2013, ഡിസംബർ 29, ഞായറാഴ്‌ച

ഭാര്യ


വിയര്‍ത്തു നാറിയ ശരീരവുമായാണ്‌ അയാള്‍ മണിയറയിലേക്ക് കടന്നുവന്നത്, അവളുടെ അരികില്‍ ഇരുന്നപ്പോള്‍ അവള്‍ക് മനം പുരട്ടി വന്നു, കട്ടന്‍ ബീഡിയുടെയും പട്ടചാരയത്തിന്റെയും കലര്ന്നഗന്ധം വായില്‍ നിന്നും ഒഴുകി ഉയര്‍ന്നു, താലി ചാര്‍ത്തിയ പുരുഷന്റെ ആദ്യ സ്പര്‍ശം തീപ്പൊള്ളല്‍ പോലെ അവള്‍ക്കു തോന്നി, പാറക്കല്ലുകള്‍ മേലാകെ വാരി എറിഞ്ഞ പ്രതീതി.

വിവാഹത്തിന് മുന്പ് വരെ പെണ്‍കുട്ടിയുടെ അവകാശം മാതാപിതാക്കള്‍ക്, അവിടെ അവള്‍ക് അഭിപ്രായങ്ങള്‍ ഇല്ല അവളുടെ താല്പര്യങ്ങള്‍ക്ക് വിലയില്ല, താലി കഴുത്തില്‍ വീണാല്‍ പിന്നീട് ആ അധികാരം ഭാര്താവിലേക്ക് കൈമാറപ്പെടുന്നു, അവിടെ അവളുടെ ജീവിതം ആരംഭിക്കുന്നു അടിമയെപ്പോലെ, ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്,

അതിരാവിലെ തന്നെ അവള്‍ തന്റെ പുതിയ വീടിന്റെ ജോലിത്തിരക്കുകള്‍ ഏറ്റെടുത്തു, പുതിയ ചുറ്റുപാടുകള്‍, പുതിയ മുഖങ്ങള്‍, രാവിലത്തെ ചായയില്‍ തന്നെ കൈപ്പുണ്യത്തിന്റെ പെരില്ലുള്ള യുദ്ധം ആരംഭിച്ചു,അതൊരു തുടക്കം മാത്രമായിരുന്നു, പിന്നീട് പതിയെ പതിയെ പലരെയും പോലെ അവളും അടിമകളുടെ ലോകത്തെ ഒരു അന്തേവാസിയായി മാറി.

ഭര്‍ത്താവിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങി അയാളെ കൂടുതല്‍ കൂടുതല്‍ സ്നേഹിച് ആ ഭാര്യ ജീവിതത്തിലെ അവളുടെ വേഷം നന്നായി അഭിനയിച്ചു. ഈ  തിരശീലയിലെ നായകന്‍ വില്ലനും മദ്യപാനിയും ആയപ്പോള്‍ അയാളോട് മറുത്തുനില്‍ക്കുവാന്‍ ശേഷി ഇല്ലാത്ത അടിമയായി അവള്‍.

ഒടുവില്‍ മദ്യം അയാളുടെ ജീവന്‍ കവര്‍ന്നപ്പോള്‍ അവിടെയും അവള്‍ക് പുതിയ പേര് വീണു പുതിയ സ്ഥാനവും വിധവ. ഇനി വെള്ള പുതച്ച മൌന നാടകം.

2013, ഡിസംബർ 28, ശനിയാഴ്‌ച

കടലമ്മയുടെ കൊട്ടാരം



കടലോരത്തെ ആ ചെറിയ കുടിലിന്റെ മുറ്റത്ത് കൂനിക്കൂടിയ കൊന്നയുടെ ചെറിയ കൊമ്പില്‍പിടിച്ച് ദൂരെ കടലിന്റെ ഇരമ്പലിനു ചെവികൊടുക്കുകയായിരുന്നു ആ കുരുന്നു മനസ്സ്, ഉയര്‍ന്നു പൊങ്ങുന്ന തിരകള്‍ക് അന്ന് വല്ലാത്ത ഭംഗി, പതഞ്ഞു കരയിലേക് അണയുന്ന തിരകള്‍ക്ക്ഇടയിലൂടെ ഞണ്ടുകള്‍ നൃത്തം വച്ചു.

