2026 ഒക്‌ടോബർ 3, ശനിയാഴ്‌ച

കവിയുടെ കവിത


✍🏻: ജോജി തോട്ടത്തിൽ 



കവിതകളോടുള്ള ഇഷ്ടംകൊണ്ടാണ് അയാൾ മകൾക്ക് "കവിത" എന്ന് പേരിട്ടത്. അങ്ങനെ കവിത വളർന്നു പള്ളിക്കൂടത്തിലായി. വൃത്തവും പ്രാസവും ഇല്ലാത്ത കവിത പൂർണ്ണമാകില്ലെന്ന് മലയാളം വ്യാകരണ ക്ലാസ്സിൽ അധ്യാപകൻ പറഞ്ഞത് കേട്ട് കവിത ഞെട്ടി, വൃത്തവും പ്രാസവും ഇല്ലാത്ത ഞാനെങ്ങനെ പൂർണ്ണമാകും? 


കവിത പിന്നേം വളർന്നു, പഠിച്ചു, ആ പള്ളിക്കൂടത്തിലെത്തന്നെ മലയാളം അധ്യാപികയായി, കവിതയ്ക്കൊത്തൊരു പയ്യനെ കണ്ടുപിടിച്ചു കല്യാണവും നടന്നു "കവി". നാടും നാട്ടുകാരും അറിയുന്ന  കവിതാ സമാഹാരം എഴുതി പ്രശസ്തി നേടുകയായിരുന്നു കവിയുടെ ജീവിതാഭിലാഷം.


കവിയുടെയും കവിതയുടെയും ആദ്യത്തെ മകന് വൃത്തമെന്നും രണ്ടാമത്തവന് പ്രാസമെന്നും പേരിട്ടു, കവിത പൂർണ്ണമായി, കവി കവിയുമായി. 


വൃത്തവും പ്രാസവും സാമൂഹീക ജീവികളായി വളർന്നു, നിറയെ സുഹൃത്തുക്കൾ ചുറ്റും ആളും ബഹളവും. വൃത്തം വലുതായപ്പോൾ കവിതയെയും കവിയെയും നല്ലൊന്നാന്തരം വിഷമ വൃത്തത്തിലാക്കി, കള്ളുകുടിച്ചു സർവ്വതും തുലച്ചു, അതെ സമയം പ്രാസം നേരെ വിപരീതമായിരുന്നു അവൻ പേരിനൊത്തു വളർന്നു, നല്ല മൂത്ത കഞ്ചാവ് മാത്രം വലിച്ചു പ്രാസമൊപ്പിച്ചു നാട്ടുകാരെ തെറി വിളിച്ചു നടന്നു.


കവിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ നാടറിയുന്നവയായി മാറി. കവിത വീണ്ടും പൂർണ്ണമായി!

2026 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഹൃദയം


 ✍🏻: ജോജി തോട്ടത്തിൽ 


ആശുപത്രിയുടെ വാതിൽ തുറന്ന് അരുൺ വെളിയിലേക്കിറങ്ങി, വാതിൽ തുറന്നപ്പോൾത്തന്നെ ശരീരത്തിലേക്ക് തണുപ്പ് അരിച്ചുകയറുന്നുണ്ടായിരുന്നു, ഇരുട്ട് മാറിയിട്ടില്ല പക്ഷെ, നേരിയ ചുവപ്പുകലർന്ന ആകാശത്തിന് പതിവിലും ഭംഗിയുള്ളതായിട്ട് തോന്നി, പുൽക്കൊടിത്തുമ്പിൽ ഇളം മഞ്ഞു തുള്ളികൾ ഉറഞ്ഞു നിൽക്കുന്നത് അരണ്ട വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയായിരുന്നു. ആശുപത്രിയുടെ പിന്നിൽ നിന്നും ഹെലിക്കോപ്റ്റർ വലിയ ശബ്ദത്തോടെ മേലേക്കുയർന്നു.


ഹെലിക്കോപ്റ്റർ കണ്ണിൽനിന്ന് മറയുവോളം അവൻ ആകാശത്തേക്ക് നോക്കി നിന്നു, ഒരു മനുഷ്യന്റെ ഹൃദയമാണ് ആ പോയത്, ഞാൻ എന്റെ കണ്മുൻപിൽ കണ്ടതാണ് ആ മിടിക്കുന്ന ഹൃദയം, ഇന്നലെ വൈകുന്നേരം ആ വാഹനാപകടം നടന്നതുമുതൽ അല്പം മുമ്പുവരെയും ഞാനും ആ മനുഷ്യനോടൊപ്പമുണ്ടായിരുന്നു, ഡോക്ടറുമാരും നേഴ്‌സുമാരും അല്ലാതെ ആരും കടക്കാത്ത ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പോലും ഞാനും ഈ രാത്രി മുഴുവൻ ഉണ്ടായിരുന്നു, ഞാനിത് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ആ ജീവൻ രക്ഷിക്കാൻ ആവോളം അവർ ശ്രമിക്കുന്നത് ഞാൻ എന്റെ കണ്ണുകൾകൊണ്ട് കണ്ടു പക്ഷെ  അവസാനം, ആ നെഞ്ചുപിളർന്നു വാരിയെല്ലുകൾക്കിടയിൽനിന്ന് മിടിക്കുന്ന ഹൃദയം പുറത്തെടുക്കുന്നതും ഞാൻ കണ്ടു ചുടുചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധമാണ് അവിടെയെല്ലാം. 


അരുൺ മെല്ലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു, "സമയമെന്തായി?" അടുത്തുനിന്ന ആളോട് അവൻ ചോദിച്ചു പക്ഷെ അയാൾ അവനെ കണ്ടഭാവം നടിച്ചില്ല, അപ്പോളാണ് ബസ് ഷെൽട്ടറിലെ ക്ലോക്കിലെ സമയം അവൻ ശ്രദ്ധിച്ചത് നാലര കഴിഞ്ഞു, ഞാനിതുവരെ വീട്ടിൽ വിളിച്ചിട്ടില്ല എന്റെ ഫോൺ എവിടെയെന്ന് പോലും അറിയില്ല, അവളും കുഞ്ഞുങ്ങളും എന്നെ നോക്കിയിരിക്കുന്നുണ്ടാവില്ലേ? ദൂരെനിന്ന് ബസ് വരുന്നത് കണ്ടപ്പോൾത്തന്നെ അരുൺ ഷെൽട്ടറിൽനിന്ന് പുറത്തേക്കിറങ്ങി നിന്നു.


ബസിന്റെ മുകളിലത്തെ നിലയിലെ മുൻ സീറ്റിൽ ഇരുന്ന് ഇംഗ്ലണ്ടിലെ റോഡും വീടും ചുറ്റുപാടുകളുമൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, നേരം വെളുത്തു വരുന്നുണ്ട്, ഇവിടെയിരുന്ന് ദൂരെയുള്ള ആകാശചരുവിൽ അരിച്ചിറങ്ങുന്ന ഇളം ചുവപ്പു കലർന്ന വെളിച്ചം കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മയാണ്, ചെറു പട്ടണങ്ങളും പാലങ്ങളും കാടും കടന്ന് ബസ് അരുണിന്റെ വീടിനടുത്തെത്തിയപ്പോളേക്കും നേരം വെളുത്തിരുന്നു. ബസിറങ്ങുമ്പോൾ ശ്രീജിത് ബസിലേക്ക് തിരക്കുപിടിച്ചു കയറുന്നുണ്ടായിരുന്നു "ഡാ ശ്രീജിത്തേ" അവൻ ശ്രദ്ധിച്ചുപോലുമില്ല ഫോണിലാണ്. അരുൺ മെല്ലെ നടന്നു,. തലയ്ക്ക് നല്ല ഭാരം തോന്നി ഉറങ്ങാത്ത ക്ഷീണവും ഒരു മനുഷ്യന്റെ മരണം  കണ്മുൻപിൽ കണ്ടതിന്റെ മരവിപ്പും. തലച്ചോറിലെ ജീവന്റെ ലക്ഷണങ്ങൾ നിലച്ച മനുഷ്യന്റെ അവയവങ്ങൾ എടുക്കുന്നതിന് ഓർഗൻ ഹാർവെസ്റ്റ് എന്നാണ് പറയുന്നത് "വിളവെടുപ്പ്" മരണത്തിലും മറ്റാളുകളുടെ ജീവനുവേണ്ടി വിളയായി മാറിയവൻ സുഹൃത്തേ നീ അനേകരിലൂടെ ജീവിക്കുന്നു നിന്റെ ശരീരം മണ്ണിലേക്ക് അലിഞ്ഞു ചേർന്നാലും നീ ജീവിക്കും. 


