2015, നവംബർ 27, വെള്ളിയാഴ്‌ച

ഉപജീവനത്തിനുള്ള പോരാട്ടം

ചുവപ്പു കലര്ന്ന വര്ണ്ണങ്ങളില് ഇലകള് കൊഴിഞ്ഞു വീണു കിടക്കുന്ന ആ ഇടവഴിയിലൂടെ ദൂരെ, മരങ്ങള്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങളെ നോക്കി അലക്ഷ്യമായ മനസ്സുമായി നടന്നപ്പോള്, വിദൂരതയിലുള്ള നാടും അതിന്റെ കുളിര്ത്ത ഓര്മ്മകളും പതിയെ പതിയെ അയാളുടെ മനസ്സിനുള്ളില് ചേക്കേറിത്തുടങ്ങിയിരുന്നു.

തണുത്ത കാറ്റും, നുരഞ്ഞുപതഞ്ഞൊഴുകുന്ന പുഴകളും, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ പാടവും, നീട്ടിയ ചൂളംവിളിയും കാതടപ്പിക്കുന്ന മിടിപ്പുമായി നീണ്ടുനിവര്ന്നു പായുന്ന തീവണ്ടിയും അങ്ങനെ അങ്ങനെ കണ്ണില് പതിഞ്ഞ ദൃശ്യങ്ങളുടെ ഒരു വലിയ കലവറ ആ മനസ്സിനുള്ളില് പതഞ്ഞുപൊങ്ങി.

നീട്ടിയുള്ള ഒരു മണിനാദം മനസ്സില്നിന്നും കാതുകളിലേക്ക് മുഴങ്ങിയപ്പോള് അയാള് തന്റെ പള്ളിക്കൂടത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു, പഴയ ഒരുപാട് മുഖങ്ങള് കണ്മുന്പിലൂടെ  എതിരെയും വശങ്ങളിലും ഒക്കെയായി നടന്നു നീങ്ങുന്നു. പെട്ടന്ന് മനസ്സ് ഒന്നറച്ചു, നീട്ടിയ ചൂരല് വടിയുമായി എതിരെ നടന്നുവരുന്ന രാഘവന് മാഷ്. ഒരു നിമിഷം ചിന്തിച്ച ശേഷം മുഖത്തുവിരിഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ മനസ്സിലെ ആ ഭയവും തട്ടിയുണര്ത്തി അയാള് ഓര്മ്മകളുടെ ലോകത്ത് പള്ളിക്കൂടത്തിന്റെ വരാന്തയില്നിന്നും തന്റെ ഗ്രാമത്തിന്റെ നടുമുറ്റത്തേക്ക് ഇറങ്ങിനിന്നു പിന്നെ ചുറ്റും ഒന്നു നോക്കി.

നീണ്ട പാലം, ഇളകി കുഴിഞ്ഞ റോഡ്, തുള്ളിയാടി ഓടുന്ന ഓട്ടോറിക്ഷകള്, ദൂരെ ആല്മരത്തിന്റെ തണലില് കൂട്ടംകൂടി ലോകപ്രശ്നങ്ങളില് ആധികാരിക ചര്ച്ചകള് നടത്തുന്നു ഒരു കൂട്ടം ആളുകള്, പുറത്തേക്കു കൂര്പ്പിച്ച കോളാമ്പിയില് ഉള്ളിലെ സിനിമയുടെ കഥ നാട്ടാരെ കേള്പ്പിക്കുന്ന ഓലകെട്ടിമറച്ച ഒരു സിനിമാകൊട്ടക, ഉന്തുവണ്ടിയില് കപ്പലണ്ടിവറത്തു വില്ക്കുന്ന ഒരു പ്രായമായ മനുഷ്യന്, അങ്ങനെ ഓര്മ്മകളുടെ ഒരു വലിയ വസന്തം മനസ്സില് കൊടിയേറി.

ഉത്സവവും പള്ളിപ്പെരുനാളും ഒരുമനസ്സോടെ ആഘോഷിക്കുന്ന ഒരു സമൂഹം,, നിറവും പ്രകാശവും നിറഞ്ഞ ഘോഷയാത്രകള്, ഓം കാരവും, ബാങ്കുവിളിയും, പ്രാര്ഥനാ ഗാനങ്ങളും മുഴങ്ങി കേള്ക്കാവുന്ന കൊച്ചുഗ്രാമം... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തുനിന്നും വൈദ്യുദി വിളക്കുകളിലെക്കുള്ള യാത്രക്കിടയില് എന്റെഗ്രാമം ഒരുപാട് മാറ്റങ്ങള്ക്കു വഴിതെളിച്ചു..

