2014, ജനുവരി 22, ബുധനാഴ്‌ച

റബ്ബര്‍ മരം

പൂയി............. അക്കരെ മലയില്‍ നിന്നും നീട്ടിയുള്ള കൂവല്‍ കേട്ടിട്ട് അയാളും ഉച്ചത്തില്‍ തിരിച്ചു കൂവി, പിന്നീട് പ്രധിധ്വനി പോലെ ചുറ്റുപാടുള്ള എല്ലാ മലകളില്‍ നിന്നും ഉച്ചത്തില്‍ ശബ്ദം ഉയര്‍ന്നു..

ഇത് പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലുള്ള മലനിരകള്‍ റബ്ബര്‍ മരം ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഈ മേഖലയില്‍ വെള്ളി കീറുന്നതിനു  മുന്‍പേ കര്‍ഷകര്‍ തോളില്‍ ഒരു കൂടയും കയ്യില്‍ ടാപ്പിംഗ് കത്തിയും കത്തിയുടെ മൂര്ച്ചകൂട്ടുവാനുള്ള ഒരു കല്ലും പിന്നെ കുറച്ചു കട്ടന്‍ കാപ്പിയുമായി മല കയറും.

റബ്ബര്‍ മരം വെട്ടി കറഎടുക്കുന്നതിനു ഒരു താളമുണ്ട്, ഓരോ മരത്തിന്റെയും ചുവട്ടില്‍ തലയില്‍ വച്ചുകെട്ടിയ ഒരു ടോര്‍ച്ചുമായി തനിയെ നടക്കുമ്പോള്‍ ഒരു മൂളിപ്പാട്ടൊക്കെ അറിയാതെ വന്നുപോകും, കത്തിയുടെ ചലനം യാന്ത്രീകമാണ് മരത്തിന്റെ തടിക്കുള്ളില്‍ തുളഞ്ഞു കയറാതെ തൊലി മാത്രം ചെത്തിക്കളയുംപോള്‍ മനസ്സ് വേറെ എവിടെയൊക്കെയോ ആയിരിക്കും.

മൂടല്‍ മഞ്ഞിനിടയിലൂടെ മലയടിവാരത്ത്നിന്നും തുടങ്ങി മുകളില്‍ എത്തുംപോളെക്കും നേരം വെളുക്കും പിന്നെ അവിടെ ഇരുന്നു ഒരു കട്ടന്‍ ബീഡി വലിക്കും കൂടെ കൊണ്ടുവന്ന കാപ്പി ബാക്കിയുണ്ടെങ്കില്‍ അതും അകത്താക്കും ഉള്ളിലേക്ക് വലിച്ച പുക ഒന്ന് നിര്‍ത്തിയശേഷം ഒരു ആശ്വാസത്തോടെ പുറത്തേക്ക് ഊതിവിടും, മഞ്ഞിന്റെ കുളിരില്‍ നിന്നും ഒരു ആശ്വാസം പിന്നെ കുറെ സമയത്തെ അധ്വാനത്തില്‍ നിന്നും.

പതിയെ മലയിറക്കം താഴെ തന്റെ വീട്ടില്‍ എത്തുംപോളെക്കും അവിടെ രാവിലത്തെ കാപ്പി റെഡി ആയിട്ടുണ്ടാകും, കാപ്പി എന്നുവച്ചാല്‍ കപ്പയോ കാച്ചിലോ പുഴുങ്ങിയതും കാ‍ന്താരി ചമ്മന്തിയും ഹാ ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു, അല്‍പസമയം വിശ്രമം

പിന്നെ വീണ്ടും ഒരു ബക്കറ്റും ഒരു വലിയ ജാറുമായി മലകയറും ഓരോ മരത്തിന്റെയും ചുവട്ടില്‍ പൊയ് റബ്ബര്‍ കറ ശേഖരിക്കണം, റബ്ബര്‍ കറയുമായി താഴെ എത്തുമ്പോള്‍ അയാളുടെ ഭാര്യ കറ ഉറഒഴിക്കാനുള്ള  വെള്ളവും, ഡിഷും, ആസിഡും എല്ലാം റെഡി ആക്കി വച്ചിട്ടുണ്ടാകും പിന്നെ രണ്ടുപേരും ഒന്നിച്ച് കറ ഡിഷില്‍ ആക്കും, ഇനി ഉറയാന്‍ കുറച്ചു സമയം, അപ്പോളേക്കും ഉച്ച ഊണിനുള്ള വിളിവയറ്റില്‍ തുടങ്ങിയിട്ടുണ്ടാകും.

വേവിച്ച ചക്കയും മീന്‍കറിയും മിക്കപ്പോളും ഉണ്ടാകും, ഊണ് കഴിഞ്ഞിട്ട് നീണ്ടു നിവര്‍ന്നു ഒരു ഉറക്കം, ഉണരുംപോളെക്കും റബ്ബര്‍ഷീറ്റ് അടിക്കാനുള്ള സമയം ആയിട്ടുണ്ടാകും ഷീറ്റടിയും വിരിക്കലും പിന്നെ വീട്ടിലെ അല്ലറ ചില്ലറ പണികളും കഴിയുംപോളെക്കും നേരം സന്ധ്യആയിട്ടുണ്ടാകും പിന്നെ അടുത്തുള്ള കൊച്ചു കവലയില്‍ പൊയ് ഒരു ചായയും കുടിച് കുറച്ചു സമയവും സല്ലപിച്, രാത്രി വീട്ടിലെ അത്താഴവും കഴിയുമ്പോള്‍ കിഴക്കന്‍ മലയോരത്തെ റബ്ബര്‍ കര്‍ഷകന്റെ ഒരു ദിവസം അവസാനിക്കുന്നു.

ഇനി തുടക്കത്തില്‍ നമ്മള്‍ കേട്ട കൂവല്‍ അതിനെകുറിച്ചും അറിയണമല്ലോ? അതൊരു സൂചനയാണ് റബ്ബര്‍ വെട്ടി ജീവിക്കുന്ന കര്‍ഷകര്‍ മാനത്ത് മഴക്കോള് കണ്ടാല്‍ പരസ്പരം അറിയിക്കുന്ന മാര്‍ഗം.


(ഇന്നത്തെക്കാലത്ത് ഇങ്ങനെയുള്ള കര്‍ഷകര്‍ വളരെ കുറഞ്ഞു മലയോരമെഖലയും ഒരുപാട് മുന്പോട്ട് കുതിച്ചു. ഇന്നത്തെ ഞാന്‍ ഉള്‍പെടുന്ന  തലമുറയോട് ടാപ്പിംഗ് എന്ന് പറഞ്ഞാല്‍ പറഞ്ഞവനെ പുഛ്ചിക്കുമായിരിക്കും.)

2014, ജനുവരി 12, ഞായറാഴ്‌ച

കുലത്തൊഴില്‍



പലരാത്രികളെയും പോലെ അന്നും അയാള്‍ ഉറങ്ങിയില്ല, അതിരാവിലെ എഴുന്നേല്‍ക്കണം പിന്നെ കുലതോഴിലിലേക്ക്.

 അന്നും അതിരാവിലെ അയാള്‍ എഴുന്നേറ്റു കുളിച്ചു, അല്‍പനേരം പ്രാര്‍ത്ഥനയിലേക്ക് പിന്നെ ദൂരെ ഇന്നത്തെ അന്നത്തിനായുള്ള നടത്തം, യാത്രയില്‍ ഉടനീളം ചിന്തകള്‍ അയാളെ അലട്ടി, കുലത്തൊഴില്‍ ഇത് നിര്‍ബന്ധിതമാണല്ലോ? സമൂഹം തന്റെ കുടുംബത്തില്‍ അടിച്ചേല്പിച്ച തൊഴില്‍, നിരാശയും മടുപ്പും അയാളുടെ മനസ്സിനെ തളര്‍ത്തി, ഒടുവില്‍ അവിടെ എത്തിയപ്പോളെ ക്കും നന്നായി വിയര്ത്തിരുന്നു.

നേരം പരപരാ വെളുക്കുന്നു ഇരുണ്ടമുറി, തോക്കുധാരികളുടെയും കോട്ടുധാരികളുടെയും ഇടയില്‍  ഇടറിയ മനസ്സോടെ അയാള്‍ വാച്ചിലെ സൂചികളുടെ ചലനം വീക്ഷിച്ചു പിന്നീട് രണ്ടുകണ്ണും അടച്ച് അയാള്‍ ആ ഇരുമ്പുദണ്ടില്‍ വലിച്ചു, അവിടെ ഒരു ജീവിതം കൂടെ കയറില്‍ തൂങ്ങിയാടി. അങ്ങനെ ആരാച്ചാരുടെ ജീവിതത്തിലെ ഒരു ദിനം കൂടി.