ചിന്തകളുടെ ലോകത്തുകൂടെ നടന്ന് വീടെത്തി, ആരും എഴുന്നേറ്റിട്ടുണ്ടാവില്ല, അവൻ കാളിംഗ് ബല്ലിൽ വിരലമർത്തി പക്ഷെ മരവിച്ച വിരലുകൽക്കൊണ്ട്‌ അവനതിൽ തൊടാൻപോലും കഴിയുന്നില്ലായിരുന്നു, വാതിലിൽ മുട്ടിയിട്ടും അവന്റെ കൈകൾക്ക് ബലമില്ലാത്തതുപോലെ, അങ്കലാപ്പോടെ അവൻ ചുറ്റുംനോക്കി, "അനിതാ,,," അവൻ ഉച്ചത്തിൽ വിളിച്ചു, വീടിനു ചുറ്റും നടന്നു ജനലിനുള്ളിലൂടെ  അകത്തേക്ക് നോക്കി, ഇല്ല, ആരും എന്നെ കേൾക്കുന്നില്ല! വാതിലിനു മുൻപിലെ തണുത്ത കല്ലിൽ വീടിനുള്ളിലേക്ക് നോക്കിക്കൊണ്ട്‌  അരുൺ ഇരുന്നു. 


നേരം മെല്ലെ വെളുത്തു അയല്പക്കത്തുള്ളവർ വീടിനുമുൻപിൽ ഒന്നും രണ്ടുമായി ഒത്തുകൂടി, അനിതയും മക്കളും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരികെയെത്തി, വീട്ടിലേക്ക് പരിചയക്കാരുടെ ഒഴുക്ക് തുടർന്നു, ബ്രിട്ടീഷ് മലയാളികളുടെ സോഷ്യൽ മീഡിയകൾ അരുണിന്റെ ചിത്രവും വിവരണങ്ങളുംകൊണ്ട് നിറഞ്ഞു. "അനേകർക്ക് ജീവൻ പകുത്തുനൽകി മലയാളിയായ യുവാവ് യാത്രയായി". കണ്മുൻപിൽ കണ്ട മരണവും മൊറ്റൊരാൾക്ക് പകുത്തുനൽകിയ മിടിക്കുന്ന ഹൃദയവും തന്റേതായിരുന്നെന്ന യാഥാർഥ്യത്തിൽ വിറങ്ങലിക്കുവാൻ അയാൾക്ക് വേദനിക്കുന്ന ശരീരം ഉണ്ടായിരുന്നില്ല. അരുൺ മെല്ലെ പുറത്തേക്കിറങ്ങി നടന്നു, നടപ്പാതയിൽ കൂടിനിന്ന ആളുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശാവും ഒഴുകി നടക്കുന്ന മേഘങ്ങളും നോക്കി നടക്കുമ്പോൾ അവന്റെ കൂട്ടുകാർ ആ വഴിയിൽ നിർത്തിയിട്ട ഒരു കാറിന്റെ ബൂട്ടിലെ തുറന്ന കുപ്പിക്കുചുറ്റും അവന്റെ ഓർമ്മകളും നന്മകളും പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. നാടും നഗരവും അതിർത്തികളും കടന്ന് അരുൺ യാത്ര തുടർന്നു.


2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കാലൻ

പുള്ളിക്കാരൻ രാവിലെതന്നെ പോത്തിന് കാടിവെള്ളവും കൊടുത്ത്, കുടുക്കിട്ട കയറും കഴുത്തിൽ ചുറ്റി, കോലാപ്പുരി ചെരുപ്പിട്ട കാലുകൾ നല്ല സ്റ്റൈലിൽ പോത്തിന്റെ സൈഡിലോട്ട് തൂക്കിയിട്ട് ഡ്യൂക്ക് ബൈക്കിൽ ചെത്തുപിള്ളേർ പായുന്നതുപോലെ പോത്തുമ്പുറത്ത് പാഞ്ഞുവിടാൻ നോക്കി, പോത്തിന്റെ കൊമ്പിൽ ആഞ്ഞുകറക്കിയിട്ടും ആക്സിലറേറ്റർ കൂടുന്നില്ല, പഴയ പിക്കപ്പ് പോര. സൈക്കിളുചവിട്ടുന്ന കിളവൻമ്മാരൊക്കെ ഓവർടേക്ക് ചെയ്തു പോകുന്നു, പോത്തിനേയുംകൊണ്ട് ഈ സ്പീഡിൽ പോയാൽ വല്ല KSRTCയും കയറി കാലൻ ചത്തെന്ന് പത്രത്തിൽവരും അതുകൊണ്ട് റോഡിന്റെ സൈഡുപിടിച്ച് പതുക്കെ സവാരിതുടങ്ങി.


ജനങ്ങളൊക്കെ അഡ്വാൻസ് ടെക്നൊളജിയിലായി കാലൻമാത്രം കാലങ്ങളായി പോത്തുംതള്ളി നടപ്പാണ്, പണ്ടൊക്കെയാണെങ്കിൽ മാടൻ അടിച്ചെന്നുംപറഞ്ഞ് നാട്ടുകാരെ പറ്റിച്ച് വഴിയേനടക്കുന്നവനെയൊക്കെ പൊക്കി ടാർഗറ്റ് തികയ്ക്കാമായിരുന്നു ഇപ്പൊ കാലം മാറി മാടനടിയൊക്കെ ഹാർട്ടറ്റാക്കാണെന്ന് മനുഷ്യന് മനസ്സിലായി, വെടിച്ചില്ലുപോലെ ബൈക്കിൽ കീച്ചുന്ന പിള്ളാരെ പുറകെ ഓടി കുടുക്കെറിഞ്ഞുപിടിക്കാൻ പോത്തിന് പഴയ പിക്കപ്പ്‌ പോര, ബൈക്കിൽ വച്ചുകീച്ചുന്നവന്റെ മുൻപിൽ കയറു വലിച്ചുകെട്ടി തള്ളിയിട്ട് കുറേയെണ്ണത്തിനെയൊക്കെ പൊക്കാം, എന്നാലും ഓടി നടന്ന് വേട്ടയാടിപ്പിടിക്കുന്ന സുഖം പോരാ, കയറു വലിച്ചുകെട്ടി തള്ളിയിട്ടുകൊന്നതാണെന്നൊക്കെ പരലോകത്തറിഞ്ഞാൽ ആകെ നാണക്കേടാണ്. ഛെ..


കാര്യങ്ങളാലോചിച്ച് കാലൻ സവാരി നടത്തുമ്പോളാണ് കർത്താവും കൃഷ്ണനും നബിയുമൊക്കെ രൂപക്കൂടും കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയുമൊക്കെയായിട്ട് നാടുനീളെ ബ്രാഞ്ചുകളുള്ള കോർപ്പറേറ്റുകളായി വളർന്ന കാഴ്ച്ച കാലന്റെ കണ്ണുകളിലൂടെ തുളച്ചുകയറി ചങ്കിൽ കൊണ്ടത്, കാലനാണെന്നു പറഞ്ഞാൽ നാട്ടുകാര് ചാണയ്‌ക്ക് കയറ്റും, പണ്ടേ ഒരു ഇമേജ് ഉണ്ടാക്കിയിരുന്നെങ്കിൽ സൂത്രത്തിൽ കാശുമുണ്ടാക്കി കാശിടുന്നവരെ കശാപ്പിട്ട് ജീവിക്കാരുന്നു, ഇതിപ്പോ പോത്തിന് കാടികൊടുക്കാൻപോലും പരലോകത്തൂന്ന് സഹായധനം കമ്മിയാണ്, ശാസ്ത്രം മനുഷ്യനെ കൊല്ലുന്നുണ്ട് പിന്നെ കാലന്റെ ആവശ്യമില്ലത്രേ, ഡിമാൻഡ് കുറഞ്ഞു, പരലോകത്തൂന്ന് ടെർമിനേഷൻ ലെറ്റർ കിട്ടും മുൻപേ വല്ല രൂപക്കൂടോ, കാണിക്കവഞ്ചിയോ, നേർച്ചപ്പെട്ടിയോ ഒക്കെയായി ഒതുങ്ങാൻ പറ്റിയാലേ ഇനിയുള്ള ജീവിക്കാൻ പറ്റൂ, പശുവിന്റെ അമ്മാവനാണ് പോത്തെന്നും പറഞ്ഞ് വല്ലവനും ചാണയ്‌ക്കിടുന്ന കാലം വരുന്നതിനുമുമ്പേ പോത്തിനെ വല്ല അനാഥാലയത്തിലുമാക്കണം.


