2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഇരുളിന്റെ നിഴല്‍ക്കൂത്ത്



ഇരുട്ടുപടര്‍ന്നു തുടങ്ങിയിരുന്നു, വലതുതോളില്‍ ജീര്‍ണിച്ച ഒരു ഭാണ്ടവും ഇടതു തോളില്‍ പ്രീയതമയുടെ ചേതനയറ്റ ശരീരവുമായി  ഗവര്‍ന്മെന്റ് ആശുപത്രിയുടെ വരാന്തയില്‍നിന്നും ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് തകര്‍ന്നുവീണിരുന്നു.

ഇന്നലെവരെയുള്ള വഴിയാത്രയില്‍ കിതച്ചുനിന്നപ്പോളൊക്കെ ഒരു കൈത്താങ്ങായി അവള്‍ കൂടെയുണ്ടായിരുന്നു, ഇനി എങ്ങോട്ട്? ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ പ്രിയതമയുടെ മണ്കൂടാരവും തോളിലിട്ട്‌ എത്രദൂരം? മക്കള്‍ ഇല്ലാഞ്ഞിട്ടാണോ അല്ല, നാലുപെരുണ്ട് പക്ഷെ സമ്പത്ത് ബന്ധങ്ങളില്‍ നിഴല്‍പടര്‍ത്തിയപ്പോള്‍ മാതാപിതാക്കള്‍ പുറത്തായി.

ഇരുളിന്റെ  നിഴല്‍ക്കൂത്ത് മനസ്സില്‍ നൃത്തംചവിട്ടി തുടങ്ങിയപ്പോളെക്കും  ആരോക്കെയോ അയാളുടെ അടുത്ത് കൂടിയിരുന്നു, അപരിചിതരുടെ കരുതലില്‍ ഭാര്യയുടെ ശരീരം പോതുശ്മശാനത്തില്‍ മറവു ചെയ്യുമ്പോള്‍ കണ്ണുനീര്‍ അയാളുടെ കാല്‍പാദങ്ങളെ നനച്ചുതുടങ്ങിയിരുന്നു.  ഇടറിയ മനസ്സുമായ് പടിയിറങ്ങുമ്പോള്‍ നാളെയുടെ സൂര്യനിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

പ്രതീക്ഷ അസ്തമിച്ച കണ്ണുകളുമായി ദൂരെ ശ്മശാനവാതിലിലെ വെളിച്ചത്തിലേക് നോക്കി ഇരുന്നപ്പോള്‍, ഓര്‍മ്മകള്‍ യുവത്വത്തിലേക്ക് തിരികെ ഊളിയിട്ടു, പ്രണയകാലം മുതല്‍ ഇങ്ങോട്ട് താളുകള്‍ മറിഞ്ഞു, മക്കള്‍ വീടിന്റെ പടിയടച്ച താളുകളിലൂടെ കടന്നപ്പോളെക്കും, ഉറക്കം ആ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു, ഭാരമേറിയ കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു.  

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഒരു പ്രണയമുണ്ടായിരുന്നു

ഒരു പ്രണയമുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളില്‍, സ്വര്‍ണ്ണത്താലത്തില്‍ ചില്ലുകൂടിട്ട് അടച്ചുവച്ച പ്രണയം. പള്ളിക്കൂടത്തിന്റെ നീണ്ടവരാന്തയില്‍ ചമ്രം പടഞ്ഞിരുന്ന്‍ പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കോരിക്കുടിക്കുംപോള്‍ ഏറുകണ്ണിട്ട് നോക്കാറുണ്ടായിരുന്നു ആ വട്ടമുഖക്കാരിയെ, രണ്ടായിപിന്നിയിട്ട മുടിയും നെറ്റിയിലെ ചന്ദനക്കുറിയും എല്ലാം ഉള്ളിന്റെഉള്ളില്‍ ഒരു നനവ്‌ പടര്‍ത്തിയിരുന്നു പ്രണയത്തിന്റെ അതി തീവ്രമായ ഒരു നനവ്.

കൈത്തണ്ടയില്‍ എന്റെ പേര് ഒരിക്കല്‍ അവള്‍ എഴുതിവച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ എന്നെ അസൂയയോടെ നോക്കി. പെരുമഴയത്ത് ഒരു കുടക്കീഴില്‍ എന്നെ മുറുക്കെ പിടിച്ച് അവള്‍ നടക്കുമ്പോള്‍ ആ മുഖത്ത് കൊടുമുടി കീഴടക്കിയവളുടെ സന്തോഷം നിഴലിച്ചിരുന്നു. സ്കൂള്‍ വരാന്തയിലെ ഓടിന്റെ ഇടയിലൂടെ നൂലുപാകി ഒഴുകിവീണ മഴത്തുള്ളികളെ നോക്കി ഹൃദയം കൈമാറിയ ആ കൊച്ചു ദിനങ്ങള്‍..

കണ്പോളകളില്‍ അവളുടെ ചിത്രം അലിഞ്ഞു ചേര്‍ന്നിരുന്നു, ഉറക്കത്തിലെ ചിരിയും വര്‍ത്തമാനവും വീട്ടുകാര്‍ക്കും തെല്ല് പരിഭവം ഉണര്‍തിയിട്ടുണ്ടാവണം. ഒരുപാട് പൂക്കാലങ്ങള്‍ വന്നു മറഞ്ഞിട്ടും ഞങ്ങളുടെ പ്രണയം മരവിചിരുന്നില്ല, ആ നാട്ടിലെ കുഞ്ഞു കുട്ടികള്‍ മുതല്‍ പടുകിളവന്മ്മാര്‍ പോലും അസൂയാലുക്കളായി മാറിയ പ്രണയം.

കാലം അണപൊട്ടി ഒഴുകിയപ്പോളും, സമൂഹം വലിയ മതില്‍ക്കെട്ടുകളായി പ്രതിസന്ധി തീര്‍ത്തപ്പോളും ചങ്കുറപ്പോടെ നിന്ന അവളെ കൈവിടാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, അതിനു കഴിയുമായിരുന്നില്ല. ജീവനും മരണവും അവളുമാത്രമാണെന്ന് മനസ്സില്‍ ഉറപ്പിച്ച കാലം. യുവത്വത്തിന്റെ ചുടു രക്തം സിരകളില്‍ തിളച്ചുമറിഞ്ഞ ആ കാലം.

സ്വര്‍ണ്ണതാലത്തിലെ ചില്ലുകൂട്ടില്‍ ഞാന്‍ സൂക്ഷിച്ച പ്രണയത്തെ കല്ലുകീറിഅടുക്കിയ കുഴിമാടതിലേക് വലിച്ചെറിഞ്ഞിട്ട് അവള്‍ മറ്റൊരാളുടെ കൈപിടിച് നടന്നപ്പോള്‍ പണ്ട് പ്ലാവിലകുമ്പിളില്‍ കോരിക്കുടിച്ച കഞ്ഞിപോലും തികട്ടി വന്നുപോയി...