ഓര്മ്മകളുടെ ലോകത്ത് നീട്ടിച്ചവിട്ടി നടന്നപ്പോള് മരുഭൂമിയില് മനുഷ്യന് നിര്മ്മിച്ച തണല്മരങ്ങളും താണ്ടി മണല്പരപ്പിലൂടെ അയാള് തന്റെ പ്രവാസ ലോകത്തെ ഇടുങ്ങിയ ചുവരുകള്ക്കുള്ളില് എത്തിയിരുന്നു, ഇനി ഒന്നു കുളിക്കണം നീണ്ടുനിവര്ന്ന് ഒന്നുറങ്ങണം. ഓര്മ്മകള്ക്ക് വിശ്രമം കൊടുത്ത് നാളെ വീണ്ടും ചുട്ടുപൊള്ളുന്ന വെയിലില് ഉപജീവനത്തിനുള്ള പോരാട്ടം...

മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം

മതസൌഹാർദത്തിനു ലോകത്തിനുതന്നെ മാതൃകയായ നാടാണ് നമ്മുടെ മലയാളക്കര. മതങ്ങൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്ന ഒരു ചങ്ങലയാക്കി തീർക്കുവാൻ നമ്മുടെ പൂർവീകർ ശ്രമിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ, മതങ്ങളുടെ പേരിൽ മനുഷ്യൻ പരസ്പരം മുഖം കറുപ്പിക്കാതിരിക്കുവാൻ, നമ്മുടെ മുൻതലമുറ മുൻകൂട്ടി നിശ്ചയിച്ച ചിലആചാരങ്ങളാവാം നാമിന്നു പിന്തുടരുന്ന പലതും.

നഗ്നപാദരായി അയ്യപ്പസ്വാമിയെ വണങ്ങുവാൻ മലച്ചവിട്ടുന്ന അയ്യപ്പന്മ്മാർ എരുമേലിയിൽ വാവരു പള്ളിയിൽ കയറുമ്പോൾ അവിടെ മതത്തിന്റെ മതിൽക്കെട്ടില്ല, മലച്ചവിട്ടിയ അയ്യപ്പൻമ്മാർ അർത്തുങ്കൽ പള്ളിയുടെ കുളത്തിൽ കുളിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ മുന്പിൽ മാലയൂരുമ്പോൾ അവിടെയും മതത്തിന്റെ മതിൽക്കെട്ടുകളില്ല.

പിന്നെ ആരാണ് നമുക്കിടയിൽ ഈ അതിർവരമ്പുകൾ വലിച്ചുകെട്ടുന്നത്? എന്റെയും നിങ്ങളുടെയും രക്തം ഒന്നുതന്നെയല്ലേ? ഞാനും നിങ്ങളും ശ്വസിക്കുന്നത് ഈശ്വരൻ വരദാനം തന്ന വായുവല്ലേ? ഈ ലോകത്തെ സൃഷ്ട്ടിച്ച ഈശ്വരൻ തന്നിൽ വിശ്വസിക്കാതവർക്ക് പോലും ഈ വായുവും ഭക്ഷണവും വിലക്കുകൽപ്പിചിട്ടില്ലല്ലോ? 

ഭിന്നതകളില്ലാതെ  മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം ഇനി സാധ്യമോ?

ചൂരല്‍വടി

ചൂരല്‍ വടിയുടെ ചുംബനം ഏറ്റുവാങ്ങിയ കൈകള് തുടക്കിടയില് തിരുകി സാറിന്റെ മുഖത്തുനോക്കി "പിന്നെ കണ്ടോളാട്ടോ" എന്ന ഭാവത്തില് കണ്ണു നിറഞ്ഞിരുന്ന ആ സ്കൂള് കാലഘട്ടം.

ചന്തിക്ക് തല്ലും വാങ്ങിച്ചിട്ട് ബഞ്ചിലിരുന്നു നിരങ്ങിയും അനങ്ങിയും വേദനമാറ്റിയ ആ ബാല്യം ഓര്ക്കാത്തവരുണ്ടോ?

ആ തല്ലൊക്കെ നമുക്കിട്ടു വച്ചുവിളക്കിയത് നമ്മുടെ നന്മക്കുവേണ്ടിയാണെന്ന് വളര്ന്നുകഴിഞ്ഞപ്പോള് നമുക്ക് തോന്നിത്തുടങ്ങി, അധ്യാപകരോടുള്ള ഭയത്തോടു കൂടെയുള്ള ആ പഴയ ബഹുമാനം ആരാധനയായി മാറിയിരിക്കുന്നു.

ജീവിത വഴിയാത്രയില് ഓരോ ഘട്ടങ്ങളിലും വിളക്കായി ശോഭിച്ച അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുന്നു.

കുട്ടിപിശാച്

ഞാൻ മൂന്നാം ക്ലാസ്സിൽ പടിക്കുംമ്പോളാണെന്നു തോന്നുന്നു, 

ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ഒരു ഓലി ഉണ്ട് ഉച്ചക്ക് കഞ്ഞിയും പയറും തട്ടിവിട്ട ശേഷം കുട്ടികളെല്ലാവരും ഈ ഓലിയിൽനിന്ന്  വെള്ളവും കുടിച്ച് പാത്രവും കഴുകി ക്ലാസ്സുകളിലേക്കും കളിസ്ഥലത്തേക്കുമൊക്കെ മടങ്ങും, ഒരുദിവസം ഓലിയിൽ വെള്ളം കോരാൻ നിൽക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ( ഒരു കുട്ടിപിശാച് ) അവിടെ ഇടിയും തല്ലുമൊക്കെയായി മിണയ്ക്കുന്നു  വിട്ടുകൊടുക്കാൻ പറ്റുവോ? കുനിച്ചു നിർത്തി എന്റെ കുഞ്ഞു കൈമുട്ടുവച്ച് അവന്റെ ഇളം കൂമ്പിനു ചറപറ ഇടികൊടുത്തു. 

ഇടിയൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ ആരോ പറഞ്ഞു "ഡാ അവൻ നമ്മുടെ ക്ലാസ്സിലെ ഒരു പെങ്കൊച്ചിന്റെ ആങ്ങളയാ ഇടിക്കണ്ടായിരുന്നു" "വേണ്ടാരുന്നു അല്ലെ?", വൈകിട്ട്  വീട്ടിൽ ചെന്നപ്പോ ആ കുട്ടിപിശാച് എന്റെ അനിയന്റെ ക്ലാസ്സ്മേറ്റാണെന്ന സത്യവും ബോധ്യമായി. 

കാലം കടന്നുപോയി, പതിയെ പതിയെ അവൻ ഒരു സുഹൃത്തായി മാറി, ഇപ്പോൾ ഈ പ്രവാസലോകത്തും അവനെ  കൂട്ടായി കിട്ടി, പോകെ പോകെ ഇപ്പൊ എന്ത്  നെറികേടിനും ആ കുട്ടിപിശാച് എന്നോടൊപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക്  ആ തെണ്ടി പഴയ ഇടിയുടെ കഥ ആളുകള് കൂടുമ്പോ വിളിച്ചുപറയാറുണ്ട്.

നേരെ ചൊവ്വേ ഇടിക്കാൻ അന്നുപറ്റിയില്ല, ഇനി എന്റെ കൊച്ചിനെക്കൊണ്ട് അവന്റെ കൊച്ചിന്റെ കൂമ്പിനു 4 കുത്ത് കുത്തിച്ചാലെ എനിക്കൊരു സമാധാനമാകു...

2015, നവംബർ 17, ചൊവ്വാഴ്ച

വ്രദശുദ്ധിയുടെ നാളുകൾ

മണ്ഡലകാലം തുടങ്ങിയതുകൊണ്ടാകാം, ഇന്നലെ സ്വപ്നത്തിൽ നാട്ടിലെ ഓർമ്മകളുടെ ചെപ്പ് തുറന്നുവീണത്, നഗ്നപാദരായി ഇരുമുടിക്കെട്ടും ശിരസ്സിൽ വഹിച്ച് ഭക്തിയോടെ നടന്നു നീങ്ങുന്ന അയ്യപ്പന്മ്മാർ, പൂമാലയും ചന്ദനവുമൊക്കെ പൂശി ചീറിപ്പായുന്ന വാഹനങ്ങൾ, അധികം തിരക്കൊന്നുമില്ലാതെയിരുന്ന എന്റെ ഗ്രാമം തിരക്കേറിയ നഗരതെക്കാൾ ജനനിബിഡമായിരിക്കുന്നു. 

നീട്ടിയ ശംഖുവിളി എവിടെയോ മുഴങ്ങി കേൾക്കുന്നു, ശരണ മന്ത്രങ്ങൾ കേൾക്കുന്നില്ല, ഉച്ചത്തിൽ മുഴങ്ങുന്ന ആ വലിയ ശംഖിന് താളത്തിൽ ചുറ്റുപാടുമുള്ള മലകളിൽനിന്നൊക്കെ ചെറിയ ശംഖുമുഴക്കങ്ങളും കേൾക്കുന്നു, മനസ്സ് ഒരു നിമിഷം നിശ്ചലമായി ശംഖുമുഴങ്ങുമ്പോൾ കൂടെ ശരണം വിളി ഉണ്ടാകണമല്ലോ? ഇതെന്താ ഇങ്ങനെ? കിഴക്കേമലയിൽ നിന്നു കേൾക്കുന്ന ശംഖിന്റെ നാദം ഒരു താളമില്ലായിമ പോലെ. ഞാൻ ഞെട്ടിയുണർന്നു, ഓ സ്വപ്നമായിരുന്നോ? പ്രവാസ ലോകത്തെ കുടുസ്സുമുറിയിൽ തന്നെ, കൂടെ റൂമിലുള്ള കാക്കാ നീട്ടി കൂർക്കം വലിക്കുന്നു, കൂട്ടിന് മറ്റുള്ളവന്മ്മാരും ഏറ്റു വലിക്കുന്നു, ഒരുത്തന്റെ വലി അത്ര പോര നാളെ രാവിലെ അവനു പറഞ്ഞുകൊടുക്കാമെന്നു മനസ്സിൽ ഉറപ്പിച്ച് കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി.

... ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമായി നിർത്തുന്ന വ്രദശുദ്ധിയുടെ നാളുകൾ എല്ലാവര്ക്കും ആശംസിക്കുന്നു...