വലിയ കടല്‍ത്തിരകള്‍ അവന്റെ അച്ഛനെയും അമ്മയെയും ദൂരെ കടലമ്മയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയെന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്, നല്ല മനസ്സുള്ളവരെ കടലമ്മ കൊട്ടാരത്തില്‍ കൊണ്ടുപോകാറുണ്ടത്രെ, അവിടെ മത്സ്യകന്യകയുണ്ട്, ഇരിക്കാന്‍ രത്നങ്ങള്‍ക്കൊണ്ടുള്ള ഇരിപ്പിടം, കഴിക്കാന്‍ സ്വര്‍ണ്ണതളിക, ഹാ എത്ര രസമായിരിക്കും?

അവന്‍ ആ കുടിലിന്റെ ഉള്ളിലേക്ക് ഓടിക്കയറി, കനല്‍ കൂടിയ അടുപ്പില്‍ ഈറ്റക്കുഴല്‍കൊണ്ട് ഊതുകയായിരുന്നു അവന്റെ മുത്തശ്ശി, കുറുംമ്പുകാട്ടിയപ്പോള്‍ മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു "ഉണ്ണി അടങ്ങി ഇരുന്നാല്‍ മുത്തശ്ശി ഇപ്പോള്‍ ചോറ് ഉണ്ടാക്കിതരാല്ലോ? എന്തെ??" തലകുലുക്കി സമ്മതിച്ചിട്ട് വീണ്ടും പുറത്തേക് ഒറ്റ ഓട്ടം.

കടല്‍ ആ ഇളംമനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു, തീരത്തേക്ക് അവന്‍ ഓടി, മണല്‍പ്പരപ്പില്‍ വെറുതെ കടലിനെയും നോക്കി ഇരുന്നു, മണലില്‍ കടലമ്മയുടെ കൊട്ടാരം ഉണ്ടാക്കി, തിരകള്‍ അതിനെ തകര്‍ത്തപ്പോള്‍ കടലിനു നേരെ മുഖം കറുപ്പിച്ചു. പക്ഷെ കടലമ്മയുടെ കൊട്ടാരം അത്ഇങ്ങനെഒന്നും അല്ലായിരിക്കും അല്ലെ?? അവന്‍ പതിയെ എഴുന്നേറ്റു പിന്നെ തിരകളിലെക് ഇറങ്ങി പതിയെ പതിയെ കടലമ്മയുടെ ആ കൊട്ടാരതിലെക് നടന്നുനീങ്ങി പിന്നെ തിരകളുടെ ചുമലില്‍ ഏറി ദൂരെ കൊട്ടരതിലെക്.

"ഉണ്ണി.... ചോറ് തരാട്ടോ വാ..."

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഒരു മിടിപ്പ്


ഒരു മിടിപ്പ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ, പാതി അടഞ്ഞ കണ്ണുകളും ചോരയില്‍ കുതിര്‍ന്ന ശരീരങ്ങളും ഒരുനോക്കെ കണ്ടുള്ളൂ പിന്നീട് കണ്ണുകള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ആരൊക്കെയോ ചെവിയില്‍ എന്തൊക്കെയോ പറയുന്നു ഒന്നും വ്യക്തമല്ല അതോ ഞാന്‍ ശ്രദ്ധിക്കാത്തത്കൊണ്ടാണോ?

അല്പം ദൂരെ മങ്ങിയകാഴ്ചയില്‍ തകര്‍ന്ന ഒരു മോട്ടോര്‍സൈക്കിള്‍ ഞാന്‍ കണ്ടു ബസിന്റെ മുന്‍ചക്രം പാതി കയറിയ നിലയില്‍, അതെങ്ങനാ ഇന്നത്തെ തലമുറയ്ക്ക് പതിയെ പോകാന്‍ അറിയില്ലല്ലോ? മിന്നായം പോലെ അല്ലെ സ്കൂട്ടറില്‍ പായുന്നത്? ഒരോരുത്തന്റെ ഒക്കെ പോക്ക് കണ്ടാലോ മറ്റൊരാള്‍ക്കും വഴി നടക്കാന്‍ പോലും പറ്റുല്ല.

ചോര കണ്ടതുകൊണ്ടാണോ എനിക്ക് തല കറങ്ങുന്നു കണ്ണുകള്‍ക്ക് മങ്ങല്‍, ശരീരത്തില്‍ മുള്ളുകള്‍ കുത്തിക്കയറുന്ന വേദന, ഞാന്‍ വീണു കിടക്കുകയാണല്ലോ, ചോര കണ്ടാല്‍ ആദ്യമാണല്ലോ ഇങ്ങനെ? ആരൊക്കെയോ എന്നെ പിടിചെഴുന്നെല്‍പ്പിച്ചു അവരില്‍ ഒരാള്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടു "ട്രിപ്പിള്‍ ആരുന്നു രണ്ടെണ്ണം തീര്‍ന്നു ഇത് മൂന്നാമത്തെതാ." ഇരുട്ട് കണ്ണുകളില്‍ പടര്‍ന്നു പിന്നെ ഒരു വെളിച്ചം മിന്നി മറഞ്ഞു.

2013, ഡിസംബർ 23, തിങ്കളാഴ്‌ച

നമ്മുടെ മക്കള്‍

വൃദ്ധ സദനത്തിന്റെ വാതില്‍ക്കലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു ആ മനുഷ്യകോലങ്ങള്‍ , ഒരുകാലത്ത് അരമുറുക്കി മണ്ണിനോടു പടവെട്ടിയ രണ്ടു മനുഷ്യശരീരങ്ങള്‍, നാല് തൂണില്‍ നിന്ന കൂരയെ കൊട്ടാരമാകുവാന്‍ സ്വന്തം മക്കളെ ചെമ്പില തണലില്‍ കിടത്തി മണ്ണിനോട് പടവെട്ടിയവര്‍, അക്ഷരം എന്തെന്നറിയില്ലെങ്കിലും അക്ഷരങ്ങളുടെ കൊടുമുടിയിലേക്ക മക്കളെ കൈപിടിച്ച് നടത്തിയ രണ്ടു ദേഹങ്ങള്‍.

പൂര്‍ണ്ണതയുടെ പരിപൂര്‍ണ്ണതയില്‍ അസ്ഥിയിന്‍മ്മേല്‍ തോലു മാത്രം അവശേഷിക്കുമ്പോള്‍ വലിച്ചെറിയപ്പെട്ടു ഈ വാതില്പടികളിലേക്ക്, പക്ഷെ അന്നും പതിവുപോലെ അവര്‍ കുറെ അധികം സംസാരിച്ചു ചിരിച്ചു പിന്നെ ഉറക്കം കണ്ണുകളില്‍ തലം കെട്ടിയപ്പോള്‍ അയാള്‍ ചോദിച്ചു "നമ്മുടെ മക്കള്‍ ഉറങ്ങിക്കാണും അല്ലെ?".

കോളാമ്പി

മ്പുകൊണ്ട് ചുവരുണ്ടാക്കി കരിഓയിൽ തേച്ചു പിടിപ്പിച്ച ഒരു സിനിമാകൊട്ടക, ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിൽ അങ്ങുമിങ്ങുമായി കുറെ മാടക്കടകൾ, ഒന്നുരണ്ടു ജൌളിക്കടകൾ, ഒരു ബേക്കറി, പിന്നെ പാലത്തിനോട്‌ ചേർന്ന് ഒരു സമ്പന്നന്റെ അന്നത്തെക്കാലത്തെ സുപ്പർമാര്ക്കറ്റ്, പണി നടന്നുകൊണ്ടിരുന്ന ഒരു പവർഹൌസ്, ഉന്തുവണ്ടിയും തള്ളിനടന്ന ഒരു കപ്പലണ്ടി കച്ചവടക്കാരന്‍, ഇതൊക്കെയായിരുന്നു എന്റെ ഏറ്റവും പഴയ ഓര്മ്മകളുടെ ചിതലരിച്ചു തുടങ്ങിയ ഭാണ്ടക്കെട്ടുകൾ വലിച്ചു തുറന്നപ്പോൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നത്.

സിനിമാകൊട്ടക ഇന്നില്ല അവിടെ ഒരു വർക്ക്‌ഷോപ്പ്, മനുഷ്യന് നടക്കാൻ സ്ഥലം ഇല്ലാത്തപോലെ കെട്ടിടങ്ങൾ, ഉന്തുവണ്ടിന്നു പറഞ്ഞാല്‍ എന്താണെന്നുപോലും ഇന്നത്തെ തലമുറയ്ക്ക് അറിയില്ലതപോലെ, പവർഹൌസ് വന്നതോടെ ആ ഏരിയ അങ്ങ് തെളിഞ്ഞു, പതഞ്ഞു തുള്ളി പുറത്തേക്കു വരുന്ന വെള്ളം കാണാനും ഒരു ഭംഗിയൊക്കെ, എന്തൊക്കെയായാലും പാലത്തോട് ചേര്ന്ന ആ കട ഇന്നും അങ്ങനെ തന്നെ..

സിനിമ ഒരുപാട് ഓടിയിരുന്നു ആ സിനിമാകൊട്ടകയിൽ പുറത്തോട്ട് ഒരു കോളാമ്പിയും വച്ചിരുന്നു, ശബ്ദരേഖ കേള്ക്കാൻ മാടക്കടയിൽ ഇരുന്നവരും ചിലരുണ്ട്. ഒരുകാലത്ത് ടിക്കറ്റ്‌ കൌണ്ടെറിൽ നല്ല ഒരു ക്യൂ ഉണ്ടായിരുന്നു. മലയാള സിനിമ പ്രദിസന്ധിയിൽ ആയപ്പോൾ. സിനിമാകൊട്ടകയും കഴുത്തിൽ പിടിവീണപോലെ ആയി, എങ്കിലും വീണുകൊടുത്തില്ല ഷക്കീല ചേച്ചി രക്ഷിച്ചു മാന്യമായി ക്യൂ നിന്നവരുടെ തലയിൽ മുണ്ട് വീണു, പിന്നെ പുറത്തോട്ട് വച്ച കോളാമ്പി അഴിച്ചു മാറ്റി, അല്ലെങ്കിൽ ശബ്ദരേഖ കേള്ക്കാൻ ആള് കൂടിയാലോ??

എന്തിനേറെ പറയണം നാട് ആകെ മാറി, പ്രവാസി എന്ന ഒരു പ്രത്യേകതരം രോഗം കൂടി പിടിപെട്ടപ്പോൾ എന്നെ പോലെ ഉള്ള പലര്ക്കും ഓരോ പോക്കിലും നാട് മാറി മാറി മാറി...അങ്ങനെ എന്തരോ വരട്ടെ..

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പ്രകൃതി



ചന്ദന മുട്ടികൾ തീ ജ്വാലകളാൽ അലങ്കരിക്കപെട്ടു,
ചന്ദനത്തിരിയുടെയും കർപ്പൂരതിന്റെയും ഗന്ധം പ്രകൃതിയെ സുഗന്ധപൂരിതമാക്കി, സര്വ്വ ജീവജാലങ്ങളും ഒരു നിമിഷം ആ ഭംഗിയും ഗന്ധവും ആസ്വദിച്ചപ്പോൾ, ഒരു ആയുസ്സുമുഴുവൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ച ഒരു മനുഷ്യ ശരീരം ചന്ധനമുട്ടിയോടൊപ്പം അലിയുന്നുണ്ടായിരുന്നു പ്രകൃതിയിലേക്ക്.