2016, ജനുവരി 25, തിങ്കളാഴ്‌ച

പുണ്യാളൻ

പതിവുപോലെ പാതിരാത്രിവരെ കള്ളും മോന്തിയിട്ട് ലംബോധരൻ ചന്തയുടെ മൂലയിലെ ആൽത്തറയിൽ മലർന്നുകിടന്നു കൂർക്കംവലിച്ചു.. 

      പണ്ടെങ്ങോ നഷ്ടപ്പെട്ട കാമുകിയെ കള്ളുമോന്തിയ സ്വപ്നത്തിൽ കണ്ടിട്ട് ആൽമരത്തെ സാക്ഷിയാക്കി സ്വപ്നത്തിൽതന്നെ താലികെട്ടി സീമന്ത രേഖയിൽ നീട്ടിയൊരു സിന്ദൂരവും വരച്ചു, ഈ പണിയെല്ലാം ലംബു വച്ചുതാങ്ങിയത് വീട്ടിൽ കൊണ്ടുപോകാൻ വാങ്ങി സഞ്ചിയിൽ വച്ചിരുന്ന തേങ്ങാപ്പുറത്തായിരുന്നെന്നത് ഇരുട്ടത്ത് നടന്നസത്യം, സിന്ദൂരം വാരിത്തേച്ച തേങ്ങാ ആൽത്തറയിൽ ഉപേക്ഷിച്ചിട്ട് നീട്ടിയൊരു നടത്തം, 

     ഗീവറുഗീസ് പുണ്യാളന്റെ പ്രതിമയുടെ അടുത്തെത്തിയപ്പോ ഭക്തികൂടി കാലിൽ തൊട്ടുവണങ്ങി സർപ്പത്തിന് ഒരു ചവിട്ടും കൊടുത്തിട്ട് കുതിരപ്പുറത്ത് പുണ്യാളന്റെകൂടെ കയറി ഇരുന്നു, ദൈവമെ പുണ്യാളന്റെ കിരീടത്തിനു പുറകിൽ ഒരു ഓട്ട, കത്തിയുരുകി കിടന്ന മെഴുകുതിരി എല്ലാംകൂടെ വാരി ലംബോധരൻ ഓട്ട നിറച്ചു. സമാധാനം ഇനി പോകാം. 

     നേരം വെളുത്തുവരുന്നതെയോള്ളൂ, ലംബു നീട്ടി നടന്നു വീടിനടുത്തുള്ള മുസ്ലിംപള്ളിയുടെ മുന്നിലുള്ള കടയിലേക്ക് ഒന്ന് നോക്കി, കടയിലെ ചെക്കൻ സ്ഥിരമായി ലംബോധരനെ ചീത്തവിളിക്കാറുണ്ട് മറ്റൊന്നിനുമല്ല കുടുംബം നോക്കാതെ കള്ളുകുടിച്ച് നടക്കുന്നതിന്. കടയിലോട്ടുനോക്കി ലംബു കോക്കിരികാട്ടി, പിന്നെ കുറെ ചള്ളവാരി അവന്റെ ഭിത്തിക്കിട്ടു ഒറ്റയേറ്, ഇനി നടക്കാം.. ലംബു വീട്ടിലെത്തി സുഖമായിട്ടുറങ്ങി. 

നേരം വെളുത്തു ആളുകൾ ജോലിയും വ്യപാരവുമായി ജീവിതത്തിലെ അടുത്തദിവസം തുടങ്ങി, വെയിലുറച്ചപ്പോൾ ആരോ ശ്രദ്ധിച്ചു ആൽത്തറയിൽ ഒരു പുതിയ പ്രതിഷ്ഠ, ആളുകൂടി പൂജയായി സംഭാവനയായി നേർച്ചപ്പെട്ടിയായി. വെയിലുമൂത്തപ്പോൾ വീണ്ടും ആ നാട്ടിൽ അത്ഭുതം, പുണ്യാളച്ചന്റെ കണ്ണിലൂടെ കണ്ണുനീരുവരുന്നു ആളുകൂടി അത്ഭുതം പ്രാര്ത്ഥനതുടങ്ങി കൂട്ടമണിയടിച്ചു. അത്ഭുത കഥകൾ പറഞ്ഞു പള്ളിപ്പടിക്കലെ കടയിലിരുന്ന മുസ്ലിയാരാണ് ആദ്യമത് കണ്ടത് കടയുടെ ഭിത്തിയിൽ അറബിയിൽ എന്തോ എഴുതിവച്ചിരിക്കുന്നു, അർത്ഥംമനസ്സിലാക്കിയ മുസ്ലിയാർ വിളിച്ചുകൂകി പടച്ചോനെ അത്ഭുതം അവിടെയും ആളുകൂടി, നാട് മൊത്തത്തിൽ ഒന്നിളകി സന്ദർശകരുടെ തിക്കും തിരക്കും, സംഭാവനപെട്ടികൾ നിറഞ്ഞുകവിഞ്ഞു.

പതിവുപോലെ ലംബോധരൻ സന്ധ്യയായപ്പോൾ കളത്തിലിറങ്ങി, നാടാകെ മാറിയിരിക്കുന്നു ഉത്സവാന്തരീക്ഷം, കാര്യങ്ങൾ തിരക്കിയറിഞ്ഞ ലംബു വച്ചുപിടിച്ചു, പള്ളിപ്പടിയിലും പുണ്യാളനും നേർച്ചയിട്ടിട്ട് ആൽത്തറയിൽ ഒന്നുവണങ്ങി വീണ്ടും ഷാപ്പിലേക്ക്, പുണ്യഭൂമിയിലെ ആ പുണ്യാളൻ ആരാലും അറിയപ്പെടാതെ അത്ഭുതപ്രവർത്തികളുമായി ആ നാട്ടിൽ കഴിഞ്ഞു കൂടി.