2015, ജൂൺ 27, ശനിയാഴ്‌ച

പാലായനം..



ഓട്ടോമൊബൈല്‍ തീയറിയും കക്ഷത്തില്‍ തിരുകി ഉത്തരേന്ത്യയില്‍ മൂന്നുവര്‍ഷം നിരങ്ങി അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് പണിയും ഉടായിപ്പുമൊക്കെ വശമാക്കി 2007 ഡിസംബര്‍ മാസം പകുതിയോടുകൂടെ ഗള്‍ഫ്‌ എന്ന സ്വപ്നവുമായി കുറെ കൂട്ടുകാരോടൊപ്പം ബോംബെക്ക് വണ്ടി കയറി.

പ്രതീക്ഷകള്‍ ഒരു കുന്നുപോലെ മനസ്സിലും കണ്ണിന്‍മുമ്പിലുമായി തിളങ്ങി നിന്നു, കൂടെ പഠിച്ച കൂട്ടുകാര്‍ക്കൊപ്പം പ്രതീക്ഷകളുടെ ലോകത്തേക്കുള്ള യാത്ര, പേടി തോന്നിയില്ല എല്ലാവരും ഉണ്ടെല്ലോ എന്ന ഒരു വിശ്വാസം. ബോംബെയില്‍ വണ്ടിയിറങ്ങി ട്രാവല്‍ ഏജെന്‍റ്റിന്‍റെ അടുത്തേക് വച്ചുപിടിച്ചു, നാട്ടില്‍നിന്നു പറഞ്ഞുറപ്പിച്ച പ്രകാരം 40,000 രൂപ ബാഗിനുള്ളില്‍ കരുതിയിട്ടുണ്ട് അതൊരു നെഞ്ചിടിപ്പായിരുന്നു, ഏതെങ്കിലും ഒരുത്തന്‍ അടിച്ചോണ്ട് ഓടിയാല്‍ പ്രതീക്ഷകള്‍ ഓട്ടവീണ പാത്രത്തിലെ വെള്ളമാകുമല്ലോ എന്നുള്ള ചങ്കിടിപ്പ്.

നേരെ ഒരു ലോഡ്ജിന്‍റെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് എജെന്റ് നടന്നപ്പോള്‍ തിരിഞ്ഞൊന്നു നോക്കി മനസ്സില്‍ ചോദിച്ചു എത്രദിവസം ഇവിടെ കിടക്കേണ്ടി വരുമെടാ തെണ്ടിന്നു. അതൊരു ചോദ്യംതന്നെയായിരുന്നു, അവിടെ കിടക്കേണ്ടി വന്നു 15 ദിവസത്തോളം. ഒറ്റമുറിക്കുള്ളില്‍ നിരത്തിയിട്ട ശവങ്ങളെപ്പോലെ പത്തിരുപതെണ്ണം, ഒറ്റ കക്കൂസും, അതിനകത്തോട്ട് തിരിഞ്ഞു നോക്കാന്‍ മനശക്തിയില്ലായിരുന്നു.

ഓരോ ദിവസം കഴിയുമ്പോള്‍ ഓരോരുത്തരുടെതായി വിസ വന്നു ഒറ്റക്കും പെട്ടക്കും അക്കരയ്ക്കു പോക്കൊണ്ടിരുന്നു എന്‍റെ വിസ വരുന്നതും കാത്ത് പട്ടിണിയെ കൂട്ടിനു വിളിച്ച് അവിടെ കുത്തിയിരുന്നു. പണ്ട് ബൈബിളില്‍ ഒരു കഥ വായിച്ചിട്ടുണ്ട് യോര്‍ദ്ധാന്‍ നദി ദൈവദൂദന്‍ കലക്കുമ്പോള്‍ അതില്‍ ആദ്യമിറങ്ങുന്ന ആള്‍ക്ക് രോഗശാന്തി ലഭിക്കും പക്ഷെ എല്ലാവര്ക്കും ഒറ്റയടിക്ക് ചാടാന്‍ പറ്റില്ലല്ലോ? എന്‍റെ നമ്പര്‍ വരുന്നതും കാത്ത് അവിടെ കുത്തിയിരുന്നു.

പഠിച്ചത് ഓട്ടോമൊബൈല്‍ അക്കരെ ചെയ്യാന്‍ പോകുന്ന പണി കപ്പലിന്‍റെയാണ് എന്തുകുന്തം ചെയ്യുവോ എന്തോ? കയറിപ്പോയവനോക്കെ എവിടാണോ എന്തോ? ചിന്തകള്‍ കാടുകയറി, ഒരുരാത്രി സഹമുറിയന്‍റെ ബാഗും പാസ്സ്പ്പോര്‍ട്ടുമായി ഒരു പിത്രുശൂന്യന്‍ ഓടിയപ്പോ 40000 സൂക്ഷിച്ച ബാഗ്‌ തലയിണയായി വച്ചുറങ്ങിയ എന്‍റെ അടിവയറ്റില്‍ തീക്കുണ്ടം പുകഞ്ഞു. അതും കെട്ടിപ്പിടിച്ച് രണ്ടു ദിവസംകൂടെ നടന്നു. പിന്നെ എന്‍റെ നമ്പര്‍ വന്നു. 40000 അവന്‍റെ പെട്ടിയില്‍ നേര്ച്ചയിട്ടിട്ട് ബോംബെ വിമാനതാവലതിലെക്ക്

എമിരേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കുള്ള യാത്ര, ഈശ്വരാ മറ്റൊരു രാജ്യം, കൂട്ടിനു ഒരുതെണ്ടിയുമില്ല, ഒരു വിധത്തില്‍ ദുബായി വിമാനതാവളത്തിനു പുറത്തെത്തി, വിസയും പൊക്കിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു, എന്‍റെ പേരെഴുതിയ ബോര്‍ഡും പിടിച്ച് ആരെങ്കിലും നില്‍പ്പുണ്ടോ? എവിടെ ഒരു തെണ്ടിയുമില്ല,വൈകുന്നേരം 5:30 മുതല്‍ 07:30 വരെ തേരാപ്പാരാനടന്നു കാലും നടുവും കഴച്ചു, പേടി മനസ്സില്‍ തളംകെട്ടി ആരോട് പറയാന്‍ ആരോട് ചോദിക്കാന്‍? എങ്ങോട്ടുപോകാന്‍?

ഒടുവില്‍ മനസ്സും ശരീരവും തളര്‍ന്ന് അവിടെ ഒരു കസേരയില്‍ ഇരുന്നു, ചുറ്റും നോക്കിയുള്ള ഇരുപ്പ്, അല്പം മാറി ഒരു പട്ടാണി ഉറങ്ങുന്നു, അവന്‍റെ മുമ്പിലൂടെ മൂന്നാല് റൌണ്ട് വച്ചു ഇനി അവനെങ്ങാനും എന്നെ കാത്ത് ഇരിക്കുവാനെങ്കിലോ? കണ്ണു തുറന്ന പട്ടാണി എന്‍റെ വിസ വാങ്ങിച്ച് തിരിച്ചും മറിച്ചും ഒന്നുനോക്കി എന്നിട്ട് രണ്ടു തെറിയും "എന്നെ നോക്കി അവന്‍ മണിക്കൂറുകളായി ഇരിക്കുകയാണത്രെ" അവന്‍റെ അപ്പന്‍ വീട്ടില്‍ തുമ്മി തുമ്മി മൂലം വേദനിച്ചുകാണും അത്രയ്ക്ക് മനസ്സില്‍ തിരിച്ച് തെറിവിളിച്ചു അല്ലാതെ നിവര്‍ത്തിയില്ലല്ലോ?

ഒരു ലോടാക്ക് നിസ്സാന്‍ സണ്ണി കാറില്‍ ദുബൈലൂടെ, പ്രകാശ മുഖരിതമായ ദുബൈക്ക് ഭംഗി ഏറെയാണെന്ന് മനസ്സ് പറഞ്ഞു, പോകെ പോകെ വെട്ടവുമില്ല വെളിച്ചവുമില്ല, ഈ തെണ്ടി കൊല്ലാന്‍ കൊണ്ടുപോകുവാണോ നേരത്തെ പോയവന്‍മ്മാരൊക്കെ എവിടാണോ കര്‍ത്താവേ, മണിക്കൂറുകള്‍ ഓടി ഫുജൈറയിലെ ഒരു പട്ടിക്കാട്ടില്‍ ലേബര്‍ ക്യാമ്പിനുള്ളിലെക്ക്. തുള്ളി വെള്ളം കുടിച്ചിട്ടില്ല, ആ തെണ്ടി ഒട്ടു ചോദിച്ചുമില്ല.

ക്യാമ്പില്‍ ഇറങ്ങി ചുറ്റുപാട് ഒന്നു നോക്കി, മൊത്തത്തില്‍ ഒരു ആട്ടിന്‍ കൂടിന്റെ ലുക്ക്‌, ആട്ടിന്‍ പുഴുക്കയുടെ മണവും, ഒരു ബംഗാളിയാണ് ക്യാമ്പ്ബോസ്സ്, ഒരു മെത്തയും തലയിണയുമൊക്കെ തന്നു ഒരു റൂമും കാട്ടിത്തന്നു, മൂട്ടയുടെ കോളനി രണ്ടുനില കട്ടിലുകളുടെ സംസ്ഥാന സമ്മേളനം ജെനറേറ്റര്‍ ഓണ്‍ ചെയ്തു വച്ചപോലെ കൂര്‍ക്കം വലിച്ചുറങ്ങുന്ന കുറെ ഭൈയ്യാന്മ്മാര്‍, ശബ്ദമുണ്ടാക്കാതെ പതിയെ മുകളിലത്തെതട്ടില്‍ അന്നുരാത്രി ഉറങ്ങാന്‍ കിടന്നു നാട്ടില്‍നിന്നു മാറിയ 30 ദിര്‍ഹംസുമായി.

ഉറങ്ങിയില്ല, ഉറങ്ങാന്‍ കഴിയില്ലല്ലോ? കൂടെയുണ്ടായിരുന്ന ഒരുത്തനെയും കണ്ടിട്ടുമില്ല, അതൊരു തുടക്കമായിരുന്നു, പാഠമായിരുന്നു. ജീവിതം എന്താണെന്ന് പഠിച്ച ദിനരാത്രങ്ങള്‍. 7 വര്ഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നും ബുദ്ധിമുട്ടായിരുന്നില്ല നന്മ്മയുടെ പടിവാതിലുകളിലെക്കുള്ള കുഴഞ്ഞ മണ്ണിലൂടെയുള്ള ഓട്ടം അത് അനിവാര്യമായിരുന്നു എന്ന് മനസ്സ് പറയുന്നു... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