2015, ജനുവരി 30, വെള്ളിയാഴ്‌ച

ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍

പലരും പല മാര്‍ഗ്ഗങ്ങളാണു സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്,

വടക്കേഇന്ത്യയിലെ ജീവിതകാലഘട്ടങ്ങളുടെ പുസ്തകത്താളുകള്‍ അടച്ചുവച്ച് 2007ല്‍ വീണ്ടും കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വലിയ കോട്ടതീര്‍ത്തിരുന്നു.

വിദേശത്ത് ഒരുജോലി അന്നൊക്കെ ഒരു സ്വപ്നമായിരുന്നു, സ്വപ്നംസാക്ഷാത്കരിക്കുന്നത് വരെ കൊല്ലത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്കുകയറി അവിടെവച്ച് ചുരുക്കം ചില സൌഹൃദങ്ങള്‍ ലഭിച്ചു അവരില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശി ധനേഷ്, വളരെ വ്യതസ്തനായ ഒരു സുഹൃത്ത്, സൌഹൃദങ്ങള്‍ക്ക് നല്ലവില കല്പിച്ചിരുന്ന ഒരു യുവാവ്.

ധനേഷിന് അന്നൊരു പ്രണയമുണ്ടായിരുന്നു അന്ന്, ഞങ്ങള്‍ സുഹൃത്തുക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിക്ക് പിടിച്ചപ്രണയം, അവളെക്കുറിച്ച്  എന്തെങ്കിലും പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ആത്മാര്‍ഥമായി സ്നേഹിച്ച രണ്ട് മനസ്സുകളെ അവിടെ ഞാന്‍ കണ്ടു.

ചിലദിവസങ്ങളായി അവന്‍ വളരെ ദുഖിതനായികണ്ടു, അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും പത്തനാപുരത്തിനു പോകുകയായിരുന്നു എന്‍റെ വണ്ടി ചന്ദനത്തോപ്പ് എത്തിയപ്പോള്‍ ധനേഷ് വണ്ടിക്കു കൈകാണിച്ചു എന്നോട് കാര്യങ്ങള്‍ തിരക്കിയശേഷം അവനും കൂടെവരുന്നെന്നു പറഞ്ഞു, ഞങ്ങള്‍ ഒരുമിച്ച് പൊയ് തിരികെ വരുമ്പോള്‍ അവന് വണ്ടി ഓടിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അങ്ങനെ അവന്‍ വണ്ടി ഓടിച്ച് കൊട്ടാരക്കര എത്തിയപ്പോള്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, പൊറോട്ടയും ബീഫ്‌ ഫ്രൈ യും വയറുനിറയെ കഴിച്ച ശേഷം, ചന്ദനത്തോപ്പില്‍ ഇറങ്ങി അവന്‍ വീട്ടിലേക്ക് പോയി,

പിറ്റേദിവസം ശനിയാഴ്ച അവന്‍ ജോലിക്കുവന്നില്ല, അന്ന് വൈകുന്നേരം ഞാന്‍ പത്തനംതിട്ടയ്ക്ക് വണ്ടികയറി, വീട്ടില്‍ എത്തുമ്പോളെക്കും എന്‍റെ ഫോണില്‍ ധനേഷിന്‍റെ മരണവാര്‍ത്തയാണ് എത്തുന്നത്‌, ശ്വാസം നിലച്ചുപോയ ചിലനിമിഷങ്ങള്‍, ആ രാത്രിതന്നെ ഞാന്‍ തിരികെ കൊല്ലത്തെക്കുപോയി, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യചെയ്ത സുഹൃത്തിന്‍റെ ചലനമറ്റ ശരീരം ഇന്നും മായാതെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിക്കിടക്കുന്നു. ഏറിയാല്‍ 22 വയസ്സുണ്ടായിരുന്ന ആ ശരീരം മണ്ണോടു ചേര്‍ന്നു.

പിന്നീടു പലപ്പോളും ചന്ദനത്തോപ്പിലൂടെ വണ്ടിയില്‍ വരുമ്പോള്‍ ധനേഷിന്റെ മുഖം മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നു വരാറുണ്ടായിരുന്നു.

ഓര്‍മ്മകള്‍ സര്‍ക്കാര്‍ ഓഫീസിലെ ഫയലുകള്‍ പോലെയാണ് മനുഷ്യന്‍റെ മനസ്സില്‍ വാരിയിട്ടിരിക്കുന്നത്, ചിലത് നാടകളില്‍ കുടുങ്ങിക്കിടക്കുന്നു, മറ്റു ചിലത് പകുതി കീറിയും ചിതലരിച്ചും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാതെ..