2015 ജനുവരി 30, വെള്ളിയാഴ്‌ച

ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍

പലരും പല മാര്‍ഗ്ഗങ്ങളാണു സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്,

വടക്കേഇന്ത്യയിലെ ജീവിതകാലഘട്ടങ്ങളുടെ പുസ്തകത്താളുകള്‍ അടച്ചുവച്ച് 2007ല്‍ വീണ്ടും കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വലിയ കോട്ടതീര്‍ത്തിരുന്നു.

വിദേശത്ത് ഒരുജോലി അന്നൊക്കെ ഒരു സ്വപ്നമായിരുന്നു, സ്വപ്നംസാക്ഷാത്കരിക്കുന്നത് വരെ കൊല്ലത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്കുകയറി അവിടെവച്ച് ചുരുക്കം ചില സൌഹൃദങ്ങള്‍ ലഭിച്ചു അവരില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശി ധനേഷ്, വളരെ വ്യതസ്തനായ ഒരു സുഹൃത്ത്, സൌഹൃദങ്ങള്‍ക്ക് നല്ലവില കല്പിച്ചിരുന്ന ഒരു യുവാവ്.

ധനേഷിന് അന്നൊരു പ്രണയമുണ്ടായിരുന്നു അന്ന്, ഞങ്ങള്‍ സുഹൃത്തുക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിക്ക് പിടിച്ചപ്രണയം, അവളെക്കുറിച്ച്  എന്തെങ്കിലും പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ആത്മാര്‍ഥമായി സ്നേഹിച്ച രണ്ട് മനസ്സുകളെ അവിടെ ഞാന്‍ കണ്ടു.

ചിലദിവസങ്ങളായി അവന്‍ വളരെ ദുഖിതനായികണ്ടു, അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും പത്തനാപുരത്തിനു പോകുകയായിരുന്നു എന്‍റെ വണ്ടി ചന്ദനത്തോപ്പ് എത്തിയപ്പോള്‍ ധനേഷ് വണ്ടിക്കു കൈകാണിച്ചു എന്നോട് കാര്യങ്ങള്‍ തിരക്കിയശേഷം അവനും കൂടെവരുന്നെന്നു പറഞ്ഞു, ഞങ്ങള്‍ ഒരുമിച്ച് പൊയ് തിരികെ വരുമ്പോള്‍ അവന് വണ്ടി ഓടിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അങ്ങനെ അവന്‍ വണ്ടി ഓടിച്ച് കൊട്ടാരക്കര എത്തിയപ്പോള്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, പൊറോട്ടയും ബീഫ്‌ ഫ്രൈ യും വയറുനിറയെ കഴിച്ച ശേഷം, ചന്ദനത്തോപ്പില്‍ ഇറങ്ങി അവന്‍ വീട്ടിലേക്ക് പോയി,

പിറ്റേദിവസം ശനിയാഴ്ച അവന്‍ ജോലിക്കുവന്നില്ല, അന്ന് വൈകുന്നേരം ഞാന്‍ പത്തനംതിട്ടയ്ക്ക് വണ്ടികയറി, വീട്ടില്‍ എത്തുമ്പോളെക്കും എന്‍റെ ഫോണില്‍ ധനേഷിന്‍റെ മരണവാര്‍ത്തയാണ് എത്തുന്നത്‌, ശ്വാസം നിലച്ചുപോയ ചിലനിമിഷങ്ങള്‍, ആ രാത്രിതന്നെ ഞാന്‍ തിരികെ കൊല്ലത്തെക്കുപോയി, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യചെയ്ത സുഹൃത്തിന്‍റെ ചലനമറ്റ ശരീരം ഇന്നും മായാതെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിക്കിടക്കുന്നു. ഏറിയാല്‍ 22 വയസ്സുണ്ടായിരുന്ന ആ ശരീരം മണ്ണോടു ചേര്‍ന്നു.

പിന്നീടു പലപ്പോളും ചന്ദനത്തോപ്പിലൂടെ വണ്ടിയില്‍ വരുമ്പോള്‍ ധനേഷിന്റെ മുഖം മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നു വരാറുണ്ടായിരുന്നു.

