാനം വല്ല തൂപ്പുപണിയും തന്നാൽ പൊളിച്ചേനെ" വീണ്ടും കയ്യേലൊരു ഞെക്ക്. എത്തി, കൊട്ടാരത്തിനുള്ളിലെത്തി, സിംഹാസനത്തിൽ വല്യ കിരീടമൊക്കെവെച്ചൊരാൾ ഇരിപ്പുണ്ട് ആ ഹാൾ മുഴുവൻ വല്യ വല്യ ആപ്പീസർമ്മാർ. ചെന്നു കേറിയപാടെ ഒരു ഗ്ലാസ് സർബ്ബത്ത് കിട്ടി, നാട്ടിലെ കുലുക്കി സർബ്ബത്തിന്റെ കഥകളൊക്കെ ഒരുപാട് കേട്ടതാ ആ ഓർമ്മയിൽ സർബ്ബത്ത് തന്നവനെ ഒന്നു നോക്കി അവനും ഒരുമാതിരി ആക്കിയ ചിരി.
സിംഹാസനത്തിൽ ഇരിക്കുന്ന പുള്ളിക്കാരന് ഞാൻ കണ്ടിട്ടും കേട്ടിട്ടുമുള്ള ദൈവങ്ങളുടെ ഒരു ഛായയുമില്ല. ദെ ആ പുള്ളിക്കാരനും ആക്കിയ ചിരി ചിരിക്കുന്നു. ഒരു സുന്ദരി പെണ്ണുംപിള്ള ഒരുഗ്ലാസ്സിൽ എന്തോ പുള്ളിക്കാരന് കുടിക്കാൻ കൊടുത്തു, അയാളത് ഒറ്റവലിക്ക് കുടിച്ചിട്ട് അവളെ നോക്കിയൊരു ചിരി, "ഇതാക്കിയ ചിരിയല്ല അതൊരുമാതിരി ചിരിയാണല്ലോ". എന്നെ വലിച്ചോണ്ടു വന്നപോലെ ഭൂമീന്ന് ഓരോരുത്തരെയും വലിച്ചുകൊണ്ടു വന്നവന്മ്മാർ അവരവരുടെ കസ്റ്റമേഴ്സിനെ കയ്യേൽ പിടിച്ചോണ്ടു മുന്നിൽ നിൽപ്പുണ്ട്, എനിക്കുമുന്പിൽ മൂന്നാലെണ്ണം നില്ക്കുന്നു, എല്ലാവനും ചുമ്മാ നിന്നു മോങ്ങുന്നു. ഓരോരുത്തരെയായി അടുത്തൊട്ടുവിളിച്ചിട്ട് ചെവിയിലാണ് ചോദ്യം "ഇതെന്നതാ ചോദിക്കുന്നെന്നറിഞ്ഞാൽ ഒന്നു തയ്യാറെടുക്കാരുന്നു" വീണ്ടും കയ്യേലൊരു ഞെക്ക്. ധാ ആദ്യത്തവന്റെ ചന്തിക്ക് നല്ല പറപ്പൻ കീറ് കീറുന്നു, മൂന്നാലെണ്ണംകൂടി അവനെ വലിച്ചോണ്ടു പോയി. ദെ ആ പെണ്ണുംപിള്ള വീണ്ടും ഗ്ലാസ്സുമായി വന്നു, ഒറ്റവലിക്ക് അങ്ങേരത് കുടിച്ചു പിന്നെ മറ്റേ ചിരിയും.