കാശില്ലാതെ ജീവിക്കാൻ പാടാണ് ഹേ..

പ്രണയം


ഒരിക്കലാ കുന്നിൻ ചരിവിലൂടെ

ഇലകളിളകുന്ന വഴികളിലേറെ ദൂരം 

കരങ്ങൾ കവർന്നു നടന്ന കാലം 

മനസ്സു പകർന്ന വസന്തകാലം


അവിടെയാ വഴികളിൽ 

പ്രണയം തളിർത്തിരുന്നു 

ഇലകൾ വിരിച്ച പ്രണയ വൃക്ഷം

തണലാക്കി നമ്മൾ കഥകൾ കൂട്ടി 


കണ്ണുകൾ തമ്മിൽ സല്ലപിച്ചു 

മനസ്സുകൾ തമ്മിൽ കഥകൾ പറഞ്ഞു 

ഇരുകൈകളും കൊരുത്തു ചേർത്ത് 

ദൂരേക്കു നോക്കി നടന്ന കാലം 


ഒരിക്കലും തീരാത്ത കഥ പറയവേ 

പൊടുന്നനെ വന്നൊരു കൊടുങ്കാറ്റിലാ 

മരത്തിലെ ചില്ലകൾ അടർന്നു വീണു 

ഇലകൾ അടർന്നു മണ്ണിലണഞ്ഞു 


ഇലകൾ കൊഴിഞ്ഞു വീണ കൊമ്പിലെ 

കിളികൾ കൂട്ടമായ് പറന്നു പോയ്‌ 

പ്രണയ വൃക്ഷത്തിന്റെ വേരുകളിൽ 

ചിതലുകൾ മൺകൂടു കൂട്ടി വാണു


ഇനിയുമൊരിക്കലും തിരികെ 

വരില്ലാ വസന്ത കാലം 

ഇനിയുമീ വൃക്ഷം പൂക്കുകില്ല 

തണലിനു പോലും തളിർക്കുകില്ല 


ഉണങ്ങാതെ ഉള്ളിൽ ജീവനൊളിച്ച  

പ്രണയ വ്യക്ഷം കാലങ്ങളായ് 

ഒരിറ്റു ജീവന്റെ തുടിപ്പേറ്റുവാങ്ങ്ങുവാൻ 

തെളിനീരു തേടി വേരോടിച്ചു 


ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും 

വരുമോ വസന്തം തളിരായെങ്കിലും 

പച്ചപ്പു പുൽകുവാനാകുമോ ഈ 

വൃക്ഷത്തിൻ വേരുകൾ ബലമേകുമോ


2018 ഏപ്രിൽ 14, ശനിയാഴ്‌ച

വേദനയോടെ പ്രീയ കക്കാട്ടാറെ

(കാക്കാട്ടാറേ നീ കവർന്ന പിഞ്ചു ജീവനെ ഓർത്ത്)

തെളിനീർ തുള്ളികളായൂറിയിറങ്ങി നീ
തടയിണകളിലെ വലിയജലാശയമായ്
പിന്നെ വറ്റിയും വരണ്ടുമിഴഞ്ഞൊഴുകി
ഇരുകരയെ കുളിർക്കുന്ന വലിയ പ്രവാഹമായ്

ഒരുനാടിന്റെ നാഡിയായ്, മിടിപ്പായ്
അരഞ്ഞാണക്കെട്ടുപോലീ ഗ്രാമത്തെ
ചുറ്റിപ്പിണഞ്ഞോരു വലിയപുഴയായി
തുള്ളിച്ചാടിയൊഴുകുന്ന കക്കാട്ടാറെ

എന്റെ നാടിന്റെ ഊർജ്ജമാണു നീ
എന്റെ ഉള്ളിന്റെ കുളിരാണു നീ
തെളിനീരിൻ കുളിർത്ത ജലാശയമാണ് നീ
ഇളം മനസ്സുകൾക്ക് ആവേശമാണ് നീ

ഇരുകരയെയും നനച്ചു കുളിർത്തൊഴുകി
മാമലയുടെ ജീവവാഹിനിയായി മെല്ലെ മെല്ലെ
ദൂരെയാ പമ്പതൻ മാറിലലിയുന്ന നീ
പുണ്യജല വാഹിനിയാം കക്കാട്ടാറെ

ഉണ്ണികൾ നീരാടിവളർന്ന കക്കാട്ടാറെ
ഉണ്ണികളേ മാറിൽ താലോലിച്ച കക്കാട്ടാറെ
"കരളിനു കുളിർമ്മനൽകിയ കക്കാട്ടാറെ
കരളു പറിച്ചെടുത്തു നീ ഒഴുകിയകന്നുവോ?"

പ്രവാസത്തിന്റെ പതിനൊന്നാം വർഷത്തിൽ ഒരു തിരിഞ്ഞുനോട്ടം

നാട്ടിൽ വണ്ടിപ്പണിയും ചെയ്തു ജീവിക്കുന്ന കാലത്താണ് ഗൾഫിലേക്കുപോകാൻ ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാർക്ക് ദൈവംതമ്പുരാനായിട്ട് ഒരവസരം വച്ചുനീട്ടിയത്, അതും കപ്പലിലെ ജോലി.

സന്തോഷംകൊണ്ട് ശ്വാസംമുട്ടി ഉച്ചിയുംകുത്തിമറിയുവാനുള്ള ആവേശം ഉള്ളിൽ നിറഞ്ഞു, ഒന്നിച്ചു പഠിച്ചവരും ജോലി ചെയ്തവരും ഒരു നാട്ടുകാരുമൊക്കെയായ ഞങ്ങൾ ഒന്നിച്ചുകൂടി കൂലംകശമായ ചർച്ചകളിൽ ഏർപ്പെട്ടു, ദാസനും വിജയനുമൊക്കെ ചർച്ചകളിൽ നിറഞ്ഞാടി.

കപ്പൽ, കടൽ, വെള്ളതൊപ്പി വെള്ളകുപ്പായം, വെള്ള പാന്റ്സ് ഹയ് ഹയ് പൊളിക്കും നമ്മൾ, വണ്ടിപ്പണി പഠിച്ച നമ്മൾ എങ്ങനെ കപ്പലിൽ പണിയും? ഹെയ് ജോലിതരുന്നവനറിയില്ലേ നമ്മുടെ പരിചയം എന്തിന് പേടിക്കാൻ, ആപ്പം തൊപ്പം ഓടിനടന്ന് കിട്ടിയ കാശെല്ലാം കടംവാങ്ങി ബോംബെക്കാരൻ ഏജന്റിന്റെ പള്ളയിൽ തള്ളിയിട്ട് കടൽ കടന്നു.