ഓര്‍മ്മകള്‍ സര്‍ക്കാര്‍ ഓഫീസിലെ ഫയലുകള്‍ പോലെയാണ് മനുഷ്യന്‍റെ മനസ്സില്‍ വാരിയിട്ടിരിക്കുന്നത്, ചിലത് നാടകളില്‍ കുടുങ്ങിക്കിടക്കുന്നു, മറ്റു ചിലത് പകുതി കീറിയും ചിതലരിച്ചും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാതെ..

2014 ഒക്‌ടോബർ 12, ഞായറാഴ്‌ച

പ്രതീക്ഷ

കുത്തിയൊലിച്ച മണ്ണിനിടയിലൂടെ നഗ്നപാദയായി അവൾ നടന്നു നീങ്ങി അവളുടെ കണ്ണുകളിലെ  പ്രതീക്ഷയുടെ തീനാളം അണഞ്ഞിരുന്നില്ല, താൻ നെഞ്ചോട്ചേർത്ത് ഉറങ്ങാറുള്ള ആ പാവക്കുട്ടിക്കുവേണ്ടി കടൽ എടുത്ത തന്റെയും അയൽവാസികളുടെയും കുടിലുകൾക്കിടയിലൂടെ പിഞ്ചു പാദങ്ങൾ പിച്ചവച് അവൾ നടക്കുമ്പോൾ,  ഇലകിയൊലിച്ച മണ്ണിനിടയിൽ ആ ഗ്രാമം ഒന്നടങ്കം തിരയുന്നുണ്ടായിരുന്നു തങ്ങളുടെ പ്രീയപ്പെട്ടവരുടെ ജീവൻ തുടിക്കുന്ന ശരീരങ്ങൾക്കായി..

2014 ജൂൺ 12, വ്യാഴാഴ്‌ച

പുലരി

ഇരുളിൻറെ നിഴൽക്കൂത്ത്കളിലൂടെ  ഭയമില്ലാതെ അവളുടെകയ്യുംപിടിച്ച് ദൂരെ പുലരിയിലേക്ക് ഓടി അടുക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകളായിരുന്നു, പുലരിയുടെ ഇളംചൂട്‌കലര്ന്ന പ്രതീക്ഷകൾ.

ഓടി തളർന്ന് പ്രതീക്ഷയുടെ കടലോരത്ത് ദൂരേക്ക്‌ കണ്ണുംനട്ട് ഞങ്ങൾ ഇരുന്നു, സുന്ദര സ്വപ്നങ്ങളുടെ മന്ദമാരുതൻ മുടിയിഴകളെ തഴുകി കടന്നുപോയി..

ദൂരെ കടലിൽനിന്നും ഉദയ കിരണങ്ങൾ കണ്ണുകളിൽ എത്തുംമുൻപേ അവൾ തിരിഞ്ഞു നടന്നപ്പോൾ എൻറെ കണ്ണുകൾക്കും അവള്ക്കും ഇടയിൽ ഇരുൾ വീണ്ടും മൂടുപടം തീർത്തു.

അവൾ മറ്റേതോ പുലരിയിൽ ചേക്കേറി...

2014 മേയ് 7, ബുധനാഴ്‌ച

നന്മയുടെ ഇത്തിരി ലഹരി

എനിക്കുവേണ്ടത്‌ ഒരുകുടം കള്ളാണ്, മായം ചേരാത്ത ഒരുകുടം കള്ള്, എന്‍റെ ഈ നീണ്ട മീശക്കിടയിലൂടെ പൊടിഅരിച്ചുകുടിക്കണം പിന്നെ നീട്ടി ഒരു ഏമ്പൊക്കവും വിട്ടു വീര്‍ത്തകുംഭയുമായി നെഞ്ചുവിരിച്ചു നടക്കണം ചെളിയും കുണ്ടും ചള്ളക്കുഴിയും നിറഞ്ഞ ഈ സമൂഹത്തിന്റെ നെഞ്ചിലൂടെ..

കള്ളത്തരത്തിന്റെയും ദുഷ്പ്രവര്‍ത്തികളുടെയും ചെളിക്കുണ്ട് ഈ സമൂഹത്തിനു നെഞ്ചേറ്റാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നന്മയുടെ ഇത്തിരി ലഹരി നുണഞ്ഞുകൂടാ?......

2014 മാർച്ച് 2, ഞായറാഴ്‌ച

സഹോദരി


മുഖത്ത് ചായം പൂശി ചുവന്ന തെരുവിലും കാമാത്തിപുരയിലുമൊക്കെ സ്വന്തം മാംസം  വില്‍ക്കുവാന്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്ക് കെട്ടും ചിലര്‍ക്കൊക്കെ കണ്ടും കൊണ്ടും പരിചയമുണ്ടാകാം, എന്നാല്‍ ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ദുബായ് നഗരത്തിന്‍റെ നെഞ്ചില്‍ മാംസം വിറ്റു ജീവിക്കുന്ന കുറേ ജീവനുള്ള ശവങ്ങളെ കണ്ടുകിട്ടും.

ഭാരതം എന്‍റെ നാടാണ് എല്ലാഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മ്മാരാണെന്ന് ഹൃദയത്തില്‍ തട്ടി ഏറ്റുചൊല്ലിയിട്ടുള്ളവര്‍ക്ക് സഹോദരന്റെ കണ്ണുകളിലൂടെ മാത്രം ദര്‍ശിക്കാനാകുന്ന കുറേ മാംസപിണ്ടങ്ങളും ഇവിടെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു. ആരും ചിന്തിക്കാത്ത ഈ മേഖലയില്‍ ഉള്ളവരെക്കുറിച്ച് ഒന്ന് മനസ്സിലാക്കുവാന്‍ മനസ്സില്‍ തോന്നി.

ഇതൊരു വമ്പന്‍ നെറ്റ്‌വര്‍ക്കാണ് ഇവിടെത്തന്നെ പലതട്ടില്‍ ഉള്ള ആളുകളുണ്ട്, ഇന്റര്‍നെറ്റ്‌ തുടങ്ങി വിസിറ്റിംഗ് കാര്‍ഡ്കള്‍ വരെ അടിച്ചിറക്കി മാര്‍ക്കെടിംഗ് നടത്തുന്ന വന്‍കിട മാംസക്കച്ചവടക്കാരും, കുട്ടി എജെന്റ്കളെ(മാമാമാര്‍) ഇറക്കി ഇറച്ചിക്കച്ചവടം നടത്തുന്നവരും, ഇരുട്ടിനു മറഞ്ഞുനിന്നു കണ്ണ് കാണിച്ച് കസ്റ്റമേഴ്സ് ഉണ്ടാക്കിയെടുക്കുന്ന കറുമ്പിച്ചികളും എന്ന് വേണ്ട എല്ലാവിധ വിഭാഗങ്ങളും ഇവിടെയുണ്ട്, എന്നുവച്ച് ദുബായ് മുഴുവന്‍ ഇങ്ങനെയാനെന്നല്ല അതിനൊക്കെ ചില സ്ഥലങ്ങള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

നിശാക്ലബ്ബുകള്‍ ഒരു ബിസിനസ് ഡീലിംഗ് സെന്‍ററാണ് വമ്പന്‍ മുതലാളിമാര്‍ക്ക് ഉല്ലസിക്കാനും ഇഷ്ടപ്പെട്ട മുതല്‍ കരസ്ഥമാക്കാനും ഉള്ള ഒരു സ്ഥാപനം, നമ്മുടെ നാട്ടില്‍നിന്നും കയറി വരുന്ന മുതലാളിമാരില്‍ ചെറിയൊരു പങ്ക് ഈ വഴികളിലൂടെയൊക്കെ കറങ്ങുന്നില്ല എന്ന് ഉറപ്പിക്കാന്‍ വയ്യ. നിശാ ക്ലിബ്ബുകളില്‍ നിന്നും വന്‍കിട ഹോട്ടല്കളിലേക്കും ഫ്ലാറ്റുകളിലേക്കും ഉന്‍മ്മാദ ലഹരിയില്‍ നീങ്ങുന്ന ഒരു കാഴ്ചതന്നെ കാണാം. നിശാക്ലുബ്ബുകള്‍ക്ക് പുറത്ത് വിലപേശലുകള്‍ ഭംഗിയായി നടക്കുന്നുണ്ടാകും.

ജോലി തേടി വിദേശത്ത് എത്തിയ ചില സ്ത്രീകള്‍ പാര്‍ട്ട്‌ ടൈം ജോലിയായും ശരീരത്തെ വില്‍ക്കുന്നു, സമ്പത്തിനോടുള്ള ആര്‍ത്തി അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോളുള്ള ചില തീരുമാനങ്ങള്‍, മനപ്പൂര്‍വ്വമല്ലാതെ പെട്ടുപോയ ഒരുപാട് ജീവിതങ്ങള്‍ ഇവിടെയുണ്ട്. പണം സമ്പാതിക്കുവാനുള്ള ഏറ്റവും സുഖകരമായ മാര്‍ഗ്ഗം.

ഇവിടെ സാക്ഷരതയുടെ ഈറ്റില്ലമായ കേരളക്കരയില്‍നിന്നും ചേക്കേറിയ കുറേ അധികം മാംസപിണ്ടങ്ങളും അന്തിയുറങ്ങുന്നു.. സഹോദരിയുടെ മാനം ഒരു സഹോദരന്‍റെ ഉത്തരവാദിത്തം ആണെന്ന് നെഞ്ചില്‍ വാശിയുള്ള ജനത നമ്മുടെ സഹോദരങ്ങള്‍ പാകിസ്ഥാനികളുടെയും വിയര്‍പ്പില്‍ പങ്കാളികളാകുന്നത് അനുവതിക്കാന്‍ പാടുണ്ടോ?

2014 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഇരുളിന്റെ നിഴല്‍ക്കൂത്ത്



ഇരുട്ടുപടര്‍ന്നു തുടങ്ങിയിരുന്നു, വലതുതോളില്‍ ജീര്‍ണിച്ച ഒരു ഭാണ്ടവും ഇടതു തോളില്‍ പ്രീയതമയുടെ ചേതനയറ്റ ശരീരവുമായി  ഗവര്‍ന്മെന്റ് ആശുപത്രിയുടെ വരാന്തയില്‍നിന്നും ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് തകര്‍ന്നുവീണിരുന്നു.

ഇന്നലെവരെയുള്ള വഴിയാത്രയില്‍ കിതച്ചുനിന്നപ്പോളൊക്കെ ഒരു കൈത്താങ്ങായി അവള്‍ കൂടെയുണ്ടായിരുന്നു, ഇനി എങ്ങോട്ട്? ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ പ്രിയതമയുടെ മണ്കൂടാരവും തോളിലിട്ട്‌ എത്രദൂരം? മക്കള്‍ ഇല്ലാഞ്ഞിട്ടാണോ അല്ല, നാലുപെരുണ്ട് പക്ഷെ സമ്പത്ത് ബന്ധങ്ങളില്‍ നിഴല്‍പടര്‍ത്തിയപ്പോള്‍ മാതാപിതാക്കള്‍ പുറത്തായി.

ഇരുളിന്റെ  നിഴല്‍ക്കൂത്ത് മനസ്സില്‍ നൃത്തംചവിട്ടി തുടങ്ങിയപ്പോളെക്കും  ആരോക്കെയോ അയാളുടെ അടുത്ത് കൂടിയിരുന്നു, അപരിചിതരുടെ കരുതലില്‍ ഭാര്യയുടെ ശരീരം പോതുശ്മശാനത്തില്‍ മറവു ചെയ്യുമ്പോള്‍ കണ്ണുനീര്‍ അയാളുടെ കാല്‍പാദങ്ങളെ നനച്ചുതുടങ്ങിയിരുന്നു.  ഇടറിയ മനസ്സുമായ് പടിയിറങ്ങുമ്പോള്‍ നാളെയുടെ സൂര്യനിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

പ്രതീക്ഷ അസ്തമിച്ച കണ്ണുകളുമായി ദൂരെ ശ്മശാനവാതിലിലെ വെളിച്ചത്തിലേക് നോക്കി ഇരുന്നപ്പോള്‍, ഓര്‍മ്മകള്‍ യുവത്വത്തിലേക്ക് തിരികെ ഊളിയിട്ടു, പ്രണയകാലം മുതല്‍ ഇങ്ങോട്ട് താളുകള്‍ മറിഞ്ഞു, മക്കള്‍ വീടിന്റെ പടിയടച്ച താളുകളിലൂടെ കടന്നപ്പോളെക്കും, ഉറക്കം ആ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു, ഭാരമേറിയ കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു.  

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഒരു പ്രണയമുണ്ടായിരുന്നു

ഒരു പ്രണയമുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളില്‍, സ്വര്‍ണ്ണത്താലത്തില്‍ ചില്ലുകൂടിട്ട് അടച്ചുവച്ച പ്രണയം. പള്ളിക്കൂടത്തിന്റെ നീണ്ടവരാന്തയില്‍ ചമ്രം പടഞ്ഞിരുന്ന്‍ പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കോരിക്കുടിക്കുംപോള്‍ ഏറുകണ്ണിട്ട് നോക്കാറുണ്ടായിരുന്നു ആ വട്ടമുഖക്കാരിയെ, രണ്ടായിപിന്നിയിട്ട മുടിയും നെറ്റിയിലെ ചന്ദനക്കുറിയും എല്ലാം ഉള്ളിന്റെഉള്ളില്‍ ഒരു നനവ്‌ പടര്‍ത്തിയിരുന്നു പ്രണയത്തിന്റെ അതി തീവ്രമായ ഒരു നനവ്.

കൈത്തണ്ടയില്‍ എന്റെ പേര് ഒരിക്കല്‍ അവള്‍ എഴുതിവച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ എന്നെ അസൂയയോടെ നോക്കി. പെരുമഴയത്ത് ഒരു കുടക്കീഴില്‍ എന്നെ മുറുക്കെ പിടിച്ച് അവള്‍ നടക്കുമ്പോള്‍ ആ മുഖത്ത് കൊടുമുടി കീഴടക്കിയവളുടെ സന്തോഷം നിഴലിച്ചിരുന്നു. സ്കൂള്‍ വരാന്തയിലെ ഓടിന്റെ ഇടയിലൂടെ നൂലുപാകി ഒഴുകിവീണ മഴത്തുള്ളികളെ നോക്കി ഹൃദയം കൈമാറിയ ആ കൊച്ചു ദിനങ്ങള്‍..

കണ്പോളകളില്‍ അവളുടെ ചിത്രം അലിഞ്ഞു ചേര്‍ന്നിരുന്നു, ഉറക്കത്തിലെ ചിരിയും വര്‍ത്തമാനവും വീട്ടുകാര്‍ക്കും തെല്ല് പരിഭവം ഉണര്‍തിയിട്ടുണ്ടാവണം. ഒരുപാട് പൂക്കാലങ്ങള്‍ വന്നു മറഞ്ഞിട്ടും ഞങ്ങളുടെ പ്രണയം മരവിചിരുന്നില്ല, ആ നാട്ടിലെ കുഞ്ഞു കുട്ടികള്‍ മുതല്‍ പടുകിളവന്മ്മാര്‍ പോലും അസൂയാലുക്കളായി മാറിയ പ്രണയം.

കാലം അണപൊട്ടി ഒഴുകിയപ്പോളും, സമൂഹം വലിയ മതില്‍ക്കെട്ടുകളായി പ്രതിസന്ധി തീര്‍ത്തപ്പോളും ചങ്കുറപ്പോടെ നിന്ന അവളെ കൈവിടാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, അതിനു കഴിയുമായിരുന്നില്ല. ജീവനും മരണവും അവളുമാത്രമാണെന്ന് മനസ്സില്‍ ഉറപ്പിച്ച കാലം. യുവത്വത്തിന്റെ ചുടു രക്തം സിരകളില്‍ തിളച്ചുമറിഞ്ഞ ആ കാലം.

സ്വര്‍ണ്ണതാലത്തിലെ ചില്ലുകൂട്ടില്‍ ഞാന്‍ സൂക്ഷിച്ച പ്രണയത്തെ കല്ലുകീറിഅടുക്കിയ കുഴിമാടതിലേക് വലിച്ചെറിഞ്ഞിട്ട് അവള്‍ മറ്റൊരാളുടെ കൈപിടിച് നടന്നപ്പോള്‍ പണ്ട് പ്ലാവിലകുമ്പിളില്‍ കോരിക്കുടിച്ച കഞ്ഞിപോലും തികട്ടി വന്നുപോയി...