അങ്ങനെ എന്റെ ഊഴം വന്നു ചെന്ന പാടെ ഞാനൊന്നു ചിരിച്ചു, പുള്ളിക്കാരനും വെളുക്കെ ഒരു ചിരിപാസ്സാക്കി. "ദൈവമേ, ഞാൻ പള്ളിലൊക്കെ പോകുമായിരുന്നു അമ്പലത്തിലും പോയിട്ടുണ്ട് പിന്നെ വീടിന്റടുത് ഒരു മോസ്‌ക്കുണ്ട് കുറെ മുസ്ലിം ഫ്രണ്ട്സും ഉണ്ട്, നിങ്ങളേതാ ജാതീന്നറിയില്ല ന്നാലും ആക്കിയ ചിരി ചിരിച്ചിട്ട് ചന്തിക്കടിക്കരുത് പ്ലീസ്" ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. "ഞാൻ ദൈവമല്ല" ദേഷ്യത്തോടെ പുള്ളിക്കാരൻ പറഞ്ഞു. "ദൈവമല്ല അല്ലെ? എനിക്ക് ദൈവത്തെ കണ്ടാമതി എന്നെ ദൈവത്തിനറിയാം" ഞാൻ തിരിച്ചു കീച്ചി. പുള്ളിക്കാരൻ ഞെട്ടി അടുത്തു നിന്ന ഭടന്റെ ചെവിയിൽ പറഞ്ഞു "ഡാ ഉവ്വേ ദൈവത്തിന്റാളാന്ന്" "വെറുതെ കീച്ചുന്നതാരിക്കും" ഭടനും തിരിച്ചു പറഞ്ഞു എന്നിട്ട് ഒരു വലിയ ഫയൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി, മീശയൊന്നു പിരിച്ചിട്ട് എന്നെയൊരു നോട്ടം " നീ വല്യ പുള്ളിയാണല്ലോടെ!?" ഏറുകണ്ണിട്ട് ഞാനും ഒന്നുനോക്കി, പിന്നെ ഞാൻ ചന്തിക്കൊന്നു തൊട്ടുനോക്കി "ഇന്ന് പൊളിഞ്ഞതുതന്നെ".
ആളുകളൊക്കെ എന്നെയാണല്ലോ നോക്കുന്നത്, എന്റെ ചെവീലോട്ട് ഞാൻചെയ്ത് തെറ്റുകളൊക്ക പുള്ളിക്കാരൻ തള്ളിക്കയറ്റിക്കൊണ്ടിരുന്നു "ഇതൊക്കെ ഞാൻ ചെയ്തതു തന്നെ??" ആലോചിച്ചിട്ട് തലകറങ്ങി, പുതുപ്പള്ളി പുണ്യാളനെ മനസ്സിൽ ധ്യാനിച്ച് ഒരൊറ്റചോദ്യം "തെളിവുണ്ടോ??" സിംഹാസനത്തിലിരുന്നവൻ തല ചൊറിഞ്ഞു, ഗ്ലാസ്സുമായി വന്ന പെണ്ണുംപിള്ള ഗ്ലാസും കൊണ്ട് തറയിൽ വീണു കുന്തം പിടിച്ചു നിന്ന ഭടൻ കുണ്ടിയും തല്ലി താഴെ വീണു. " തെളിവു കൊടുക്കൂ, തെളിവു കൊടുക്കൂ" മോങ്ങിക്കൊണ്ടു ലൈനിൽ നിന്നവരൊക്കെ വിളിച്ചു കൂവി. "നീ ശരിയല്ല" കലിപൂണ്ട കണ്ണുകളോടെ അയാൾ അലറി. വേലിക്കലെ മാമനെ മനസ്സിൽ ധ്യാനിച്ച് ഞാനും കാച്ചി "ഇയാള് കൂടുതലൊന്നും പറയണ്ടാ, നിങ്ങളും ധാ ആ വീണുകിടക്കുന്ന പെണ്ണുംപിള്ളയും തമ്മിൽ എന്തോ ഒന്നില്ലേ?" വീണുകിടന്ന പെങ്കൊച്ചു ചാടി എഴുന്നേറ്റു അകത്തേക്കോടി, സിംഹാസനത്തിലിരുന്നവൻ ചാടിഎഴുന്നേറ്റ് ചുറ്റുംനോക്കി. ചന്തിക്ക് അടിവാങ്ങാൻ നിന്നവരിലൊരുത്തൻ വിളിച്ചു പറഞ്ഞു "എനിക്കത് വന്നപ്പോളേ തോന്നിയതാ" ഞാൻ അവനെ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു "താമരാക്ഷണ്ണന്റെ ഡയലോഗ് തള്ളിയല്ലോടാ..."
ആകപ്പാടെ കോലാഹലം അവസാനം എനിക്ക് വിധിച്ച ശിക്ഷ "നീ അനുകരിച്ചവരെയും താങ്ങി ഭൂമിയിൽ കഴിഞ്ഞാൽ മതിയത്രേ" ഓക്സിജൻ ട്യൂബ് പിടഞ്ഞുചാടി, നേരെ പോയ ഹൃദയരേഖ വീണ്ടും വളഞ്ഞു പുളഞ്ഞു....

കളിപ്പാട്ടങ്ങളുടെ ബാല്യം


ചെറിയ ഗ്രാമത്തിൽ വളർന്നതുകൊണ്ടാകാം എന്റെ ബാല്യകാലം വലിയ ഓർമ്മകളുടെ നിറക്കൂട്ടുനിറഞ്ഞതായത്.
മലയോരഗ്രാമത്തിലെ എല്ലാ വീടുകളിലുംതന്നെ കാപ്പിയും കൊക്കോയും തെങ്ങും കവുങ്ങും പ്ലാവും മാവും ഒക്കെ ഇടകലർന്നു വളരുന്ന കുറച്ചു സ്ഥലം വീടിനോടു ചേർന്നുണ്ടാകും. അതിനിടയിലൂടെയൊക്കെ ചെറിയ റോഡുകളുണ്ടാക്കും പിന്നെ റോഡിന്റെ വശങ്ങളിൽ ചെറിയ കടകളും പെട്രോൾ പമ്പുമൊക്കെയായി ഒരു ചെറിയ ഗ്രാമംതന്നെ ആ വീട്ടുപറമ്പിൽ നിർമ്മിച്ചിട്ടുണ്ടാകും, പിന്നെ കാർഡ്ബോർഡും ചെരുപ്പുചാടും ഒക്കെക്കൊണ്ട് വണ്ടികൾ ഉണ്ടാക്കുകയായി, ഞാനും എന്റെ കൂടെപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി ആ റോഡിലൂടെ വണ്ടികളുടെ തിക്കും തിരക്കുമായി.
വലിയ ഒരു മൈസൂർ കാപ്പിയുണ്ട് അതിന്റെ ശിഖരങ്ങളിൽ ഏറുമാടം കെട്ടിയും ഊഞ്ഞാലിട്ടും (ഊഞ്ഞാലിട്ട വകുപ്പിൽ ഊഞ്ഞാല് ഉദ്ഘാടനം ചെയ്യാൻ കയറിയ അനിയന്റെ കൈയ്യൊടിഞ്ഞ കഥയുണ്ട്) അങ്ങനെ ഒരു ഉത്സവകാലമായിരുന്നു. പള്ളിക്കൂടം വിട്ടുവന്നാൽ ആദ്യം ഓടുന്നത് എന്റെ സുഹൃത്ത് ബിനോയിയുടെ വീട്ടിലേക്കാണ് അവൻ കഥാപുസ്തകങ്ങളുടെ ഒരു ലൈബ്രെറിയനാണ് ബാലരമയും ബാലമംഗളവും ബാലഭൂമിയുമൊക്കെയാണ് അന്നത്തെ നമ്മുടെ വേദഗ്രന്ഥങ്ങൾ, ഡിങ്കനും മായാവിയും കപീഷും ശക്തിമാനുമൊക്കെ അന്നു താരരാജാക്കൻമ്മാരായി വാഴുന്ന കാലമാണ്. പിന്നെ വാ പൂട്ടി മിണ്ടാതെ തമാശ പറഞ്ഞുതരുന്ന ഒരു പപ്പൂസും ചിത്രകഥയിലെ താരമായിരുന്നു.
ഈ കഥയൊക്കെ ഞാൻ പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല, ജനിച്ചുവീഴുമ്പോത്തന്നെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് മക്കളെ കൈപിടിച്ചു നടത്തുന്ന മാതാപിതാക്കൾ, ലോകമെന്തെന്ന് അറിയുന്നതിനു മുൻപേ മക്കൾക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ വരും തലമുറയുടെ സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിലവർഷങ്ങൾകഴിയുമ്പോ നാം നേരിട്ടു കാണേണ്ടതായിവരും. അപ്പോൾ പശ്ചാത്തപിച്ചിട്ട് എന്തു കാര്യം?? മണ്ണിന്റെ മണമുള്ള ബാല്യത്തോളം അടച്ചമുറിയിൽ വളരുന്നവരുടെ ബാല്യകാലം ആസ്വാദ്യമാകില്ല. ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും വില മറ്റൊരുതലത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു..