2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഭാര്യ അറിയാതെ

മനോഹരമായി പ്രകാശ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ബുര്‍ജ്കലീഫയുടെ ഭംഗി ദൂരെ മിന്നി മിനുങ്ങുന്നു, ഒന്ന് ചുറ്റിനോക്കിയാല്‍ എന്ത് ഭംഗിയാണ് ദുബായ്, മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച് അയാള്‍ ഭാര്യയോടുപോലും പറയാതെ മുറിവിട്ടുപുറത്തേക്കിറങ്ങി വെറുതെ നടന്നു,

തെരുവോരങ്ങള്‍ക്ക് എന്നും കാണുന്നതിലും ഭംഗി അയാള്‍ക്ക്‌ തോന്നി, അരപ്പാവാടയും കുട്ടിനിക്കറുമൊക്കെയായി വിദേശ വനിതകള്‍ കോഫീ ഷോപ്പുകളിലും മാളുകളിലും ഒക്കെ ഒഴുകിനീങ്ങുന്നു, കുറുക്കനെപ്പോലെ അയാള്‍ വെറുതെ കറങ്ങിനടന്നു,

തേടി നടന്നപോലെ ധാ വരുന്നു ഒരു പെണ്‍കുട്ടി, നാടന്‍ സുന്ദരി, നാട്ടില്‍ ബസ്സ്റ്റോപ്പില്‍ എറിഞ്ഞു ശീലമുള്ള ഒരു നോട്ടം അയാള്‍ എറിഞ്ഞുനോക്കി, കിട്ടി....... തിരിച്ചൊരു കൊളുത്തിവലിക്കുന്ന ചിരികിട്ടി, മതി... മൈലെണ്ണ പുരട്ടി നാടന്‍ ചൂരലുകള്‍ വളച്ചിട്ടുള്ള അയാള്‍ക്ക്‌ അത് ധാരാളം, അവളുടെ പുറകെ അങ്ങുകൂടി.

നടത്തം അല്പം വേഗത്തിലാക്കി അയാള്‍ അവളുടെ ഒപ്പത്തിനു പിടിച്ചു, എവിടാ നാട്, എന്താ പേര് അങ്ങനെ സൊള്ളി സൊള്ളി ഒരു വിധം സൌഹൃത വലയത്തിലെത്തി, ഒരു കോഫി ആയാലോ? ആവല്ലോ, വീണു... അയാള്‍ മനസ്സിലുറപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മ പെട്ടന്ന് മനസ്സില്‍ ഓടിയെത്തി അവളോട്‌ പോകാന്‍ പറ മനസ്സില്‍ വീണ്ടും മറ്റൊരു തീരുമാനംകൂടെ എടുത്തു,

ശാലീന സുന്ദരി അല്ലെ മുന്‍പില്‍ നില്‍ക്കുന്നത്? അപ്പൊ ഭാര്യക്ക് അല്പം വിശ്രമം കൊടുക്കാം, അങ്ങനെ കൊഞ്ചലും കുഴയലുമൊക്കെയായി സമയം പോക്കൊണ്ടേയിരുന്നു, രാത്രി ഏറെ വൈകുന്നു സംസാരം ഉച്ചത്തിലായി പൊട്ടിച്ചിരിയായി ഒടുവില്‍ അവള്‍ വെറുതെ അയാളുടെ തോളില്‍ ഒന്നിടിച്ചു, ആഞ്ഞ ഇടിയായിരുന്നു വേദനിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു "ഭഗവാനെ സ്വപ്നമായിരുന്നോ?" ധാ ഭാര്യ കിടന്നുറങ്ങുന്നു നല്ല ഉറക്കം ഉറക്കത്തില്‍ അവള്‍ എന്തോ സ്വപ്നം കണ്ടിട്ട് കൈവച്ച് ഇടിച്ചതാ.

അയാള്‍ അവളെ സൂക്ഷിച്ചു നോക്കി, ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നു പിറുപിറുക്കുന്നു, ദേഷ്യത്തോടെ അയാള്‍ തിരിഞ്ഞു കിടന്നുറങ്ങി, അയാള്‍ക്കറിയില്ലല്ലോ, അവളിപ്പോഴും അപരിചിതനായ ആ പുതിയ സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരുന്നു പൊട്ടിച്ചിരിക്കുന്നതെ ഉള്ളെന്നു.. 

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദയനീയമായ ഒരുനോട്ടം

എന്നും ജോലികഴിഞ്ഞു പുറത്തിറങ്ങിയാല്‍ കാറിനുള്ളില്‍ കുറച്ചു നിമിഷം ഇരുന്നശേഷമേ റൂമിലേക്കുള്ള യാത്ര ആരംഭിക്കാറുള്ളു, ഇന്ന് കാറില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് എന്‍റെ ഡോറിന്‍റെ സൈഡില്‍ കുറേനേരമായി നില്‍ക്കുന്നത് ശ്രദ്ധിച്ചു, ഞാന്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ അദ്ദേഹം എന്‍റെ അടുത്തേക്ക് നടന്നുവന്നു, ഒരുപാട് ചോദ്യങ്ങള്‍ ആ കണ്ണുകളില്‍ മങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

"ഭായ് ഇദര്‍ കുച്ച് ജോബ്‌ മിലേഗാ?"

സ്വന്തം ജോലി ആടി നില്‍ക്കുന്ന ഞാന്‍ ഒന്ന് ഞെട്ടി, എങ്കിലും ആ മാന്യനായ യുവാവിന്‍റെ ചോദ്യം മനസ്സില്‍ ഒന്ന് തറച്ചു അതുകൊണ്ട് കാര്യങ്ങള്‍ ഒക്കെ വെറുതെ തിരക്കി, വിസിറ്റ് വിസയില്‍ വന്നതാണ് ദുബായില്‍, കുറെ ഇന്റര്‍വ്യൂസ് നടന്നു ഒന്നും ശരിയായില്ല, ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് നടന്നുവരികയാണ്, ഒരല്‍പം നിര്‍ത്തിയിട്ട് അദേഹം എന്നോട് ചോദിച്ചു, "ഭായ് ഞാന്‍ ഇപ്പൊ ഏകദേശം 4 കിലോമീറ്ററോളം നടന്നു എനിക്ക് മെട്രോ കാര്‍ഡില്‍ ഇടാനുള്ള മിനിമം പൈസ എങ്കിലും തരുമോ? ഇനി നടക്കാന്‍ വയ്യ രാവിലെ ഒരു ചായ മാത്രം കുടിച്ചതാണ് എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ ഇതുവരെ ആരുടേയും മുന്‍പില്‍ കൈനീട്ടിയിട്ടില്ല" ശബ്ദം ഇടറി കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കാണാതെ അയാള്‍ മുഖംതിരിച്ചു.

സത്യം പറയട്ടെ, എന്‍റെ നെഞ്ചില്‍ കനല്‍ വാരിയിട്ടപോലെ വേദന അനുഭവപ്പെട്ടു. കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസ അയാള്‍ക് കൊടുത്തു, എന്നിട്ടും എന്തോ കുറ്റം ചെയ്ത ഭാവത്തില്‍ എന്നെ നോക്കി നിന്ന് നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുന്ന ആ യുവാവിനെ സമാധാനിപ്പിക്കാന്‍ ഒരുപാട് പാടുപെട്ടു, ദൂരെ മെട്രോ സ്റ്റേഷനുള്ളില്‍ കയറുന്നതിനു തോട്ടുമുന്പും അയാള്‍ തിരിഞ്ഞു ദയനീയമായ ഒരുനോട്ടം നോക്കുന്നുണ്ടായിരുന്നു.

മനസ്സില്‍ എന്നെത്തന്നെ അയാളുടെ സ്ഥാനത് സങ്കല്‍പ്പിച്ചപ്പോള്‍ ഉള്ള് നീറി അയാള്‍ എങ്ങോട്ടായിരിക്കാം പോയത്? മറ്റാരെങ്കിലും സഹായിച്ചുകാണുമോ 

2015 ജനുവരി 30, വെള്ളിയാഴ്‌ച

ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍

പലരും പല മാര്‍ഗ്ഗങ്ങളാണു സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്,

വടക്കേഇന്ത്യയിലെ ജീവിതകാലഘട്ടങ്ങളുടെ പുസ്തകത്താളുകള്‍ അടച്ചുവച്ച് 2007ല്‍ വീണ്ടും കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വലിയ കോട്ടതീര്‍ത്തിരുന്നു.

വിദേശത്ത് ഒരുജോലി അന്നൊക്കെ ഒരു സ്വപ്നമായിരുന്നു, സ്വപ്നംസാക്ഷാത്കരിക്കുന്നത് വരെ കൊല്ലത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്കുകയറി അവിടെവച്ച് ചുരുക്കം ചില സൌഹൃദങ്ങള്‍ ലഭിച്ചു അവരില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശി ധനേഷ്, വളരെ വ്യതസ്തനായ ഒരു സുഹൃത്ത്, സൌഹൃദങ്ങള്‍ക്ക് നല്ലവില കല്പിച്ചിരുന്ന ഒരു യുവാവ്.

ധനേഷിന് അന്നൊരു പ്രണയമുണ്ടായിരുന്നു അന്ന്, ഞങ്ങള്‍ സുഹൃത്തുക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിക്ക് പിടിച്ചപ്രണയം, അവളെക്കുറിച്ച്  എന്തെങ്കിലും പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ആത്മാര്‍ഥമായി സ്നേഹിച്ച രണ്ട് മനസ്സുകളെ അവിടെ ഞാന്‍ കണ്ടു.

ചിലദിവസങ്ങളായി അവന്‍ വളരെ ദുഖിതനായികണ്ടു, അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും പത്തനാപുരത്തിനു പോകുകയായിരുന്നു എന്‍റെ വണ്ടി ചന്ദനത്തോപ്പ് എത്തിയപ്പോള്‍ ധനേഷ് വണ്ടിക്കു കൈകാണിച്ചു എന്നോട് കാര്യങ്ങള്‍ തിരക്കിയശേഷം അവനും കൂടെവരുന്നെന്നു പറഞ്ഞു, ഞങ്ങള്‍ ഒരുമിച്ച് പൊയ് തിരികെ വരുമ്പോള്‍ അവന് വണ്ടി ഓടിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അങ്ങനെ അവന്‍ വണ്ടി ഓടിച്ച് കൊട്ടാരക്കര എത്തിയപ്പോള്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, പൊറോട്ടയും ബീഫ്‌ ഫ്രൈ യും വയറുനിറയെ കഴിച്ച ശേഷം, ചന്ദനത്തോപ്പില്‍ ഇറങ്ങി അവന്‍ വീട്ടിലേക്ക് പോയി,

പിറ്റേദിവസം ശനിയാഴ്ച അവന്‍ ജോലിക്കുവന്നില്ല, അന്ന് വൈകുന്നേരം ഞാന്‍ പത്തനംതിട്ടയ്ക്ക് വണ്ടികയറി, വീട്ടില്‍ എത്തുമ്പോളെക്കും എന്‍റെ ഫോണില്‍ ധനേഷിന്‍റെ മരണവാര്‍ത്തയാണ് എത്തുന്നത്‌, ശ്വാസം നിലച്ചുപോയ ചിലനിമിഷങ്ങള്‍, ആ രാത്രിതന്നെ ഞാന്‍ തിരികെ കൊല്ലത്തെക്കുപോയി, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യചെയ്ത സുഹൃത്തിന്‍റെ ചലനമറ്റ ശരീരം ഇന്നും മായാതെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിക്കിടക്കുന്നു. ഏറിയാല്‍ 22 വയസ്സുണ്ടായിരുന്ന ആ ശരീരം മണ്ണോടു ചേര്‍ന്നു.

പിന്നീടു പലപ്പോളും ചന്ദനത്തോപ്പിലൂടെ വണ്ടിയില്‍ വരുമ്പോള്‍ ധനേഷിന്റെ മുഖം മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നു വരാറുണ്ടായിരുന്നു.

ഓര്‍മ്മകള്‍ സര്‍ക്കാര്‍ ഓഫീസിലെ ഫയലുകള്‍ പോലെയാണ് മനുഷ്യന്‍റെ മനസ്സില്‍ വാരിയിട്ടിരിക്കുന്നത്, ചിലത് നാടകളില്‍ കുടുങ്ങിക്കിടക്കുന്നു, മറ്റു ചിലത് പകുതി കീറിയും ചിതലരിച്ചും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാതെ..

2014 ഒക്‌ടോബർ 12, ഞായറാഴ്‌ച

പ്രതീക്ഷ

കുത്തിയൊലിച്ച മണ്ണിനിടയിലൂടെ നഗ്നപാദയായി അവൾ നടന്നു നീങ്ങി അവളുടെ കണ്ണുകളിലെ  പ്രതീക്ഷയുടെ തീനാളം അണഞ്ഞിരുന്നില്ല, താൻ നെഞ്ചോട്ചേർത്ത് ഉറങ്ങാറുള്ള ആ പാവക്കുട്ടിക്കുവേണ്ടി കടൽ എടുത്ത തന്റെയും അയൽവാസികളുടെയും കുടിലുകൾക്കിടയിലൂടെ പിഞ്ചു പാദങ്ങൾ പിച്ചവച് അവൾ നടക്കുമ്പോൾ,  ഇലകിയൊലിച്ച മണ്ണിനിടയിൽ ആ ഗ്രാമം ഒന്നടങ്കം തിരയുന്നുണ്ടായിരുന്നു തങ്ങളുടെ പ്രീയപ്പെട്ടവരുടെ ജീവൻ തുടിക്കുന്ന ശരീരങ്ങൾക്കായി..

2014 ജൂൺ 12, വ്യാഴാഴ്‌ച

പുലരി

ഇരുളിൻറെ നിഴൽക്കൂത്ത്കളിലൂടെ  ഭയമില്ലാതെ അവളുടെകയ്യുംപിടിച്ച് ദൂരെ പുലരിയിലേക്ക് ഓടി അടുക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകളായിരുന്നു, പുലരിയുടെ ഇളംചൂട്‌കലര്ന്ന പ്രതീക്ഷകൾ.

ഓടി തളർന്ന് പ്രതീക്ഷയുടെ കടലോരത്ത് ദൂരേക്ക്‌ കണ്ണുംനട്ട് ഞങ്ങൾ ഇരുന്നു, സുന്ദര സ്വപ്നങ്ങളുടെ മന്ദമാരുതൻ മുടിയിഴകളെ തഴുകി കടന്നുപോയി..

ദൂരെ കടലിൽനിന്നും ഉദയ കിരണങ്ങൾ കണ്ണുകളിൽ എത്തുംമുൻപേ അവൾ തിരിഞ്ഞു നടന്നപ്പോൾ എൻറെ കണ്ണുകൾക്കും അവള്ക്കും ഇടയിൽ ഇരുൾ വീണ്ടും മൂടുപടം തീർത്തു.

അവൾ മറ്റേതോ പുലരിയിൽ ചേക്കേറി...

2014 മേയ് 7, ബുധനാഴ്‌ച

നന്മയുടെ ഇത്തിരി ലഹരി

എനിക്കുവേണ്ടത്‌ ഒരുകുടം കള്ളാണ്, മായം ചേരാത്ത ഒരുകുടം കള്ള്, എന്‍റെ ഈ നീണ്ട മീശക്കിടയിലൂടെ പൊടിഅരിച്ചുകുടിക്കണം പിന്നെ നീട്ടി ഒരു ഏമ്പൊക്കവും വിട്ടു വീര്‍ത്തകുംഭയുമായി നെഞ്ചുവിരിച്ചു നടക്കണം ചെളിയും കുണ്ടും ചള്ളക്കുഴിയും നിറഞ്ഞ ഈ സമൂഹത്തിന്റെ നെഞ്ചിലൂടെ..

കള്ളത്തരത്തിന്റെയും ദുഷ്പ്രവര്‍ത്തികളുടെയും ചെളിക്കുണ്ട് ഈ സമൂഹത്തിനു നെഞ്ചേറ്റാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നന്മയുടെ ഇത്തിരി ലഹരി നുണഞ്ഞുകൂടാ?......

2014 മാർച്ച് 2, ഞായറാഴ്‌ച

സഹോദരി


മുഖത്ത് ചായം പൂശി ചുവന്ന തെരുവിലും കാമാത്തിപുരയിലുമൊക്കെ സ്വന്തം മാംസം  വില്‍ക്കുവാന്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്ക് കെട്ടും ചിലര്‍ക്കൊക്കെ കണ്ടും കൊണ്ടും പരിചയമുണ്ടാകാം, എന്നാല്‍ ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ദുബായ് നഗരത്തിന്‍റെ നെഞ്ചില്‍ മാംസം വിറ്റു ജീവിക്കുന്ന കുറേ ജീവനുള്ള ശവങ്ങളെ കണ്ടുകിട്ടും.

ഭാരതം എന്‍റെ നാടാണ് എല്ലാഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മ്മാരാണെന്ന് ഹൃദയത്തില്‍ തട്ടി ഏറ്റുചൊല്ലിയിട്ടുള്ളവര്‍ക്ക് സഹോദരന്റെ കണ്ണുകളിലൂടെ മാത്രം ദര്‍ശിക്കാനാകുന്ന കുറേ മാംസപിണ്ടങ്ങളും ഇവിടെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു. ആരും ചിന്തിക്കാത്ത ഈ മേഖലയില്‍ ഉള്ളവരെക്കുറിച്ച് ഒന്ന് മനസ്സിലാക്കുവാന്‍ മനസ്സില്‍ തോന്നി.

ഇതൊരു വമ്പന്‍ നെറ്റ്‌വര്‍ക്കാണ് ഇവിടെത്തന്നെ പലതട്ടില്‍ ഉള്ള ആളുകളുണ്ട്, ഇന്റര്‍നെറ്റ്‌ തുടങ്ങി വിസിറ്റിംഗ് കാര്‍ഡ്കള്‍ വരെ അടിച്ചിറക്കി മാര്‍ക്കെടിംഗ് നടത്തുന്ന വന്‍കിട മാംസക്കച്ചവടക്കാരും, കുട്ടി എജെന്റ്കളെ(മാമാമാര്‍) ഇറക്കി ഇറച്ചിക്കച്ചവടം നടത്തുന്നവരും, ഇരുട്ടിനു മറഞ്ഞുനിന്നു കണ്ണ് കാണിച്ച് കസ്റ്റമേഴ്സ് ഉണ്ടാക്കിയെടുക്കുന്ന കറുമ്പിച്ചികളും എന്ന് വേണ്ട എല്ലാവിധ വിഭാഗങ്ങളും ഇവിടെയുണ്ട്, എന്നുവച്ച് ദുബായ് മുഴുവന്‍ ഇങ്ങനെയാനെന്നല്ല അതിനൊക്കെ ചില സ്ഥലങ്ങള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

നിശാക്ലബ്ബുകള്‍ ഒരു ബിസിനസ് ഡീലിംഗ് സെന്‍ററാണ് വമ്പന്‍ മുതലാളിമാര്‍ക്ക് ഉല്ലസിക്കാനും ഇഷ്ടപ്പെട്ട മുതല്‍ കരസ്ഥമാക്കാനും ഉള്ള ഒരു സ്ഥാപനം, നമ്മുടെ നാട്ടില്‍നിന്നും കയറി വരുന്ന മുതലാളിമാരില്‍ ചെറിയൊരു പങ്ക് ഈ വഴികളിലൂടെയൊക്കെ കറങ്ങുന്നില്ല എന്ന് ഉറപ്പിക്കാന്‍ വയ്യ. നിശാ ക്ലിബ്ബുകളില്‍ നിന്നും വന്‍കിട ഹോട്ടല്കളിലേക്കും ഫ്ലാറ്റുകളിലേക്കും ഉന്‍മ്മാദ ലഹരിയില്‍ നീങ്ങുന്ന ഒരു കാഴ്ചതന്നെ കാണാം. നിശാക്ലുബ്ബുകള്‍ക്ക് പുറത്ത് വിലപേശലുകള്‍ ഭംഗിയായി നടക്കുന്നുണ്ടാകും.

ജോലി തേടി വിദേശത്ത് എത്തിയ ചില സ്ത്രീകള്‍ പാര്‍ട്ട്‌ ടൈം ജോലിയായും ശരീരത്തെ വില്‍ക്കുന്നു, സമ്പത്തിനോടുള്ള ആര്‍ത്തി അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോളുള്ള ചില തീരുമാനങ്ങള്‍, മനപ്പൂര്‍വ്വമല്ലാതെ പെട്ടുപോയ ഒരുപാട് ജീവിതങ്ങള്‍ ഇവിടെയുണ്ട്. പണം സമ്പാതിക്കുവാനുള്ള ഏറ്റവും സുഖകരമായ മാര്‍ഗ്ഗം.

ഇവിടെ സാക്ഷരതയുടെ ഈറ്റില്ലമായ കേരളക്കരയില്‍നിന്നും ചേക്കേറിയ കുറേ അധികം മാംസപിണ്ടങ്ങളും അന്തിയുറങ്ങുന്നു.. സഹോദരിയുടെ മാനം ഒരു സഹോദരന്‍റെ ഉത്തരവാദിത്തം ആണെന്ന് നെഞ്ചില്‍ വാശിയുള്ള ജനത നമ്മുടെ സഹോദരങ്ങള്‍ പാകിസ്ഥാനികളുടെയും വിയര്‍പ്പില്‍ പങ്കാളികളാകുന്നത് അനുവതിക്കാന്‍ പാടുണ്ടോ?