2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലം ക്ഷയിച്ചവര്‍


തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ശൂന്യതയായിരുന്നു, നീറുന്ന മനസ്സും നിറഞ്ഞ കണ്ണുകളുമായി ബലംക്ഷയിച്ച കാലുകള്‍ ഉറപ്പിച്ചു കുത്താന്‍ പാടുപെട്ട് ആ വൃദ്ധ വീണ്ടും തെരുവിന്‍റെ കോണിലെ ഒറ്റപ്പെട്ട കുടിലിലേക്ക് നടന്നുനീങ്ങി.

തെരുവു വിളക്കുകള്‍ക്ക് അന്ന് ശോഭ കുറഞ്ഞുവോ? നിലാവിനും കരിമേഘങ്ങളെ വിട്ടുവരാന്‍ മടിയായോ? ഈ രാത്രി വെളുത്താല്‍ ഇനിയുള്ള പകലുകള്‍ എങ്ങനെ? കീറിഞാന്ന കാതുകളും, ചൊക്കിച്ചുളുങ്ങിയ ത്വക്കും, കുഴിഞ്ഞ കണ്ണുകളുമൊക്കെ കൂടി അസ്ഥിക്കോലം മാത്രമായ ആ സ്ത്രീ, നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ ഒപ്പിമാറ്റുവാന്‍ ഏറെ പാടുപെടുന്നുണ്ടായിരുന്നു.

ഭര്‍ത്താവിന്‍റെ ശരീരം പൊതുശ്മശാനത്തില്‍ അഗ്നിക്കര്‍പ്പിച്ചു മടങ്ങിയ അവര്‍ ചിന്തകളുടെ ലോകത്തുകൂടെ തെരുവിന്‍റെ വശം ചേര്‍ന്നു നടക്കുമ്പോള്‍, അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ ആര്‍ഭാടമായി ഭാര്യയും മക്കളും കൂട്ടുകാരുമൊക്കെയായി ഉല്ലാസജീവിതം നയിക്കുന്നുണ്ടായിരുന്നു.

മദ്യപിച്ചു ലെക്കുകെട്ട ഒരുവന്‍റെ വാഹനം തെരുവോരത്തെ അരണ്ട വെളിച്ചത്തില്‍ ആ വൃദ്ധ മാതാവിന്‍റെ ശരീരത്തെ ആത്മാവില്‍നിന്നും അടര്‍ത്തിമാറ്റുമ്പോളും, മക്കളുടെ തീന്മേശയില്‍ നുരയുന്ന മദ്യത്തിന്‍റെ അഹന്തയുടെ വിഷം നിറഞ്ഞ ഗ്ലാസ്സുകള്‍ ഒഴിഞ്ഞിട്ടില്ലായിരുന്നു.

ഭര്‍ത്താവിന്‍റെ ചിതയുടെ അരികിലായി തിരിച്ചറിയപ്പെടാത്ത ആ ശരീരത്തെ ആരൊക്കെയോ അഗ്നിക്ക് ദാനം നല്‍കി. അയാളില്ലാതെ ആ വൃദ്ധമാതാവിനു ജീവിക്കാനാവില്ലെന്ന് നിശ്ചയമുള്ള ഭര്‍ത്താവിന്‍റെ ആത്മാവ് ആ ശ്മശാന വാതില്‍ക്കല്‍ അവരുടെ വരവിനായി കാത്തിരുന്നിട്ടുണ്ടാവാം....