2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കലി

എരിവേനൽപക്ഷികൾ തെളിനീരൂതേടുന്ന
കരിമണ്ണിൻ കനലാഴിക്കാട്ടിൽ
ഉരുകുന്ന മനസ്സിലെ ഉമിനീരുമാത്രമായ്
അലയുന്നോരുയിർ വാടിയ വേഴാമ്പലായ്
ഉലകത്തിൽ ഉയിരോടുയർന്നു പാറുവാൻ
ചിറകുകുകൾ കരുതരായവർ മാത്രമായ്
ഉണ്ണാനു മുറങ്ങാനുമക്ഷരം നേടാനും
മടിയിൽ കനമുള്ള മേലാളർ മാത്രമായ്
ഇവിടെ തെരുവിൽ അലയുന്നായിരങ്ങൾ
പുറമ്പോക്കുഭൂവിലെ ചെറ്റക്കുടിലുകൾ
കാമത്തിൻ കഴുകൻ കണ്ണുകളിൽനിന്നും
കൗമാരത്തെ കാക്കുവാൻ പാടുപെടുന്നില്ലേ
തെരുവിൽ ചിന്തിയ ബാല്യങ്ങളും
നിങ്ങൾ വലിച്ചുകീറിയ കൗമാരങ്ങളും
നിലാവിനെ സ്വപ്നംകണ്ട കതിർ നാമ്പുകളല്ലേ?
സ്വപ്‌നങ്ങളിൽ തളിർത്ത മനസ്സുകളല്ലേ?
ഓടിച്ചു കളഞ്ഞൂനിങ്ങൾ മൊട്ടിട്ട കൗമാരങ്ങളെ
ഇറുത്തു കളഞ്ഞൂനിങ്ങൾ വിടർന്ന പൂവുകളെ
ഇലപോലും ശേഷിക്കാതെ വെട്ടിക്കളഞ്ഞുനിങ്ങൾ
ഈ ഭൂവിലെ തെരുവിൻ ബാല്യങ്ങളെ
ഇവിടെ സ്വപ്നങ്ങൾക്ക് അതിരുകൾ വീണു
ഇതളിനു കരിവിഷം മരുന്നായി മാറ്റി
ഇതാണാ ഇരുണ്ട കാലം കിനാവിനെ
കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ആത്മാവിന്‍റെ പ്രയാണം