വിശാലമായ ദുബായ്, അ....ടിപൊളി, കമ്പനിയിൽ ചെന്നു കയറി ചുറ്റുപാടുമൊക്കെ ഒന്നു വീക്ഷിച്ചു, നീലക്കുപ്പായമിട്ടു പൊരിവെയിലത്തു പണിയെടുക്കുന്നവനെ കണ്ടപ്പോ പാവംതോന്നി, ഓരോ മനുഷ്യരുടെ ഗതിയെ, മ്മടെ വെള്ളക്കുപ്പായവും പ്രതീക്ഷിച്ചു കയ്യുംകെട്ടി നിന്നപ്പോൾ ഒരു കിളവൻ ഭയ്യാൻ ധാ കൊണ്ടുവരുന്നു രണ്ടു ജോഡി നീല കവറോളും സ്ഫേറ്റിഷൂവും പിന്നെ എടുത്താൽ പൊങ്ങാത്ത ഒരു ചുറ്റികയും കുറെ സ്പാനറുകളും, രണ്ടുകയ്യും നീട്ടി വാങ്ങിയ ശേഷം പരസ്പരമൊന്നു നോക്കി.

നേരെ കപ്പലിലേക്ക്, മനുഷ്യന്റെ മോന്തായത്തിന്റെ വലുപ്പമുള്ള തുരുമ്പിച്ച നട്ടും ബോൾട്ടും കൂടത്തിനടിച്ചു പൊട്ടിക്കുമ്പോൾ നടുവിന്റെ ഊപ്പാട് ഇളകി, വിയർത്തുകുളിച്ചു മേലാകെ വേദനയുമായി കപ്പലിന്റെ ഫോർപീക്കിൽ കടലിലേക്കു നോക്കി കാറ്റുകൊള്ളാനിരുന്നപ്പോൾ വെള്ളക്കുപ്പായവും സ്വപ്നംകണ്ട് കടൽ കടന്നവൻ എന്നെ നോക്കി പല്ലിളിച്ചു.

ഇന്നതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം മേലനങ്ങി പണിചെയ്തു വന്നതിന്റെ ഒരു മനസ്സുഖം. പിന്നിലുള്ളതൊക്കെയും പിന്നാലെ വന്നവരെയും കൂട്ടത്തിൽ ഓടിയവരെയും മറക്കുന്നവൻ മനുഷ്യനല്ലല്ലോ?

2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച

കലി

എരിവേനൽപക്ഷികൾ തെളിനീരൂതേടുന്ന
കരിമണ്ണിൻ കനലാഴിക്കാട്ടിൽ
ഉരുകുന്ന മനസ്സിലെ ഉമിനീരുമാത്രമായ്
അലയുന്നോരുയിർ വാടിയ വേഴാമ്പലായ്
ഉലകത്തിൽ ഉയിരോടുയർന്നു പാറുവാൻ
ചിറകുകുകൾ കരുതരായവർ മാത്രമായ്
ഉണ്ണാനു മുറങ്ങാനുമക്ഷരം നേടാനും
മടിയിൽ കനമുള്ള മേലാളർ മാത്രമായ്
ഇവിടെ തെരുവിൽ അലയുന്നായിരങ്ങൾ
പുറമ്പോക്കുഭൂവിലെ ചെറ്റക്കുടിലുകൾ
കാമത്തിൻ കഴുകൻ കണ്ണുകളിൽനിന്നും
കൗമാരത്തെ കാക്കുവാൻ പാടുപെടുന്നില്ലേ
തെരുവിൽ ചിന്തിയ ബാല്യങ്ങളും
നിങ്ങൾ വലിച്ചുകീറിയ കൗമാരങ്ങളും
നിലാവിനെ സ്വപ്നംകണ്ട കതിർ നാമ്പുകളല്ലേ?
സ്വപ്‌നങ്ങളിൽ തളിർത്ത മനസ്സുകളല്ലേ?
ഓടിച്ചു കളഞ്ഞൂനിങ്ങൾ മൊട്ടിട്ട കൗമാരങ്ങളെ
ഇറുത്തു കളഞ്ഞൂനിങ്ങൾ വിടർന്ന പൂവുകളെ
ഇലപോലും ശേഷിക്കാതെ വെട്ടിക്കളഞ്ഞുനിങ്ങൾ
ഈ ഭൂവിലെ തെരുവിൻ ബാല്യങ്ങളെ
ഇവിടെ സ്വപ്നങ്ങൾക്ക് അതിരുകൾ വീണു
ഇതളിനു കരിവിഷം മരുന്നായി മാറ്റി
ഇതാണാ ഇരുണ്ട കാലം കിനാവിനെ
കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം