2018, ഏപ്രിൽ 14, ശനിയാഴ്‌ച

പ്രവാസത്തിന്റെ പതിനൊന്നാം വർഷത്തിൽ ഒരു തിരിഞ്ഞുനോട്ടം

നാട്ടിൽ വണ്ടിപ്പണിയും ചെയ്തു ജീവിക്കുന്ന കാലത്താണ് ഗൾഫിലേക്കുപോകാൻ ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാർക്ക് ദൈവംതമ്പുരാനായിട്ട് ഒരവസരം വച്ചുനീട്ടിയത്, അതും കപ്പലിലെ ജോലി.

സന്തോഷംകൊണ്ട് ശ്വാസംമുട്ടി ഉച്ചിയുംകുത്തിമറിയുവാനുള്ള ആവേശം ഉള്ളിൽ നിറഞ്ഞു, ഒന്നിച്ചു പഠിച്ചവരും ജോലി ചെയ്തവരും ഒരു നാട്ടുകാരുമൊക്കെയായ ഞങ്ങൾ ഒന്നിച്ചുകൂടി കൂലംകശമായ ചർച്ചകളിൽ ഏർപ്പെട്ടു, ദാസനും വിജയനുമൊക്കെ ചർച്ചകളിൽ നിറഞ്ഞാടി.

കപ്പൽ, കടൽ, വെള്ളതൊപ്പി വെള്ളകുപ്പായം, വെള്ള പാന്റ്സ് ഹയ് ഹയ് പൊളിക്കും നമ്മൾ, വണ്ടിപ്പണി പഠിച്ച നമ്മൾ എങ്ങനെ കപ്പലിൽ പണിയും? ഹെയ് ജോലിതരുന്നവനറിയില്ലേ നമ്മുടെ പരിചയം എന്തിന് പേടിക്കാൻ, ആപ്പം തൊപ്പം ഓടിനടന്ന് കിട്ടിയ കാശെല്ലാം കടംവാങ്ങി ബോംബെക്കാരൻ ഏജന്റിന്റെ പള്ളയിൽ തള്ളിയിട്ട് കടൽ കടന്നു.

വിശാലമായ ദുബായ്, അ....ടിപൊളി, കമ്പനിയിൽ ചെന്നു കയറി ചുറ്റുപാടുമൊക്കെ ഒന്നു വീക്ഷിച്ചു, നീലക്കുപ്പായമിട്ടു പൊരിവെയിലത്തു പണിയെടുക്കുന്നവനെ കണ്ടപ്പോ പാവംതോന്നി, ഓരോ മനുഷ്യരുടെ ഗതിയെ, മ്മടെ വെള്ളക്കുപ്പായവും പ്രതീക്ഷിച്ചു കയ്യുംകെട്ടി നിന്നപ്പോൾ ഒരു കിളവൻ ഭയ്യാൻ ധാ കൊണ്ടുവരുന്നു രണ്ടു ജോഡി നീല കവറോളും സ്ഫേറ്റിഷൂവും പിന്നെ എടുത്താൽ പൊങ്ങാത്ത ഒരു ചുറ്റികയും കുറെ സ്പാനറുകളും, രണ്ടുകയ്യും നീട്ടി വാങ്ങിയ ശേഷം പരസ്പരമൊന്നു നോക്കി.

നേരെ കപ്പലിലേക്ക്, മനുഷ്യന്റെ മോന്തായത്തിന്റെ വലുപ്പമുള്ള തുരുമ്പിച്ച നട്ടും ബോൾട്ടും കൂടത്തിനടിച്ചു പൊട്ടിക്കുമ്പോൾ നടുവിന്റെ ഊപ്പാട് ഇളകി, വിയർത്തുകുളിച്ചു മേലാകെ വേദനയുമായി കപ്പലിന്റെ ഫോർപീക്കിൽ കടലിലേക്കു നോക്കി കാറ്റുകൊള്ളാനിരുന്നപ്പോൾ വെള്ളക്കുപ്പായവും സ്വപ്നംകണ്ട് കടൽ കടന്നവൻ എന്നെ നോക്കി പല്ലിളിച്ചു.

ഇന്നതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം മേലനങ്ങി പണിചെയ്തു വന്നതിന്റെ ഒരു മനസ്സുഖം. പിന്നിലുള്ളതൊക്കെയും പിന്നാലെ വന്നവരെയും കൂട്ടത്തിൽ ഓടിയവരെയും മറക്കുന്നവൻ മനുഷ്യനല്ലല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