കിടന്നകിടപ്പിൽ വടിയായി, അതൊരു ഈസി പ്രതിഭാസമായിരുന്നു പിന്നീടല്ലേ പാട്, ആത്മാവ് ആ ശരീരത്തീന്നൊന്നു വലിച്ചൂരാൻപെട്ട പാട്, കടക്കാരുടെയും വീട്ടുകാരുടെയും ചിന്താകുടുക്കുകൾ ശരീരത്തിൽ ധാരാളമായിരുന്നു പോരാത്തതിന് ചത്ത ബോഡിയിലോട്ട് ആശുപത്രിക്കാരൻ കാശൊണ്ടാക്കാൻ വച്ച ട്യൂബുകളും അണ്ണാക്കിൽ തള്ളികയറ്റിവച്ച വലിയ പൈപ്പും ഒരു വിധത്തിലാ വലിച്ചൂരി വെളിയിൽചാടിയത്.
പിന്നൊരൊറ്റ വിടീലാരുന്നു ആരോ വലിച്ചോണ്ടു പോകുന്ന പോലുള്ള വേഗത, വെടിയുണ്ട പോലത്തെ പോക്ക്, ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെകടന്ന്‌ കൊറേ ദൂരം. ഈ വേഗത ഭൂമിയിൽ കിട്ടിയിരുന്നെങ്കിൽ നാട്ടീന്ന് അമേരിക്കയിൽ പോയി മീൻവാങ്ങി തിരിച്ചുവരാൻ 10 മിനിട്ട് വേണ്ട അതെങ്ങനാ ക്ളോറിനും തുരിശും കേറ്റിയ മീനല്ല നാട്ടികിട്ടൂ, സായിപ്പിനു നൂലുവലിഞ്ഞ ബോണ്ടായും വിരലിട്ട ചായയും സേവിക്കാൻ വേണേ ഇങ്ങോട്ടും വരാട്ടോ. കയ്യെലാരോ പിടിച്ചു വലിച്ചോണ്ടാ പോകുന്നത് ഒരു ഊഹംമാത്രം. അപ്പൊ ഞാൻ സ്വയം ആ ശരീരത്തീന്നു ചാടിയതല്ലന്നു ചുരുക്ക്കം ദെ മുന്നി വിടുന്ന പുള്ളിക്കാരൻ വലിച്ചൂരികൊണ്ടോടുവാ. "കയ്യെന്നു വിഡ്രോ" ചുമ്മാ ഒച്ചയെടുത്തുനോക്കി "വിടൂല്ലടാ നിനക്കൊള്ളത് മോളി വച്ചിട്ടുണ്ട്" ഞെട്ടിപ്പോയി കർത്താവേ ഇയാളിനി കൊണ്ട് നരകത്തി തള്ളുവോ? "പള്ളീപ്പോക്കും പ്രാർത്ഥനയും വെറുതെയായോ. ഞാൻ പഠിച്ച സ്‌കൂളിനടുത്തൊരു അമ്പലമുണ്ടാരുന്നു അവിടെ ഇടക്കൊക്കെ പോയിട്ടുണ്ട് അതൊന്നു പറഞ്ഞുനോക്കിയാലോ? ഡെയിലി വീട്ടിപ്പോന്ന വഴിയിൽ ഒരു മോസ്‌കും ഉണ്ട് ചുമ്മാ കീച്ചി നോക്കിയാലോ?" വെറുതെ പിറുപിറുത്തു ചിന്തകൾ കാടുകയറിയപ്പോ കയ്യേലൊരു ഞെക്കും തന്നിട്ട് വലിച്ചോണ്ടു പോന്നവൻ അലറി "മിണ്ടാതെ വാടാ". തമ്പുരാനെ ചീറ്റി ഇതൊന്നും ഇവിടെ നടക്കൂല.
വല്യൊരു കൊട്ടാരം, വാതിൽക്കൽ പടയാളികളൊക്കെയുണ്ട് അവൻമ്മാരോക്കെ എന്നെ നോക്കി ഊറി ചിരിക്കുന്നു ദേഷ്യം വരില്ലേ? തിരിഞ്ഞു നിന്നിട്ടു പറഞ്ഞു "ഡാ ഉവ്വേ പടയാളിയൊക്കെ ആയിരിക്കാം ഒരുമാതിരി ഊറിയ ചിരി ചിരിക്കരുത്" ഹല്ല പിന്നെ. വെള്ളച്ചാട്ടം, മഞ്ഞുമല ഹോ ഇതൊരു സംഭവംതന്നെ, വഴിനീളെ ഫലങ്ങൾ നിറഞ്ഞ വൃക്ഷലതാതികൾ, "ഇതിനകത്തെങ്ങാനം വല്ല തൂപ്പുപണിയും തന്നാൽ പൊളിച്ചേനെ" വീണ്ടും കയ്യേലൊരു ഞെക്ക്. എത്തി, കൊട്ടാരത്തിനുള്ളിലെത്തി, സിംഹാസനത്തിൽ വല്യ കിരീടമൊക്കെവെച്ചൊരാൾ ഇരിപ്പുണ്ട് ആ ഹാൾ മുഴുവൻ വല്യ വല്യ ആപ്പീസർമ്മാർ. ചെന്നു കേറിയപാടെ ഒരു ഗ്ലാസ് സർബ്ബത്ത് കിട്ടി, നാട്ടിലെ കുലുക്കി സർബ്ബത്തിന്റെ കഥകളൊക്കെ ഒരുപാട് കേട്ടതാ ആ ഓർമ്മയിൽ സർബ്ബത്ത് തന്നവനെ ഒന്നു നോക്കി അവനും ഒരുമാതിരി ആക്കിയ ചിരി.
സിംഹാസനത്തിൽ ഇരിക്കുന്ന പുള്ളിക്കാരന് ഞാൻ കണ്ടിട്ടും കേട്ടിട്ടുമുള്ള ദൈവങ്ങളുടെ ഒരു ഛായയുമില്ല. ദെ ആ പുള്ളിക്കാരനും ആക്കിയ ചിരി ചിരിക്കുന്നു. ഒരു സുന്ദരി പെണ്ണുംപിള്ള ഒരുഗ്ലാസ്സിൽ എന്തോ പുള്ളിക്കാരന് കുടിക്കാൻ കൊടുത്തു, അയാളത് ഒറ്റവലിക്ക് കുടിച്ചിട്ട് അവളെ നോക്കിയൊരു ചിരി, "ഇതാക്കിയ ചിരിയല്ല അതൊരുമാതിരി ചിരിയാണല്ലോ". എന്നെ വലിച്ചോണ്ടു വന്നപോലെ ഭൂമീന്ന് ഓരോരുത്തരെയും വലിച്ചുകൊണ്ടു വന്നവന്മ്മാർ അവരവരുടെ കസ്റ്റമേഴ്സിനെ കയ്യേൽ പിടിച്ചോണ്ടു മുന്നിൽ നിൽപ്പുണ്ട്, എനിക്കുമുന്പിൽ മൂന്നാലെണ്ണം നില്ക്കുന്നു, എല്ലാവനും ചുമ്മാ നിന്നു മോങ്ങുന്നു. ഓരോരുത്തരെയായി അടുത്തൊട്ടുവിളിച്ചിട്ട് ചെവിയിലാണ് ചോദ്യം "ഇതെന്നതാ ചോദിക്കുന്നെന്നറിഞ്ഞാൽ ഒന്നു തയ്യാറെടുക്കാരുന്നു" വീണ്ടും കയ്യേലൊരു ഞെക്ക്. ധാ ആദ്യത്തവന്റെ ചന്തിക്ക് നല്ല പറപ്പൻ കീറ് കീറുന്നു, മൂന്നാലെണ്ണംകൂടി അവനെ വലിച്ചോണ്ടു പോയി. ദെ ആ പെണ്ണുംപിള്ള വീണ്ടും ഗ്ലാസ്സുമായി വന്നു, ഒറ്റവലിക്ക് അങ്ങേരത് കുടിച്ചു പിന്നെ മറ്റേ ചിരിയും.
അങ്ങനെ എന്റെ ഊഴം വന്നു ചെന്ന പാടെ ഞാനൊന്നു ചിരിച്ചു, പുള്ളിക്കാരനും വെളുക്കെ ഒരു ചിരിപാസ്സാക്കി. "ദൈവമേ, ഞാൻ പള്ളിലൊക്കെ പോകുമായിരുന്നു അമ്പലത്തിലും പോയിട്ടുണ്ട് പിന്നെ വീടിന്റടുത് ഒരു മോസ്‌ക്കുണ്ട് കുറെ മുസ്ലിം ഫ്രണ്ട്സും ഉണ്ട്, നിങ്ങളേതാ ജാതീന്നറിയില്ല ന്നാലും ആക്കിയ ചിരി ചിരിച്ചിട്ട് ചന്തിക്കടിക്കരുത് പ്ലീസ്" ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. "ഞാൻ ദൈവമല്ല" ദേഷ്യത്തോടെ പുള്ളിക്കാരൻ പറഞ്ഞു. "ദൈവമല്ല അല്ലെ? എനിക്ക് ദൈവത്തെ കണ്ടാമതി എന്നെ ദൈവത്തിനറിയാം" ഞാൻ തിരിച്ചു കീച്ചി. പുള്ളിക്കാരൻ ഞെട്ടി അടുത്തു നിന്ന ഭടന്റെ ചെവിയിൽ പറഞ്ഞു "ഡാ ഉവ്വേ ദൈവത്തിന്റാളാന്ന്" "വെറുതെ കീച്ചുന്നതാരിക്കും" ഭടനും തിരിച്ചു പറഞ്ഞു എന്നിട്ട് ഒരു വലിയ ഫയൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി, മീശയൊന്നു പിരിച്ചിട്ട് എന്നെയൊരു നോട്ടം " നീ വല്യ പുള്ളിയാണല്ലോടെ!?" ഏറുകണ്ണിട്ട് ഞാനും ഒന്നുനോക്കി, പിന്നെ ഞാൻ ചന്തിക്കൊന്നു തൊട്ടുനോക്കി "ഇന്ന് പൊളിഞ്ഞതുതന്നെ".
ആളുകളൊക്കെ എന്നെയാണല്ലോ നോക്കുന്നത്, എന്റെ ചെവീലോട്ട് ഞാൻചെയ്ത് തെറ്റുകളൊക്ക പുള്ളിക്കാരൻ തള്ളിക്കയറ്റിക്കൊണ്ടിരുന്നു "ഇതൊക്കെ ഞാൻ ചെയ്തതു തന്നെ??" ആലോചിച്ചിട്ട് തലകറങ്ങി, പുതുപ്പള്ളി പുണ്യാളനെ മനസ്സിൽ ധ്യാനിച്ച് ഒരൊറ്റചോദ്യം "തെളിവുണ്ടോ??" സിംഹാസനത്തിലിരുന്നവൻ തല ചൊറിഞ്ഞു, ഗ്ലാസ്സുമായി വന്ന പെണ്ണുംപിള്ള ഗ്ലാസും കൊണ്ട് തറയിൽ വീണു കുന്തം പിടിച്ചു നിന്ന ഭടൻ കുണ്ടിയും തല്ലി താഴെ വീണു. " തെളിവു കൊടുക്കൂ, തെളിവു കൊടുക്കൂ" മോങ്ങിക്കൊണ്ടു ലൈനിൽ നിന്നവരൊക്കെ വിളിച്ചു കൂവി. "നീ ശരിയല്ല" കലിപൂണ്ട കണ്ണുകളോടെ അയാൾ അലറി. വേലിക്കലെ മാമനെ മനസ്സിൽ ധ്യാനിച്ച് ഞാനും കാച്ചി "ഇയാള് കൂടുതലൊന്നും പറയണ്ടാ, നിങ്ങളും ധാ ആ വീണുകിടക്കുന്ന പെണ്ണുംപിള്ളയും തമ്മിൽ എന്തോ ഒന്നില്ലേ?" വീണുകിടന്ന പെങ്കൊച്ചു ചാടി എഴുന്നേറ്റു അകത്തേക്കോടി, സിംഹാസനത്തിലിരുന്നവൻ ചാടിഎഴുന്നേറ്റ് ചുറ്റുംനോക്കി. ചന്തിക്ക് അടിവാങ്ങാൻ നിന്നവരിലൊരുത്തൻ വിളിച്ചു പറഞ്ഞു "എനിക്കത് വന്നപ്പോളേ തോന്നിയതാ" ഞാൻ അവനെ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു "താമരാക്ഷണ്ണന്റെ ഡയലോഗ് തള്ളിയല്ലോടാ..."
ആകപ്പാടെ കോലാഹലം അവസാനം എനിക്ക് വിധിച്ച ശിക്ഷ "നീ അനുകരിച്ചവരെയും താങ്ങി ഭൂമിയിൽ കഴിഞ്ഞാൽ മതിയത്രേ" ഓക്സിജൻ ട്യൂബ് പിടഞ്ഞുചാടി, നേരെ പോയ ഹൃദയരേഖ വീണ്ടും വളഞ്ഞു പുളഞ്ഞു....

കളിപ്പാട്ടങ്ങളുടെ ബാല്യം


ചെറിയ ഗ്രാമത്തിൽ വളർന്നതുകൊണ്ടാകാം എന്റെ ബാല്യകാലം വലിയ ഓർമ്മകളുടെ നിറക്കൂട്ടുനിറഞ്ഞതായത്.
മലയോരഗ്രാമത്തിലെ എല്ലാ വീടുകളിലുംതന്നെ കാപ്പിയും കൊക്കോയും തെങ്ങും കവുങ്ങും പ്ലാവും മാവും ഒക്കെ ഇടകലർന്നു വളരുന്ന കുറച്ചു സ്ഥലം വീടിനോടു ചേർന്നുണ്ടാകും. അതിനിടയിലൂടെയൊക്കെ ചെറിയ റോഡുകളുണ്ടാക്കും പിന്നെ റോഡിന്റെ വശങ്ങളിൽ ചെറിയ കടകളും പെട്രോൾ പമ്പുമൊക്കെയായി ഒരു ചെറിയ ഗ്രാമംതന്നെ ആ വീട്ടുപറമ്പിൽ നിർമ്മിച്ചിട്ടുണ്ടാകും, പിന്നെ കാർഡ്ബോർഡും ചെരുപ്പുചാടും ഒക്കെക്കൊണ്ട് വണ്ടികൾ ഉണ്ടാക്കുകയായി, ഞാനും എന്റെ കൂടെപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി ആ റോഡിലൂടെ വണ്ടികളുടെ തിക്കും തിരക്കുമായി.
വലിയ ഒരു മൈസൂർ കാപ്പിയുണ്ട് അതിന്റെ ശിഖരങ്ങളിൽ ഏറുമാടം കെട്ടിയും ഊഞ്ഞാലിട്ടും (ഊഞ്ഞാലിട്ട വകുപ്പിൽ ഊഞ്ഞാല് ഉദ്ഘാടനം ചെയ്യാൻ കയറിയ അനിയന്റെ കൈയ്യൊടിഞ്ഞ കഥയുണ്ട്) അങ്ങനെ ഒരു ഉത്സവകാലമായിരുന്നു. പള്ളിക്കൂടം വിട്ടുവന്നാൽ ആദ്യം ഓടുന്നത് എന്റെ സുഹൃത്ത് ബിനോയിയുടെ വീട്ടിലേക്കാണ് അവൻ കഥാപുസ്തകങ്ങളുടെ ഒരു ലൈബ്രെറിയനാണ് ബാലരമയും ബാലമംഗളവും ബാലഭൂമിയുമൊക്കെയാണ് അന്നത്തെ നമ്മുടെ വേദഗ്രന്ഥങ്ങൾ, ഡിങ്കനും മായാവിയും കപീഷും ശക്തിമാനുമൊക്കെ അന്നു താരരാജാക്കൻമ്മാരായി വാഴുന്ന കാലമാണ്. പിന്നെ വാ പൂട്ടി മിണ്ടാതെ തമാശ പറഞ്ഞുതരുന്ന ഒരു പപ്പൂസും ചിത്രകഥയിലെ താരമായിരുന്നു.
ഈ കഥയൊക്കെ ഞാൻ പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല, ജനിച്ചുവീഴുമ്പോത്തന്നെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് മക്കളെ കൈപിടിച്ചു നടത്തുന്ന മാതാപിതാക്കൾ, ലോകമെന്തെന്ന് അറിയുന്നതിനു മുൻപേ മക്കൾക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ വരും തലമുറയുടെ സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിലവർഷങ്ങൾകഴിയുമ്പോ നാം നേരിട്ടു കാണേണ്ടതായിവരും. അപ്പോൾ പശ്ചാത്തപിച്ചിട്ട് എന്തു കാര്യം?? മണ്ണിന്റെ മണമുള്ള ബാല്യത്തോളം അടച്ചമുറിയിൽ വളരുന്നവരുടെ ബാല്യകാലം ആസ്വാദ്യമാകില്ല. ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും വില മറ്റൊരുതലത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു..

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

മരണം


"അപ്പുണ്യായര്‍ മരിച്ചു"  തലയില്‍  ഒരു മുഷിഞ്ഞ തോര്‍ത്തുമുണ്ടും വലിച്ചുകെട്ടി, ഒരു കീറക്കൈലിയും മടക്കിക്കുത്തി മേല്‍മുണ്ടില്ലാതെ എഴുന്നേറ്റുനിന്ന് സൈക്കിള്‍ ചവിട്ടി പാടവരമ്പത്തൂടെ ശരവേഗത്തില്‍ പാഞ്ഞ ശങ്കരന്‍ വിളിച്ചു പറയുന്നതു കേട്ടാണ് നാട്ടുകാര്‍    അപ്പുണ്യായരുടെ വീട്ടിലേക്ക് വച്ചുപിടിച്ചത്.

ആളുടെ പേര് "അപ്പുണ്ണി നായര്‍" എന്നായിരുന്നു, വിളിക്കാന്‍ ഒരു സുഖത്തിന് നാട്ടുകാര് അപ്പുണ്യായരാക്കി. വീട്ടിലാകെ തന്നെത്താനടിയും അലമുറയിടീലും നിലവിളിയും മാത്രം. മുറ്റത്ത്‌ പന്തലു പൊങ്ങി, തെക്കേമൂലയ്ക്ക് പന്തലിച്ചുനിന്ന മാവ് അലച്ചുവിളിച്ച് താഴെവീണു, വിറകായി, ചിതകൂട്ടാനുള്ള സ്ഥലവുമൊരുങ്ങി. ന്യൂജെനറേഷന്‍ ചിതകൂട്ട് സംഘം സ്ഥലത്ത് തമ്പടിച്ചു.

മരിച്ചവീട്ടിലെ അടുപ്പില്‍ തീ പുകഞ്ഞാല്‍ നാട്ടുകാരെന്തുവിചാരിക്കും? അതുകൊണ്ട് പരിയമ്പറത്ത് കല്ലുകൂട്ടി അടുപ്പായി, കട്ടന്‍ കാപ്പിയായി. പന്തലുകെട്ടുകാരും ചിതകൂട്ടുകാരും തലങ്ങനെയും വിലങ്ങനെയും കാപ്പികുടിച്ച് വയറുവീര്‍പ്പിച്ചു. ബന്ധുക്കാരും സ്വന്തക്കാരും വീട്ടിലെക്കൊഴുകിയെത്തിക്കൊണ്ടിരുന്നു. വന്നവര്‍ വന്നവര്‍ മണ്‍കട്ടകെട്ടിയ ആ കൊച്ചുവീട്ടിലേക്കോടിക്കയറി അലമുറയിട്ടുകരയുന്നവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അടുത്ത ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് കൂടിനിന്നവരുടെകൂടെ സങ്കടംകൂട്ടി.

മുറ്റത്തെ കാപ്പിച്ചെടിയുടെ കമ്പില്‍ ഇടത്തെക്കൈ മുറുക്കെപ്പിടിച്ച് വലത്തേക്കൈയ്യില്‍ കത്തിച്ചുപിടിച്ച ബീഡിയുമായി ഏങ്ങലടിച്ചു നിന്ന ദേവസി ആരോടെന്നില്ലാതെ പിറുപിറുത്തു "എന്‍റെ ഓര്‍മ്മവെച്ച കാലം മുതലുള്ള കൂട്ടാ, ഒന്നിച്ച് സ്കൂളില്‍ പോയിത്തുടങ്ങിയ സൌഹൃദമാ, എന്‍റെ കൂടെപ്പിറപ്പായിരുന്നു". കൂടിനിന്നവരൊക്കെകൂടി ദേവസിയെ ഒരുവിധത്തില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മുറ്റത്ത്‌വട്ടംകൂടി നിന്നവരൊക്കെ അപ്പുണ്യായരുടെ ഗുണഗണങ്ങള്‍ മാത്രം വര്‍ണ്ണിക്കാന്‍ തുടങ്ങി "നല്ല മനുഷ്യനായിരുന്നു".

ഇതൊക്കെ പറഞ്ഞാലും അപ്പുണ്യായര്‍ ആരാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ?, ദേ, ഈ ബഹളം കാണുന്ന വീട്ടിലെ കാരണവരാണ് അപ്പുണ്യായര്‍. ഒരു 80 വയസ്സ് പ്രായംവരും, ഈ കാണുന്ന കാപ്പിയും കുരുമുളകുമൊക്കെ അപ്പുണ്യായരുടെ കൃഷിയാണ്, ദാ. വീടിന്‍റെ പിന്‍ഭാഗത്ത്‌ കാണുന്ന തെങ്ങിന്‍തോട്ടം, ഒരു തെങ്ങില്‍നിന്നു പോലും വിളവെടുക്കാന്‍ അപ്പുണ്യായര്‍ ആളെക്കേറ്റാറില്ല, ഈ പ്രായത്തിലും എല്ലാം തനിച്ച് ചെയ്യുമായിരുന്നു. ഇന്ന് രാവിലെ വീട്ടിലിരുന്ന ഉണക്ക കാപ്പിക്കുരു "അവച്ചിട്ടു"വരാമെന്നും പറഞ്ഞ് സൈക്കിളും എടുത്തോണ്ടുപോയ പോക്കാണ്, ഉച്ചയായപ്പോ കേട്ട വാര്‍ത്ത ഇതാണ്. ഇനി നമുക്ക് സീനോന്നുമാറ്റിപ്പിടിക്കാം അപ്പുണ്യായര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയണ്ടേ?.

കാപ്പിക്കുരു സൈക്കിളിന്‍റെ കാരിയറില്‍കെട്ടിവെച്ച് അപ്പുണ്യായര്‍ സൈക്കിളില്‍ കയറി പുരക്കകത്തേക്ക് നോക്കി "ഞാനിത് അവച്ചിട്ടുവരാം"മെന്നു ഉച്ചത്തില്‍ പറഞ്ഞിട്ട് സൈക്കിള്‍ നീട്ടിച്ചവിട്ടി. പറമ്പില്‍നിന്നു റോഡിലേക്കുള്ള ഇടവഴികടന്ന് സൈക്കിള്‍ മണ്‍റോഡിലേക്ക് കയറുമ്പോള്‍ അതാ ഒരു ജീപ്പുവരുന്നു അപ്പുണ്യായര്‍ സൈക്കിള്‍ ഒതുക്കിനിര്‍ത്തി, ആളങ്ങനെയാ റിസ്ക്കെടുക്കില്ല വണ്ടിവന്നാല്‍ സൈക്കിള്‍ സൈഡിലൊതുക്കും.


സൈക്കിള്‍ ചവിട്ടിച്ചവിട്ടി കണ്ടംനികത്തി റോഡ്‌പണി നടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ നീട്ടി ബെല്ലടിച്ച് "ശങ്കരന്‍റെ" സൈക്കിള്‍ അപ്പുണ്യായരെ ഓവര്‍ട്ടേക്കുചെയ്തു, (അതെ ആ ശങ്കരന്‍തന്നെ, അപ്പുണ്യായര്‍ മരിച്ചുന്ന് പാടത്തൂടെ വിളിച്ചു കൂവിയ അതേ ശങ്കരന്‍) ശങ്കരന്‍ അങ്ങനെയാണ് സൈക്കിള്‍ കിട്ടിയാല്‍ നൂറെ നൂറെ വിടണം. കണ്ടംനികത്താന്‍  കരിങ്കല്ല് കയറ്റിയ ലോറി പതിയെ പതിയെ ഇടുങ്ങിയ വഴിയിലൂടെ വരുന്നു, അപ്പുണ്യായര്‍ വണ്ടിയൊതുക്കി, ഇടുങ്ങിയ റോഡിലൂടെ ശങ്കരന്‍റെ വരവുകണ്ട് ലോറിക്കാരന്‍ ആവുന്നത്ര സൈഡൊഴിച്ചു, കിട്ടിയ സൈഡിലൂടെ ശങ്കരന്‍ വെച്ചലക്കി, സൈക്കിളൊന്നു വെട്ടി, വീലോന്നു പാളി, കണ്ടം നികത്താനിറക്കിയ കരിങ്കല്ലില്‍ ഉച്ചിക്കെട്ടിടിച്ച് ശങ്കരനും പിന്നാലെ സൈക്കിളും താഴെ. കണ്ണിക്കൂടെ പൊന്നീച്ച പറന്ന ശങ്കരന്‍ എഴുന്നേറ്റുനോക്കുമ്പോള്‍, വീഴ്ച്ചകണ്ട് ഭയന്ന ലോറിക്കാരന്‍ പാമ്പ്പുളയുന്നപോലെ റോഡിലൊന്നു തിരിഞ്ഞു മൊത്തത്തില്‍ പൂഴിയും പുകയും, വണ്ടി നിര്‍ത്താതെ പോയി, അപ്പുണ്യായരേകാണാനില്ല. "തീര്‍ന്നു അപ്പുണ്യായരു തീര്‍ന്നു" ശങ്കരന്‍ അലച്ചുവിളിച്ച് സൈക്കിളും ചവിട്ടിപ്പാഞ്ഞു.

അപ്പുണ്യായരുടെ മകന്‍ വീടിനു പുറത്തേക്കിറങ്ങി ചിതയൊരുക്കിയ ഭാഗമൊക്കെ ഒന്നു വീക്ഷിച്ചു എന്നിട്ട് കൂടിനിന്നവരോടായി ചോദിച്ചു "ബോഡി എപ്പോ കൊണ്ടുവരും?" (അപ്പുണ്ണി നായരായിരുന്നു പിന്നെ അപ്പുണ്യായരായി ഇപ്പൊ ബോഡിയായി). ഒരു കാലന്‍കുടയും കുത്തിപ്പിടിച്ച് ഗോപാലന്‍മാഷ്‌ വീട്ടുമുറ്റത്തേക്ക് കയാറിവന്നു എന്നിട്ട് ദേവസിയോടായി പറഞ്ഞു, "നമ്മടെ ശങ്കരനെ ആളുകളെല്ലാംകൂടെ പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്"
"എന്നാ പറ്റി"
"ഏതോ ലോറിക്ക് സര്‍ക്കസ്സുകാട്ടി കരിങ്കല്ലില്‍ തലയിടിച്ചതാ, സുബോധമില്ല, ഇപ്പൊ പറയുന്നതല്ല പിന്നെപ്പറയുന്നത്‌"
"മ്..." കൂടിനിന്നവരൊക്കെ  ഒന്നുമൂളി.

ദേവസ്സിയാണ് അതുകണ്ടത് ശരവേഗത്തില്‍ മുറ്റത്തേക്ക് ഒരുസൈക്കിള്‍ വരുന്നു "കര്‍ത്താവേ അപ്പുണ്യായര്‍" എല്ലാവരും അങ്ങോട്ടു നോക്കി, അവച്ച കാപ്പിക്കുരുവും കയ്യില്‍പ്പിടിച്ച് അപ്പുണ്യായര്‍ സൈക്കിളീന്നിറങ്ങുമ്പോ മുറ്റം നിറയെ ആളുകള്‍, വീട്ടില്‍ കൂട്ട നിലവിളിയും. അപ്പുണ്യായരേ കണ്ടതും നിലവിളി നിലച്ചു, പന്തലുകാര് പന്തലഴിച്ചു, ചിതയോരുക്കാന്‍ വന്നവന്‍മ്മാര്‍ പതിയെ വലിഞ്ഞു. വായും പൊളിച്ച് അപ്പുണ്യായര്‍ മുറ്റത്തുനിന്നു.

"കൊറേ കാപ്പിപോടീം പഞ്ചാരയും ചിലവായത് മിച്ചം" ഇത് പറഞ്ഞിട്ട് ദേവസി നടന്നു, അപ്പുണ്യായരുടെ മകന്‍ പിന്നീന്നു പറഞ്ഞു " പഞ്ചാര മാങ്ങാ ഉണ്ടായിക്കൊണ്ടിരുന്ന ഒരു മാവാ ദേ കീറിവെച്ചേക്കുന്നു.

കീറിക്കൂട്ടിവെച്ചിരിക്കുന്ന മാവിന്‍ വിറകില്‍ നോക്കി ഒരു ബീഡിയും കത്തിച്ച് അപ്പുണ്യായര്‍ ആ പടിയിലിരുന്നു. ആളും അരങ്ങും ഒഴിഞ്ഞു, അടുപ്പില്‍ തീ പുകഞ്ഞു.

2016, ജനുവരി 25, തിങ്കളാഴ്‌ച

പുണ്യാളൻ

പതിവുപോലെ പാതിരാത്രിവരെ കള്ളും മോന്തിയിട്ട് ലംബോധരൻ ചന്തയുടെ മൂലയിലെ ആൽത്തറയിൽ മലർന്നുകിടന്നു കൂർക്കംവലിച്ചു.. 

      പണ്ടെങ്ങോ നഷ്ടപ്പെട്ട കാമുകിയെ കള്ളുമോന്തിയ സ്വപ്നത്തിൽ കണ്ടിട്ട് ആൽമരത്തെ സാക്ഷിയാക്കി സ്വപ്നത്തിൽതന്നെ താലികെട്ടി സീമന്ത രേഖയിൽ നീട്ടിയൊരു സിന്ദൂരവും വരച്ചു, ഈ പണിയെല്ലാം ലംബു വച്ചുതാങ്ങിയത് വീട്ടിൽ കൊണ്ടുപോകാൻ വാങ്ങി സഞ്ചിയിൽ വച്ചിരുന്ന തേങ്ങാപ്പുറത്തായിരുന്നെന്നത് ഇരുട്ടത്ത് നടന്നസത്യം, സിന്ദൂരം വാരിത്തേച്ച തേങ്ങാ ആൽത്തറയിൽ ഉപേക്ഷിച്ചിട്ട് നീട്ടിയൊരു നടത്തം, 

     ഗീവറുഗീസ് പുണ്യാളന്റെ പ്രതിമയുടെ അടുത്തെത്തിയപ്പോ ഭക്തികൂടി കാലിൽ തൊട്ടുവണങ്ങി സർപ്പത്തിന് ഒരു ചവിട്ടും കൊടുത്തിട്ട് കുതിരപ്പുറത്ത് പുണ്യാളന്റെകൂടെ കയറി ഇരുന്നു, ദൈവമെ പുണ്യാളന്റെ കിരീടത്തിനു പുറകിൽ ഒരു ഓട്ട, കത്തിയുരുകി കിടന്ന മെഴുകുതിരി എല്ലാംകൂടെ വാരി ലംബോധരൻ ഓട്ട നിറച്ചു. സമാധാനം ഇനി പോകാം. 

     നേരം വെളുത്തുവരുന്നതെയോള്ളൂ, ലംബു നീട്ടി നടന്നു വീടിനടുത്തുള്ള മുസ്ലിംപള്ളിയുടെ മുന്നിലുള്ള കടയിലേക്ക് ഒന്ന് നോക്കി, കടയിലെ ചെക്കൻ സ്ഥിരമായി ലംബോധരനെ ചീത്തവിളിക്കാറുണ്ട് മറ്റൊന്നിനുമല്ല കുടുംബം നോക്കാതെ കള്ളുകുടിച്ച് നടക്കുന്നതിന്. കടയിലോട്ടുനോക്കി ലംബു കോക്കിരികാട്ടി, പിന്നെ കുറെ ചള്ളവാരി അവന്റെ ഭിത്തിക്കിട്ടു ഒറ്റയേറ്, ഇനി നടക്കാം.. ലംബു വീട്ടിലെത്തി സുഖമായിട്ടുറങ്ങി. 

നേരം വെളുത്തു ആളുകൾ ജോലിയും വ്യപാരവുമായി ജീവിതത്തിലെ അടുത്തദിവസം തുടങ്ങി, വെയിലുറച്ചപ്പോൾ ആരോ ശ്രദ്ധിച്ചു ആൽത്തറയിൽ ഒരു പുതിയ പ്രതിഷ്ഠ, ആളുകൂടി പൂജയായി സംഭാവനയായി നേർച്ചപ്പെട്ടിയായി. വെയിലുമൂത്തപ്പോൾ വീണ്ടും ആ നാട്ടിൽ അത്ഭുതം, പുണ്യാളച്ചന്റെ കണ്ണിലൂടെ കണ്ണുനീരുവരുന്നു ആളുകൂടി അത്ഭുതം പ്രാര്ത്ഥനതുടങ്ങി കൂട്ടമണിയടിച്ചു. അത്ഭുത കഥകൾ പറഞ്ഞു പള്ളിപ്പടിക്കലെ കടയിലിരുന്ന മുസ്ലിയാരാണ് ആദ്യമത് കണ്ടത് കടയുടെ ഭിത്തിയിൽ അറബിയിൽ എന്തോ എഴുതിവച്ചിരിക്കുന്നു, അർത്ഥംമനസ്സിലാക്കിയ മുസ്ലിയാർ വിളിച്ചുകൂകി പടച്ചോനെ അത്ഭുതം അവിടെയും ആളുകൂടി, നാട് മൊത്തത്തിൽ ഒന്നിളകി സന്ദർശകരുടെ തിക്കും തിരക്കും, സംഭാവനപെട്ടികൾ നിറഞ്ഞുകവിഞ്ഞു.

പതിവുപോലെ ലംബോധരൻ സന്ധ്യയായപ്പോൾ കളത്തിലിറങ്ങി, നാടാകെ മാറിയിരിക്കുന്നു ഉത്സവാന്തരീക്ഷം, കാര്യങ്ങൾ തിരക്കിയറിഞ്ഞ ലംബു വച്ചുപിടിച്ചു, പള്ളിപ്പടിയിലും പുണ്യാളനും നേർച്ചയിട്ടിട്ട് ആൽത്തറയിൽ ഒന്നുവണങ്ങി വീണ്ടും ഷാപ്പിലേക്ക്, പുണ്യഭൂമിയിലെ ആ പുണ്യാളൻ ആരാലും അറിയപ്പെടാതെ അത്ഭുതപ്രവർത്തികളുമായി ആ നാട്ടിൽ കഴിഞ്ഞു കൂടി.