2015, ഡിസംബർ 16, ബുധനാഴ്‌ച

സീതത്തോട്‌


(ഇതൊരു ചരിത്ര രേഖയല്ല, ജനിച്ചുവളര്ന്ന മണ്ണിനെക്കുറിച്ചുള്ള രണ്ടുവാക്ക് അത്രമാത്രം)

പത്തനംതിട്ടയില്നിന്നും ഏകദേശം 36 കിലോമീറ്റര് മണ്ണാരക്കുളഞ്ഞിയും വടശേരിക്കരയും പിന്നിട്ട് പെരുനാട് വഴിയോ മണിയാര് വഴിയോ ചിറ്റാറു കടന്ന് മുന്പോട്ടുപോകുമ്പോള് സീതത്തോടിന്റെ പച്ചപ്പിലേക്ക് നമ്മള് പ്രവേശിക്കുകയായി.

ചിറ്റാറില് നിന്നും സീതത്തോട്ടിലേക്ക് കടക്കുവാന് കുറെ വര്ഷങ്ങള്ക്കുമുന്പ് ഒരു ചെറിയ ചപ്പാത്ത് മാത്രമാണുണ്ടായിരുന്നത്, വലിയ ഒരു മഴപെയ്താല് ആ കുഞ്ഞു ചപ്പാത്ത് നിറഞ്ഞുകവിഞ്ഞ് പുറംലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. ചപ്പാത്തിനു തൊട്ടടുത്തായി ഒരു കമ്പിപ്പാലമുണ്ടായിരുന്നു കാല്നട യാത്രക്കാര്ക്ക് ആ പുഴ മുറിച്ചുകടക്കുവാന് പണ്ടെങ്ങോ നിര്മ്മിച്ച ഒരു പാലം ഈ പറഞ്ഞതൊക്കെയും ഇന്നുവെറും ഓര്മ്മകളിലേക്ക് ഒതുങ്ങിക്കൂടി കാരണം, ഇവിടെ ഇപ്പോള് ചിറ്റാറിനെയും സീതത്തോടിനെയും ബന്ധിപ്പിക്കുന്ന ഒരു തരക്കേടില്ലാത്ത പാലമുണ്ട്.

വര്ഷങ്ങള്ക്കു മുന്പ് ഈ കാണുന്ന വഴികളൊക്കെ വെറും നടപ്പാതകള് മാത്രമായിരുന്നു, സീതത്തോട്ടിലെ ആദ്യകാല കര്ഷകര് തലച്ചുമടായി കൃഷിവിഭവങ്ങള് പെരുനാട്ടിലെക്കും മറ്റും വില്പ്പനക്കായി കൊണ്ടുപോയിരുന്ന കാനനപാതകള്.

ശുദ്ധവായുവിന്റെ തറവാടായ പത്തനംതിട്ടജില്ലയുടെ കിഴക്കുഭാഗത്ത് സീതത്തോടെന്ന ഈ കൊച്ചുഗ്രാമം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, റോഡിന്റെ ഇരുവശത്തുനിന്നും അല്പം ചരിഞ്ഞു പരസ്പരം പുണര്ന്നുനില്ക്കുന്ന റബ്ബര് മരങ്ങള്ക്കിടയിലൂടെ ഈ നാടിന്റെ പച്ചപ്പിലേക്ക് കടന്നുചെല്ലുമ്പോള് ചരിത്രങ്ങളും ഐതീഹ്യങ്ങളും ഉറങ്ങുന്ന ഒരു പുണ്യ ഭൂമിയിലെക്കാണ് തങ്ങള് എത്തിപ്പെട്ടതെന്നു പല സഞ്ചാരികളും അറിയാതെപോകുന്നു എന്നത് ഒരു വലിയ യാഥാര്ത്ഥ്യംതന്നെയാണ്.

സീതാദേവിയുമായി സാമ്യമുള്ള ഈ നാടിന്റെ പേരുതന്നെ അതിന്റെ ചരിത്രത്തിന്റെയും ഐതീഹ്യത്തിന്റെയും ഭാഗമാണെന്നു എത്ര സഞ്ചാരികള് മനസ്സിലാക്കിയിട്ടുണ്ടാകാം? ലവ കുശന്മ്മാര് വിദ്യഅഭ്യസിചെന്നു കരുതപ്പെടുന്ന ഗുരുനാഥന്മണ്ണും, സീതാദേവിയുടെ ജീവിത ഘട്ടങ്ങളില് ഏറെ പ്രാധാന്യമര്ഹിക്കുന്ന സീതക്കുഴിയും, സീതമുടിപ്പാറയും ഒക്കെ ഈ നാടിന്റെ പരിശുദ്ധിയുടെ നിറങ്ങള് ചാലിച്ച മണ്തരികളാണ്, സീതാദേവിയെ തന്റെ മാറിലേക്ക് ഭൂമീദേവി ചേര്ത്തണച്ച സ്ഥലമാണ് സീതക്കുഴി എന്ന് കരുതിപ്പോരുന്നു, ഇന്നും സീതക്കുഴിയില് പ്രകൃതിതന്നെ ഒരു ക്ഷേത്രസമാനമായി നിര്മ്മിച്ച ആ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നുണ്ട്. സീത താണുപോയ ആ സ്ഥലത്തുകൂടി ഒഴുകുന്ന തോടിനു “സീതത്തോട്” എന്ന് പേരായി.

ക്രൈസ്തവ വിശ്വാസങ്ങളില് യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമസ് അപ്പോസ്തോലന്റെ പാദസ്പര്ശമേറ്റ ഭൂമിയാണ് സീതത്തോട്ടിലെ നിലക്കല് എന്നും കരുതിപ്പോരുന്നു, തോമാശ്ലീഹാ സ്ഥാപിച്ചതെന്നു കരുതുന്ന നിലക്കല് പള്ളിയും ഈ നാടിന്റെ പ്രത്യേകതയാണ്. ലോക ചരിത്രത്തില്തന്നെ ആദ്യത്തെ എക്യുമിനിക്കല് ദൈവാലയമാണ് നിലക്കല് പള്ളിയെന്ന് അധികമാര്കും അറിയില്ല.

ശബരിമലയും വാവരുപള്ളിയുമൊക്കെ സീതത്തോട്ടില്നിന്നും ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്നു. അയ്യപ്പസ്വാമിയുടെ പുണ്യപൂങ്കാവനത്തിന്റെ ഏറിയ പങ്കും സീതത്തോട്ടിലാണ്.

പണ്ടെങ്ങോ ആരാധനാലയങ്ങളുടെ പേരില് മനുഷ്യര് ഈ നാട്ടില് കലഹിച്ചിരുന്നു പക്ഷെ, ഇന്ന് ഈ നാട് മറ്റൊന്നാണ് ഇവിടെ മതങ്ങളെക്കാള് മനുഷ്യനെ സ്നേഹിക്കുന്ന ഒരുസമൂഹം ജീവിക്കുന്നു, ഒരു ക്രൈസ്തവ കണ്വെന്ഷനില് പ്രസംഗിക്കുന്ന ഹൈന്ദവ നേതാവിനേയോ മുസ്ലിം സഹോദരനെയോ കണ്ടിട്ടുണ്ടെങ്കില് അത് ഈ നാട്ടില് മാത്രമാണു, ഇവിടെ ഉത്സവങ്ങള്ക്കോ പെരുനാളുകള്ക്കോ മതമില്ല മനുഷ്യര് മാത്രം.

പണ്ട് പന്തളം ഭരിച്ചിരുന്ന കോയിക്കല് രാജാക്കന്മ്മാര് ഭരണ സൌകര്യത്തിനായി നാട്ടുരാജ്യത്തെ രണ്ടായി തിരിച്ചിരുന്നു, പന്തളവും സമീപ പ്രദേശങ്ങളും ഉള്പ്പെടുന്ന വലിയകോയിക്കലും രാജ്യത്തിന്റെ കിഴക്കുഭാഗങ്ങള് ഉള്ക്കൊള്ളിച്ച് കൊച്ചുകോയിക്കലും, അതില് കൊച്ചുകോയിക്കലില് ഉള്പ്പെടുന്ന പ്രദേശമാണ് സീതത്തോട് ഉള്പ്പെടുന്ന ഈ ദേശം. 

കേരളത്തിന്റെ ജലവൈദ്യുത ഭൂപടത്തില് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് സീതത്തോട് ശബരിഗിരിയും കക്കാടും ഉള്പ്പെടുന്ന മൂന്നോളം ജലവൈദ്യുത പദ്ധതികളും അതിനോട് അനുബന്ധിച്ചുള്ള നിരവധി ഡാമുകളും തുരങ്കങ്ങളും കൂറ്റന് പൈപ്പുകളുമൊക്കെ ഈ മണ്ണിന്റെ സൌന്ദര്യം കുറേകൂടി വര്ധിപ്പിക്കുന്നു. 

ആങ്ങമൂഴിയില്നിന്ന് വഴി രണ്ടായി പിരിയുകയാണ് ഒന്നില് നിലയ്ക്കലും ശബരിമലയുമൊക്കെ ഉള്പ്പെടുന്ന പുണ്യഭൂമി മറ്റൊന്ന് മൂഴിയാറും കക്കിയും ആനത്തോടും കൊച്ചുപമ്പയും താണ്ടി സഞ്ചാരികളുടെ പറുദീസയായ ഗവി വഴി വണ്ടിപ്പെരിയാറിലേക്കും തെക്കടിയിലെക്കുമൊക്കെ നീണ്ടുപോകുന്ന മറ്റൊരു വശ്യമനോഹരമായ കാനന പാത. ഡാമുകള്ക്കു മുകളിലൂടെ മൂടല്മഞ്ഞിനെ കീറിമുറിച്ച് ഗവിയിലെക്കുള്ള ആ യാത്ര വാക്കുകള്ക്കൊണ്ട് വര്ണ്ണിക്കാവുന്നതിലും ഒരുപാട് ഒരുപാട് സുന്ദരമാണ്..